കവിയൂര്‍ കേസ്: അനഘയെ പീഡിപ്പിച്ചത് പിതാവാകാമെന്ന് സി.ബി.ഐ
text_fieldsതിരുവനന്തപുരം: കവിയൂ൪ കേസിൽ അനഘയെ പീഡിപ്പിച്ചത് പിതാവാകാമെന്ന് സി.ബി.ഐ. അനഘയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോ൪ട്ടിൻെറയും സാക്ഷി മൊഴിയുടേയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിൽ സി.ബി.ഐ എത്തിയത്. കേസിൽ മറ്റ് പ്രതികൾ ഉള്ളതായി തുടരന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചില്ളെന്നും തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ സമ൪പ്പിച്ച തുടരന്വേഷണ റിപ്പോ൪ട്ടിൽ വ്യക്തമാക്കുന്നു.
കവിയൂ൪ ക്ഷേത്രത്തിന് കിഴക്കേനടക്ക് സമീപമുള്ള വാടകവീട്ടിൽ താമസിച്ചിരുന്ന ക്ഷേത്രപൂജാരി കെ.എ. നാരായണൻ നമ്പൂതിരി, ഭാര്യ ശോഭന, മക്കളായ അനഘ (15), അഖില (ഏഴ്), അക്ഷയ് (അഞ്ച്) എന്നിവരെ 2004 സെപ്തംബ൪ 28നാണ് ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. മരണത്തിന് മണിക്കൂറുകൾ മുമ്പ്തന്നെ അനഘ പീഡനത്തിന് ഇരയായിരുന്നെന്നും പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിൽ വ്യക്തമായിരുന്നു. എന്നാൽ ഈ കേസിൽ കിളിരൂ൪ കേസിലെ മുഖ്യപ്രതി ലതാനായരെ മാത്രമാണ് സി.ബി.ഐ പ്രതിസ്ഥാനത്ത് ആദ്യം ഉൾപ്പെടുത്തിയിരുന്നത്.
ലതാനായരുമായുള്ള ബന്ധമാണ് കുടുംബത്തിൻെറ കൂട്ട ആത്മഹത്യക്ക് വഴിവെച്ചതെന്നായിരുന്നു വാദം. കിളിരൂ൪ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ്അന്വേഷണം നടക്കുമ്പോൾ ലതാനായ൪ നാരായണൻ നമ്പൂതിരിയുടെ വീട്ടിൽ മൂന്ന് ദിവസം ഒളിവിൽ താമസിച്ചിരുന്നു. ലതാനായ൪ അനഘയെ പലയിടത്തും കൂട്ടിക്കൊണ്ടുപോയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. കിളിരൂ൪ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശക്തമായപ്പോൾ മാനഹാനി മൂലം പൂജാരിയും കുടുംബവും ആത്മഹത്യ ചെയ്തെന്നായിരുന്നു ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്.
എന്നാൽ അനഘയെ സി.പി. എം നേതാക്കളുടെ മക്കളും പ്രമുഖരും പീഡിപ്പിച്ചിട്ടുണ്ടെന്നും കേസിൽ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ക്രൈം പത്രാധിപ൪ ടി.പി. നന്ദകുമാ൪ സമ൪പ്പിച്ച ഹരജിയെ തുട൪ന്നാണ് തുടരന്വേഷണം നടത്തിയത്.
അനഘയും കുടുംബവും ആത്മഹത്യ ചെയ്യുന്നതിന് 24 മുതൽ 72 മണിക്കൂറുകൾക്കുള്ളിൽ അനഘ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായത്. ഈ ദിവസങ്ങളിൽ അനഘ വീട്ടിൽ നിന്ന് പുറത്ത് പോയിട്ടില്ല. ആ സാഹചര്യത്തിൽ പിതാവ് നാരായണൻ നമ്പൂതിരി തന്നെയാകാം അനഘയെ പീഡിപ്പിച്ചതെന്ന നിഗമനത്തിലാണ് സി.ബി.ഐ. അനഘയുടെ സുഹൃത്ത് രമ്യരാജൻെറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിൽ സി.ബി.ഐ പ്രധാനമായും എത്തിയതെന്ന് എ.എസ്.പി നന്ദകുമാറിൻെറ റിപ്പോ൪ട്ട് വ്യക്തമാക്കുന്നു.
പിതാവ് നാരായണൻനമ്പൂതിരി അനഘയോട് മോശമായി പെരുമാറിയിരുന്നുവെന്നാണ് രമ്യയുടെ മൊഴി. പിതാവിൻെറ പെരുമാറ്റത്തെക്കുറിച്ച് അനഘ രമ്യയോട് പറഞ്ഞിരുന്നു. രമ്യ ഇക്കാര്യം അനഘയുടെ മാതാവിനോടും പറഞ്ഞിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ അനഘയും കുടുംബവും ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. വീട്ടിൽ നാരായണൻ നമ്പൂതിരിയല്ലാതെ മറ്റ് ആണുങ്ങളില്ല. അനഘയുടെ ശരീരത്തിൽ പുരുഷബീജത്തിൻെറ സാന്നിധ്യവുമുണ്ടായിരുന്നു.
അനഘയെയും സഹോദരൻ അക്ഷയുടേയും കഴുത്തിൽ സമ്മ൪ദം ചെലുത്തിയിരുന്നതായും സി.ബി.ഐ റിപ്പോ൪ട്ടിലുണ്ട്. ഇതും നാരായണൻ നമ്പൂതിരി തന്നെയാകാം ചെയ്തതെന്നാണ് സി.ബി.ഐയുടെ നിഗമനം.
പരാതിക്കാരൻ സമ൪പ്പിച്ച 30 പേരുടെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന മുൻമന്ത്രിമാരായ പി.കെ.ശ്രീമതി, എം.എ.ബേബി, കോടിയേരി ബാലകൃഷ്ണൻ, തോമസ് ചാണ്ടി എം.എൽ.എ എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയിരുന്നെന്നും റിപ്പോ൪ട്ടിൽ വ്യക്തമാക്കുന്നു. പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.
ആരോപണങ്ങൾ ശരിവെക്കുന്ന ഒരുതെളിവും ഹരജിക്കാരൻെറ പക്കലില്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കാനും വിവാദമായ ഈ കേസിൻെറ വിചാരണ നീട്ടിക്കൊണ്ടുപോകാനുമുള്ള ശ്രമമാണ് ഹരജിക്കാരൻ നടത്തിയതെന്നും റിപ്പോ൪ട്ടിൽ ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.