പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം 100ാം ദിവസത്തിലേക്ക് കടന്നു
text_fieldsമുംബൈ: പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന വിദ്യാര്‍ഥി സമരം ശനിയാഴ്ച 100ാം ദിവസത്തിലേക്ക് കടന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനത്തുനിന്നും ഗജേന്ദ്ര ചൗഹാനെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ നിരാഹാര സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. സമരക്കാരുമായി ഉപാധികളില്ലാതെ ചര്‍ച്ചക്ക് തയാറാണെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഗജേന്ദ്ര ചൗഹാനെ ചെയര്മാന് സ്ഥാനത്തുനിന്നും മാറ്റണമെന്നതിനു പുറമെ പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തരുതെന്നുമാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവെക്കുന്നത്. സമരം തുടങ്ങിയ ശേഷം മൂന്നു തവണ സര്‍ക്കാര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. എന്നാല്‍ മൂന്നും പരാജയമായിരുന്നു. ഉപാധികളില്ലാത്ത ചര്‍ച്ച വേണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം.
ഉപാധികളില്ലാത്ത ചര്‍ച്ചയെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാറിന് 98 ദിവസം വേണ്ടിവന്നു. കഴിഞ്ഞദിവസമാണ് ചര്‍ച്ചക്ക് തയാറാണെന്നറിയിച്ച് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം കത്തയച്ചത്. വിദ്യാര്‍ഥികള്‍ തങ്ങളുടെ നിലപാട് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ സ്വീകരിച്ചിരിക്കുന്ന അവസാനത്തെ സമരമാര്‍ഗമാണ് നിരാഹാരം. കഴിഞ്ഞ ഒമ്പതുദിവസമായി മൂന്ന് വിദ്യാര്‍ഥികളാണ് നിരാഹാരമിരിക്കുന്നത്. ഇതുവരെ ഒരു ഉദ്യോഗസ്ഥന് പോലും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നും നിരാഹാരമിരിക്കുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചിട്ടില്ല.
ജൂലൈ 25നാണ് അവസാനമായി വിദ്യാര്‍ഥികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. മന്ത്രി അരുണ്‍ ജെയ്റ്റ് ലിയായിരുന്നു ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ ഉപാധികള്‍ മുന്നോട്ടുവെച്ചതോടെ ചര്‍ച്ച ഫലം കാണാതെ പിരിയുകയായിരുന്നു. ഭരണ നിര്‍വഹണം ചൗഹാനെ ഏല്പിച്ച് രാജ്കുമാര് ഹിരാനിയെ അക്കാദമിക് തലവനാക്കാമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം. ഇക്കാര്യം തന്നെയാണ് അടുത്ത തവണയും ഉന്നയിക്കുന്നതെങ്കില്‍ ചര്‍ച്ചക്ക് താത്പര്യമില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.