ഡല്‍ഹിയിലെ സ്ത്രീസുരക്ഷ: മന്ത്രിതല സമിതിക്ക് രൂപം നല്‍കുമെന്ന് കെജ് രിവാള്‍
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്ത്രീസുരക്ഷക്കായി നടപടികള്‍ സ്വീകരിക്കുന്നതിന് എ.എ.പി സര്‍ക്കാറിന് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കുള്ള നിയമനടപടി വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഇതിനായി മന്ത്രിതല സമിതി രൂപീകരിക്കുമെന്നും കെജ് രിവാള്‍ ഡല്‍ഹിയില്‍ അറിയിച്ചു. കഴിഞ്ഞദിവസം പിഞ്ചുപെണ്‍കുഞ്ഞുങ്ങള്‍ പീഡനത്തിനിരയായതിന്െറ പശ്ചാത്തലത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ആയിരിക്കും മന്ത്രിതല സമിതിയുടെ അധ്യക്ഷന്‍. നിശ്ചിത സമയത്തിനുള്ളില്‍ കേസുകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിതല സമിതി തീരുമാനമെടുക്കും. നിലവില്‍ രാജ്യതലസ്ഥാനത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന പീഡനകേസുകളുടെ ലിസ്റ്റ് ഇവര്‍ തയാറാക്കും. ഇത്തരം നീചമായ കുറ്റകൃത്യങ്ങളില്‍ പെടുന്നവരുടെ ജുവനൈല്‍ പ്രായപരിധി 15 ആക്കുന്നത് സമിതി പരിശോധിക്കും. ഇക്കാര്യം ചീഫ് ജസ്റ്റിസിനെ അറിയിക്കുമെന്നും ഫാസ്റ്റ് ട്രാക്ക് കോടതികളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പണം ചെലവാക്കാന്‍ തയാറാണെന്ന് സുപ്രീംകോടതിയെ ബോധിപ്പിക്കുമെന്നും കെജ് രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പൊലീസ് സ്റ്റേഷന് രൂപീകരിക്കുന്നത് സംബന്ധിച്ച സാധ്യതകളും പരിശോധിക്കും. പീഡനകേസുകളില്‍ ഫോറന്‍സിക് ലാബുകളിലെ പരിശോധന വേഗമാക്കാക്കാനും നിര്‍ദേശം നല്‍കുമെന്നും കെജ് രിവാള്‍ പറഞ്ഞു. ഡല്‍ഹി പൊലീസിനെയും കെജ് രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. നീച കുറ്റകൃത്യങ്ങള്‍ ചെയ്താലും രക്ഷപ്പെടാന്‍ കഴിയുമെന്ന തോന്നലാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള ഒരു കാരണമെന്ന് കെജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.