ചന്നയുടെ സാധാരണ കുടുംബം 'റിപ്പ്ളി'യുടെ അസാധാരണ വാര്‍ത്തയില്‍
text_fieldsമാധ്യമങ്ങൾ വ൪ഷാവസാനത്തെ വാ൪ത്താ വിളവെടുപ്പിന്റെ തിരക്കിലാണ്.മാധ്യമങ്ങളിലെ വ്യക്തി, വാ൪ത്ത സൃഷ്ടിച്ച വ്യക്തി എന്നിങ്ങനെ എങ്ങും ഒരു ആണ്ട് നേ൪ച്ചയുടെ ചേലിൽ പ്രചാരണ പൂരം തിമ൪ക്കുന്നു. അങ്ങനെ ലോകമെങ്ങും ഗൌരവമായ തരത്തിൽ വാ൪ത്താ താര വേട്ട നടക്കുന്നതിനിടയിൽ കൌതുക കാര്യങ്ങളിൽ കാര്യമായി ശ്രദ്ധവെക്കുന്ന അമേരിക്കയിൽ വാ൪ത്താ താരമായത് ഒരു ഇന്ത്യക്കാരനാണ്.
പാശ്ചാത്യ൪ മൂന്നാം ലോകക്കാരെ പരിഹാസ്യമാക്കാനുള്ള അവസരങ്ങൾ പരമാവധി വിനിയോഗിക്കുമെന്നെല്ലാം ദേഷൈകദൃക്കുകൾ പറയും. എന്നാലും ബന്ധങ്ങളും സ്വ൪ണ്ണാഭരണങ്ങളും എത്രയധികമുണ്ടോ അത്രയും സന്തോഷം എന്ന ജ്വല്ലറി പരസ്യം പോലെ ഭാര്യമാരും കുട്ടികളും അവരുടെ സന്തതികളുമായി ജീവിതത്തെ ആഘോഷപൂ൪ണ്ണമാക്കിയ സിയോന ചന്ന എന്ന ഇന്ത്യക്കാരനാണ് താരമായത്.
റോബ൪ട്ട് റിപ്പ്ളി സ്ഥാപിച്ച മാധ്യമ കമ്പനി ശൃംഖലയാണ് ഫ്ളോറിഡയിലെ ഓ൪ലാന്റോ ആസ്ഥാനമായുള്ള റിപ്പ്ളി എന്റ൪ടൈൻമെന്റ്. ലോകമെങ്ങുമുളള അസാധാരണമായ വാ൪ത്തകൾ തിരഞ്ഞെടുത്ത് ലോകത്തിനു മുമ്പാകെ അവതരിപ്പിക്കുന്ന ഇവ൪ ഈ വ൪ഷത്തെ അസാധാരണ വാ൪ത്തയായി തിരഞ്ഞെടുത്തത് സിയോന ചന്ന എന്ന ഇന്ത്യക്കാരന്റെ തികച്ചും അസാധാരണമായ ജീവിതമാണ്.
66കാരനായ സിയോന ചന്നക്ക് 39 ഭാര്യമാരാണ്. അതിൽ 94 കുട്ടികളും 33 പേരക്കുട്ടികളും. എല്ലാവരും താമസിക്കുന്നത് ഒരു മേൽക്കൂരക്ക് താഴെ. 'റിപ്പ്ളി വിശ്വസിച്ചാലും ഇല്ലെങ്കിലും' സംഘം ലോകം മുഴുവനും തിരഞ്ഞ് കണ്ടെത്തിയ പതിനൊന്ന് അസാധാരണ വാ൪ത്തകളെ പിന്തള്ളിയാണ് ഇന്ത്യക്കാരനായ സിയോന ചന്ന ഈ 'അഭിമാനകരമായ' നേട്ടം കൈവരിച്ചത്.
ബ൪മ്മയും ബംഗ്ലാദേശുമായി അതി൪ത്തി പങ്കിടുന്ന മിസോറാമിലെ പ൪വ്വതങ്ങൾ നിറഞ്ഞ ഗ്രാമത്തിലാണ് സിയോന ചന്നയുടെ താമസം. ചന്നയുടെ ഉടമസ്ഥതയിലുള്ള നാലു നില കെട്ടിടത്തിൽ നൂറുമുറികളാണ് ഉള്ളത്. 17വയസ്സുകാരനായിരിക്കുമ്പോഴാണ് സിയോൻ ചന്ന തന്നേക്കാൾ മൂന്നുവയസ്സിന് മുതി൪ന്ന ആദ്യഭാര്യയെ വിവാഹം കഴിച്ചത്. പത്തു പേരെ വിവാഹം കഴിച്ച വ൪ഷങ്ങളുമുണ്ട് എന്നാണ് ചന്ന നൽകിയ വിശദീകരണം.
ഇത്രയധികം അംഗങ്ങളുണ്ടെങ്കിൽ ഈ വീടിനെ ഒരു ജില്ലയായി പ്രഖ്യാപിച്ചൂടെ എന്ന മലയാള സിനിമയിലെ ഒരു ഹാസ്യനടൻ ചോദിക്കുന്നുണ്ട്. ഭാര്യമാരുടേയും മക്കളുടേയും എണ്ണത്തിൽ ക൪ശനവും അല്ലാത്തതുമായ നിലപാടുകളുള്ളവ൪ക്ക് സിയോൻ ചന്നയോട് എന്താകും പറയാനുണ്ടാകുക. എന്തായാലും സായിപ്പിന് ഇത് അസാധാരണമായ വാ൪ത്തയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.