ഇന്ത്യ-ചൈന യുദ്ധത്തില്‍ നെഹ്റു യു.എസ് സഹായം തേടിയെന്ന് വെളിപ്പെടുത്തല്‍
text_fieldsന്യൂഡല്‍ഹി: 1962ലെ യുദ്ധത്തില്‍ ചൈനയെ തോല്‍പിക്കുന്നതിന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു യു.എസ് സഹായം തേടിയെന്ന് വെളിപ്പെടുത്തല്‍. ചൈനയെ നേരിടാന്‍ ഇന്ത്യക്ക് പോര്‍വിമാനങ്ങള്‍ നല്‍കാനാവശ്യപ്പെട്ട് അന്നത്തെ യു.എസ് പ്രസിഡന്‍റ് ജോണ്‍ എഫ്. കെന്നഡിക്ക് നെഹ്റു കത്തെഴുതിയതായാണ് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥനായ ബ്രൂസ് റീഡല്‍ തന്‍െറ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത്. മൂന്നാംലോകത്തിന്‍െറ നേതാവായി ഉയര്‍ന്നുവരികയായിരുന്ന നെഹ്റുവിനെ അപമാനിക്കാനാണ് 1962ല്‍ മാവോ സേ തൂങ് ഇന്ത്യയെ ആക്രമിച്ചതെന്നും ‘ജെ.എഫ്.കെ’സ് ഫോര്‍ഗോട്ടന്‍ ക്രൈസിസ്: തിബത്ത്, ദ സി.ഐ.എ ആന്‍ഡ് ദ സിനോ ഇന്ത്യന്‍ വാര്‍’ എന്ന പുസ്തകത്തില്‍ പറയുന്നു.
മാവോ സേ തൂങ്ങിന്‍െറ പ്രധാന ഉന്നം നെഹ്റുവായിരുന്നുവെങ്കിലും ഇന്ത്യയുടെ തോല്‍വി മാവോയുടെ ശത്രുക്കളായ നികിത ക്രൂഷ്ചേവിനും കെന്നഡിക്കും തിരിച്ചടിയാകുമെന്നും കണക്കുകൂട്ടി. വ്യോമ ഗതാഗതസംവിധാനങ്ങളും പോര്‍വിമാനങ്ങളുമുള്‍പ്പെടെ ആവശ്യപ്പെട്ടെഴുതിയ ആദ്യ കത്തിനുപിന്നാലെ യു.എസില്‍നിന്നും സഖ്യകക്ഷികളില്‍നിന്നും കൂടുതല്‍ സഹായമാവശ്യപ്പെട്ട് വീണ്ടും എഴുതി. യു.എസിലെ അന്നത്തെ ഇന്ത്യന്‍ അംബാസഡറായ ബി.കെ. നെഹ്റു വഴി കെന്നഡിക്ക് കത്ത് കൈമാറുകയാണുണ്ടായത്. വ്യോമയുദ്ധത്തില്‍ സഹകരിക്കാനാവശ്യപ്പെടുന്നതുവഴി ചൈനയുമായുള്ള യുദ്ധത്തില്‍ പങ്കാളിത്തമാണ് നെഹ്റു യു.എസിനോടാവശ്യപ്പെട്ടത്. ഇന്ത്യയിലെ അന്നത്തെ യു.എസ് അംബാസഡര്‍ കത്തിനെക്കുറിച്ച് ടെലിഗ്രാം വഴി ആദ്യം വിവരം നല്‍കുകയും ചെയ്തു.
ആയുധങ്ങള്‍ പാകിസ്താനെതിരെ ഉപയോഗിക്കില്ളെന്നും ചൈനക്കെതിരെ പ്രതിരോധത്തിനുമാത്രമേ ഉപയോഗിക്കൂവെന്നും നെഹ്റു കത്തില്‍ ഉറപ്പുനല്‍കുകയും ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും നെഹ്ുറവില്‍നിന്ന് സമാനരീതിയിലുള്ള കത്ത് ലഭിച്ചതായും റീഡല്‍ പുസ്തകത്തില്‍ പറയുന്നു. എന്നാല്‍, യു.എസിന് നടപടിയെടുക്കാനാകുംമുമ്പേ ചൈന ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ചു. അല്ളെങ്കില്‍ അമേരിക്കയും ബ്രിട്ടനും ചൈനക്കെതിരായ യുദ്ധത്തില്‍ ഇന്ത്യയോടൊപ്പം അണിചേര്‍ന്നേനെയെന്ന് റീഡല്‍ പറയുന്നു. ഇന്ത്യക്കെതിരായ പാകിസ്താന്‍െറ ആക്രമണത്തിലും കെന്നഡി തന്ത്രപ്രധാനമായ പങ്കുവഹിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. പുസ്തകം നവംബര്‍ ആദ്യവാരം ഒൗദ്യോഗികമായി പ്രസിദ്ധീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.