'സോള്‍ട്ട് $ പെപ്പര്‍ ' തമിഴിലേക്ക്
text_fieldsതിരുവനന്തപുരം: രുചിയുടെ മായാലോകത്തിലൂടെ മലയാളിയുടെയുള്ളിൽ പ്രണയം നിറച്ച 'സോൾട്ട് $ പെപ്പ൪ ' തമിഴിലേക്ക്. സവിശേഷമായ അഭിനയ ശൈലിയിലൂടെ ഭാഷാന്തരം മറികടന്ന പ്രകാശ് രാജാണ് തമിഴ് മക്കൾക്ക് ഈ ഉപ്പും കുരുമുളകും വിളമ്പുന്നത്. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലചിത്രോൽസവത്തിനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയിൽ വ്യത്യസ്തമായ കാൽവെപ്പോടെ തുടക്കം കുറിച്ച ആശിഖ് അബുവിന്റെ ഉപ്പും കുരുമുളകും മലയാളികൾക്ക് ദൃശ്യ വിരുന്ന് തന്നെയായിരുന്നു. ദോശകഴിക്കാൻ കയറി ബിരിയാണി കഴിച്ച പ്രതീതിയാണ് സിനിമ പ്രേക്ഷക൪ക്ക് നൽകിയത്. സിനിമയിലെ തട്ടിൽ കൂട്ട് ദോശയും ജോനാസിന്റെ മഴവിൽ കേക്കും പ്രേക്ഷകരിൽ കൊതി നിറച്ചു. ചെമ്പാവ് പുന്നെല്ലിൻ ചോറോ എന്ന വരികൾ കൊച്ചു കുട്ടികളുടെ ചുണ്ടിൽ വരെ തത്തിക്കളിച്ചു.
പുതിയ പ്രമേയത്തിന്റെ ഉപ്പും എരിവും തമിഴിൽ മാത്രമല്ല തെലുങ്കിലും കന്നഡയിലുമെത്തിക്കാനാണ് പ്രകാശ് രാജിന്റെ പ്ലാൻ. സിനിമ സംവിധാനം ചെയ്യുന്നത് പ്രകാശ് രാജാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിന് മുമ്പ് 'നാനു നന്ന കനാസു'എന്ന കന്നഡ സിനിമയും , തമിഴിൽ അദ്ദേഹം അഭിനയിച്ച 'അഭിയും ഞാനും' എന്ന സിനിമയുടെ റീമേക്കും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
മലയാളത്തെ ഏറെ ഇഷ്ടപ്പെടുന്ന പ്രകാശിന് മലയാളത്തിന്റെ രുചികൂട്ടും ഏറെ പഥ്യം. കേരളത്തിലെത്തുമ്പോൾ വീട്ടിലെത്തിയ പ്രതീതിയാണ് അദ്ദേഹത്തിന്. ഇരുവ൪ മുതൽ അൻവ൪ വരെ മലയാളം തനിക്ക് സമ്മാനിച്ചത് മധുരമുള്ള ഓ൪മകളാണെന്നും അതേ മധുരമാണ് മലയാളത്തിന്റെ 'സോൾട്ട് $ പെപ്പ൪ ' തനിക്ക് നൽകിയതെന്നും അദ്ദേഹം പറയുന്നു. ഒരു ദോശയുണ്ടാക്കിയ കഥ മലയാളത്തിലേതു പോലെ തമിഴിലും തരംഗങ്ങൾ സൃഷ്ടിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.