പുസ്തകപ്രകാശനം തടയില്ല; പ്രതിഷേധം തുടരുമെന്ന് ശിവസേന
text_fieldsമുംബൈ: പാക് മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ശിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശനത്തോടുള്ള പ്രതിഷേധം തുടരുമെന്നും എന്നാല്‍ ചടങ്ങ് തടയില്ലെന്നും ശിവസേന. പരിപാടിയുടെ സംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിക്കു നേരെ ശിവസേന പ്രവര്‍ത്തകര്‍ കരിഓയിലൊഴിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ശിവസേന നിലപാടില്‍ അയവു വരുത്തിയത്. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഇടപെടുകയായിരുന്നു. കൂടാതെ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ സേനയുടെ നടപടിക്കെതിരെ രംഗത്തു വരികയും ചെയ്തു.
ഇന്ന് രാവിലെ 9 മണിയോടെയാണ് സംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയെ അദ്ദേഹത്തിന്റെ വീടിനു പുറത്ത് വെച്ച് ശിവസേന പ്രവര്‍ത്തകര്‍ കരി ഓയിലൊഴിച്ചത്. പാക് മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങ് റദ്ദാക്കണമെന്ന ശിവസേനയുടെ ആവശ്യം തള്ളിയതിനാണ് അദ്ദേഹത്തിനു നേരെ ആക്രമണമുണ്ടായത്.
എന്നാല്‍ സേനയുടെ ഭീഷണി വകവെക്കില്ലെന്നും പുസ്തക പ്രകാശന ചടങ്ങുമായി മുന്നോട്ട് പോകുമെന്നും കുല്‍ക്കര്‍ണി വ്യക്തമാക്കിയിരുന്നു. കരിഓയില്‍ പുരണ്ട നിലയില്‍ തന്നെയാണ് കസൂരിക്കൊപ്പം കുല്‍ക്കര്‍ണി വാര്‍ത്താ സമ്മേളനത്തിനെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.