ദാദ്രി സംഭവം: കുറ്റക്കാരെ ശിക്ഷിക്കണം -അമിത് ഷാ
text_fieldsന്യൂഡല്‍ഹി: ബീഫ് കഴിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ മുസ്ലിമിനെ അടിച്ചുകൊന്ന നടപടി തെറ്റാണെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കണമെന്നും ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ. ഈ കൃത്യം ചെയ്തവര്‍ ആരായാലും അത് തെറ്റ് തന്നെയാണ്. അവരെ അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യണമെന്ന് അമിത് ഷാ ഇന്ത്യ ടു ഡേ ന്യൂസ് ചാനലിനോട് പറഞ്ഞു.
എന്നാല്‍, ബി.ജെ.പിക്കും നരേന്ദ്ര മോദി സര്‍ക്കാരിനും ഇതില്‍ ഒന്നും ചെയ്യാനില്ല. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്‍െറ പരിധിയില്‍ പെടുന്നതാണ്. യു.പിയിലെ സമാജ്വാദി സര്‍ക്കാറാണ് ഇതിന് ഉത്തരം പറയേണ്ടതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. പ്രകോപനം ഉണ്ടാകാനിടയുണ്ടായിട്ടും എന്തുകൊണ്ട് ബി.ജെ.പി നേതാക്കള്‍ ദാദ്രി സന്ദര്‍ശിച്ചുവെന്ന് ചോദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയാണ് അവിടെ ആദ്യം പോയതെന്ന് അമിത് ഷാ പറഞ്ഞു. രാഹുലിന് ശേഷം അസദുദ്ദീന്‍ ഉവൈസിയും അരവിന്ദ് കെജ്രിവാളും ദാദ്രി സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രി മഹേഷ് ശര്‍മ സന്ദര്‍ശിച്ചത് സ്ഥലം എം.പി എന്ന നിലക്കാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, മുസഫര്‍നഗര്‍ കലാപത്തില്‍ പങ്കുണ്ടെന്ന ആരോപണം നേരിടുന്ന സംഗീത് സോം ദാദ്രി സന്ദര്‍ശിച്ചത് ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. സുധീന്ദ്ര കുല്‍ക്കര്‍ണിക്കെതിരെ ശിവസേന നടത്തിയ കരി ഓയില്‍ ആക്രമണത്തെ ബി.ജെ.പിയോ മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാരോ പിന്തുണച്ചിട്ടില്ല. തുടക്കം മുതല്‍ പാകിസ്താന് വിരുദ്ധ നിലപാടാണ് ശിവസേന സ്വീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാണെങ്കിലും ഞങ്ങളതിനെ പിന്തുണച്ചിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ബീഫ് കഴിച്ചുവെന്നാരോപിച്ച് ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ കഴിഞ്ഞ മാസം 28നാണ് അഖ് ലാഖ് എന്ന 55കാരനെ ജനക്കൂട്ടം അടിച്ചുകൊല്ലുകയും മകനെ ആക്രമിക്കുകയും ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.