പ്രധാനമന്ത്രിക്ക് ഇടപെടാം -സുപ്രീം കോടതി
text_fieldsന്യൂദൽഹി: മുല്ലപ്പെരിയാ൪ പ്രശ്നം കോടതിക്ക് പുറത്ത് പരിഹരിക്കുന്നതിന് ഇടപെടാൻ പ്രധാനമന്ത്രിക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാറിൽ കേന്ദ്ര സേനയെ വിന്യസിക്കേണ്ട സാഹചര്യമില്ളെന്ന് വിലയിരുത്തിയ സുപ്രീം കോടതി അണക്കെട്ടിൻെറ സുരക്ഷാ ചുമതല സി.ഐ.എസ്.എഫിനെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ൪ക്കാ൪ സമ൪പ്പിച്ച ഹരജി തള്ളി.
പ്രശ്നത്തിൽ പ്രധാനമന്ത്രിയെക്കൊണ്ട് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിപ്പിക്കാൻ സുപ്രീംകോടതി നി൪ദേശം നൽകണമെന്ന് കേരളത്തിൻെറ അഭിഭാഷകൻ ഹരീഷ് സാൽവെ അഭ്യ൪ഥിച്ചതാണ് കേസിൽ വഴിത്തിരിവായത്. രാജ്യത്തിൻെറ ഫെഡറൽ സംവിധാനത്തിനകത്തുനിന്ന് ച൪ച്ചയിലൂടെ പ്രശ്നം പരിഹരിക്കുന്നത് കോടതിയെ മറികടക്കലല്ളെന്നും സഹായിക്കലാണെന്നും സാൽവെ വാദിച്ചു. ഹരീഷ് സാൽവെയുടെ അപ്രതീക്ഷിതമായ വാദം ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്ജിമാരും തലകുലുക്കി സമ്മതിച്ചത് തമിഴ്നാടിനെ പ്രതിരോധത്തിലാക്കി.
പ്രധാനമന്ത്രി ഇത്തരമൊരു കാൽവെപ്പ് നടത്തുന്നതിനെക്കുറിച്ച് തമിഴ്നാടിൻെറ അഭിപ്രായമെന്താണെന്ന് ജസ്റ്റിസ് ജയിൻ ചോദിച്ചു. സുപ്രീം കോടതി നിയോഗിച്ച വിദഗ്ധരടങ്ങുന്ന ഉന്നതാധികാര സമിതിയുടെ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലെത്തിയ സ്ഥിതിക്ക് അതിനെ മറികടക്കുന്നത് ശരിയല്ളെന്നായിരുന്നു അഭിഭാഷകൻെറ മറുപടി. ഈ വാദം ഖണ്ഡിച്ച ജസ്റ്റിസ് ജയിൻ ഒരു ഫെഡറൽ സംവിധാനത്തിൽ രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ത൪ക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രിക്ക് ഇടപെടാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ഓ൪മിപ്പിച്ചു. വസ്തുതകളും ശാസ്ത്രീയ വിവരങ്ങളും അടങ്ങുന്ന റിപ്പോ൪ട്ട് വിദഗ്ധ സമിതി സമ൪പ്പിച്ച ശേഷമേ പ്രധാനമന്ത്രിയുടെ യോഗത്തിന് പ്രസക്തിയുള്ളൂ എന്നായി തമിഴ്നാടിൻെറ വാദം. ഇത്തരമൊരു യോഗം വിളിക്കാൻ പ്രധാനമന്ത്രിയുടെ കൈയിലും ആവശ്യമായ വിവരങ്ങളുണ്ടാകുമല്ളോ എന്ന് തിരിച്ചുചോദിച്ച ജസ്റ്റിസ് ജയിൻ ഉന്നതാധികാര സമിതി റിപ്പോ൪ട്ട് വേണമെന്ന് തോന്നിയാൽ പ്രധാനമന്ത്രിക്ക് അക്കാര്യവും അറിയിക്കാമല്ളോ എന്നും കൂട്ടിച്ചേ൪ത്തു.
കേരളത്തിൻെറ വാദം തള്ളിയതുകൊണ്ടാണ് കോടതിക്ക് പുറത്ത് ച൪ച്ചചെയ്യണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന തമിഴ്നാട് അഭിഭാഷകൻെറ ഒടുവിലത്തെ വാദവും ജസ്റ്റിസ് ജയിൻ അംഗീകരിച്ചില്ല. കേരളത്തിൻെറ ആവശ്യം അന്തിമമായി തള്ളിയെന്ന് പറയാനായിട്ടില്ളെന്നും എല്ലാം പരിശോധിച്ച ശേഷമേ കോടതി ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കൂ എന്നും ജസ്റ്റിസ് ജയിൻ പറഞ്ഞു.
വ്യാഴാഴ്ച മൂന്ന് മണിക്ക് ഭരണഘടനാബെഞ്ച് കേസ് പരിഗണിച്ചപ്പോൾതന്നെ സ൪ക്കാറിൻെറ പ്രസ്താവനയുണ്ടെന്ന് പറഞ്ഞ് കേന്ദ്രസ൪ക്കാ൪ അഭിഭാഷകൻ കേന്ദ്രത്തിൻെറ പ്രതികരണം സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. ഏത് സംസ്ഥാനത്തിലാണോ സേനയെ വിന്യസിക്കാനുദ്ദേശിക്കുന്നത് ആ സംസ്ഥാനത്തിൻെറ ആവശ്യപ്രകാരമോ കോടതി ഉത്തരവിൻെറ അടിസ്ഥാനത്തിലോ, കേന്ദ്ര സേനയെ വിന്യസിക്കാൻ തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി. തുട൪ന്ന് കേരള അഭിഭാഷകൻെറ ഉറപ്പും കേന്ദ്ര സ൪ക്കാറിൻെറ പ്രതികരണവും മുഖവിലക്കെടുത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന ഹരജി തള്ളുകയാണെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.