നേതാജി 1948ല്‍ ചൈനയില്‍ ജീവിച്ചിരുന്നുവെന്ന് രേഖകള്‍
text_fieldsകൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് 1948ല്‍ ചൈനയിലെ മഞ്ചൂറിയയില്‍ ജീവിച്ചിരുന്നുവെന്ന് നേതാജിയുടെ അടുത്ത വിശ്വസ്തനും ഇന്ത്യന്‍ നാഷനല്‍ ആര്‍മി (ഐ.എന്‍.എ) മുന്‍ അംഗവുമായ ദേബ് നാഥ് ദാസ് അവകാശപ്പെട്ടിരുന്നതായി രേഖകള്‍. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. 1948 ആഗസ്റ്റ് ഒമ്പതിനാണ് പ്രസ്തുത രേഖ എഴുതിയിട്ടുള്ളത്.
ചൈനയിലെ മഞ്ചൂറിയയില്‍ എവിടെയോ നേതാജി ജീവിച്ചിരുപ്പുണ്ടെന്ന വിവരം പ്രസംഗത്തിലൂടെയാണ് ദേബ് നാഥ് രാജ്യത്തെ പൗരന്മാരെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അറിയിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന് പിന്നാലെ ഇനിയൊരു ലോക മഹായുദ്ധം കൂടി ഉണ്ടാകാന്‍ സാധ്യതയുള്ളതായി തിരോധാനത്തിന് മുമ്പ് നേതാജി തന്നോട് പറഞ്ഞതായും ദേബ് നാഥ് വ്യക്തമാക്കുന്നുണ്ട്.
1948ല്‍ ദേശീയ^അന്തര്‍ ദേശീയ സാഹചര്യങ്ങളെ വളരെ കൃത്യമായി നേതാജി നിരീക്ഷിച്ചിരുന്നു. ഏതൊക്കെ വിദേശ രാജ്യമാണ് ഇന്ത്യയുടെ മിത്രമെന്നും ശത്രുവെന്നും അദ്ദേഹം മനസിലാക്കിയിരുന്നുവെന്നും ദേബ് നാഥ് പറഞ്ഞതായി രേഖകള്‍ വിശദമാക്കുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട 64 രഹസ്യ രേഖകള്‍ വെള്ളിയാഴ്ചയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.