തമിഴ്നാട്ടിൽ ട്രെയിനിൽ വൻ കവർച്ച
text_fieldsചെന്നൈ: ശക്തമായ സുരക്ഷയില്‍ സേലത്തുനിന്ന് ട്രെയിന്‍മാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുവന്ന 342 കോടിയില്‍ 5.78 കോടി രൂപ വഴിമധ്യേ കൊള്ളയടിക്കപ്പെട്ടു. സേലം- ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ ഘടിപ്പിച്ച പ്രത്യേക കോച്ചിന്‍െറ മേല്‍ഭാഗം അറുത്തുമാറ്റിയാണ് പണം കവര്‍ന്നത്. അഞ്ച് ബാങ്കുകളില്‍നിന്ന് ശേഖരിച്ച പഴകിയ നോട്ടുകളും നാണയങ്ങളും റിസര്‍വ് ബാങ്കിന്‍െറ ചെന്നൈ ആസ്ഥാന ഓഫിസില്‍ എത്തിക്കാനാണ് ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നത്. നഷ്ടപ്പെട്ട പണം ഇന്ത്യന്‍ ഓവര്‍സിസ് ബാങ്കിന്‍േറതാണ്.
തിങ്കളാഴ്ച രാത്രി 10ന് സേലത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍ ചൊവ്വാഴ്ച രാവിലെ 4.40ഓടെ ചെന്നൈ എഗ്മോര്‍ സ്റ്റേഷനിലത്തെി. പണം കൊണ്ടുവന്ന മൂന്ന് കോച്ചുകളിലെ മധ്യഭാഗത്തുള്ളവയിലാണ് മോഷണം നടന്നത്. 342 കോടി രൂപ 226 പെട്ടികളിലാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ ഒരുപെട്ടിയിലെ പണം പൂര്‍ണമായും നഷ്ടപ്പെട്ടു. മറ്റൊരു പെട്ടിയിലെ പാതി പണം മോഷ്ടിക്കപ്പെട്ടു. സമീപത്തെ പെട്ടി തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിന്‍െറ തെളിവുകളുണ്ട്.
സീല്‍ ചെയ്തിരുന്ന കോച്ചുകള്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാവിലെ 11ഓടെ തുറന്നപ്പോഴാണ് മേല്‍ഭാഗം ഒരാള്‍ക്ക് ഇറങ്ങാവുന്നവിധത്തില്‍ അറുത്തുമാറ്റിയത് ശ്രദ്ധയില്‍പെട്ടത്. രണ്ട് ചതുരശ്ര അടി സമചതുരത്തിലാണ് ദ്വാരം ഉണ്ടാക്കിയത്. സേലത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍ പത്ത് സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്നു. സ്റ്റേഷന് പുറമെ സിഗ്നല്‍ കിട്ടാനായി മറ്റ് സ്ഥലങ്ങളിലും ഇടക്ക് നിര്‍ത്തിയിരുന്നതായി സൂചനയുണ്ട്. ഇതിനിടെയാകാം മോഷണം നടന്നതെന്ന് കരുതുന്നു. കോച്ചില്‍നിന്ന് വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.