വിധി തമിഴ് നാടിന് അനുകൂലമാകും -ചിദംബരം
text_fieldsചെന്നൈ: മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ സുപ്രീംകോടതി വിധി തമിഴ്നാട് സ൪ക്കാറിന് അനുകൂലമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. സോണിയാഗാന്ധിയുടെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ചെന്നൈയിൽ സംഘടിപ്പിച്ച കൂടങ്കുളം-മുല്ലപ്പെരിയാ൪ നയവിശദീകരണ സമ്മേളനത്തിൽ സംസാരിക്കവേയാണ് ചിദംബരം വിവാദ പ്രസ്താവന നടത്തിയത്. ഡാമിനെക്കുറിച്ച കേരള സ൪ക്കാറിൻെറ ആശങ്ക ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാ൪ ഡാം തമിഴ്നാടിനു വേണ്ടിയാണ് നി൪മിച്ചത്. അണക്കെട്ടിൻെറ സംരക്ഷണത്തിൽ കേരളത്തിനുള്ള താൽപര്യം തമിഴ്നാടിനുമുണ്ട്. അണക്കെട്ടിൽ 142 അടി വരെ ജലം സംഭരിക്കാമെന്നും പടിപടിയായി ജലനിരപ്പ് 152 അടിയായി ഉയ൪ത്താമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ജലനിരപ്പ് 120 അടിയായി കുറക്കണമെന്ന കേരളത്തിൻെറ ആവശ്യം കോടതി തള്ളിയിരിക്കുകയാണ്.
2000 വ൪ഷം മുമ്പ് കരികാല ചോളൻ നി൪മിച്ച കല്ലണ ഇന്നും സുരക്ഷിതമായി നിലനിൽക്കുന്നു. അതുകൊണ്ട്, മുല്ലപ്പെരിയാ൪ ഡാം തകരുമെന്ന കേരളത്തിൻെറ ആശങ്ക അനാവശ്യമാണ്. ഇത് സ്ഥിരമായ ആശങ്കയോ ഇടക്കാല ആശങ്കയോ അല്ല, ‘ഉപതെരഞ്ഞെടുപ്പ് ആശങ്ക’യാണ്. കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ ആശങ്കയും ഇല്ലാതാവും -അദ്ദേഹം പരിഹസിച്ചു. വരുന്ന ഫെബ്രുവരി ആദ്യവാരമോ രണ്ടാം വാരമോ മൂന്ന് ജഡ്ജിമാരടങ്ങിയ മുല്ലപ്പെരിയാ൪ ഉന്നതാധികാര സമിതി സുപ്രീംകോടതിയിൽ റിപ്പോ൪ട്ട് സമ൪പ്പിക്കും. ഇതിനുശേഷം തമിഴ്നാടിന് അനുകൂലമായ ഒരു നല്ല വിധി സുപ്രീംകോടതി പുറപ്പെടുവിക്കുമെന്ന് വിശ്വാസമുണ്ട്. അതുകൊണ്ട് തമിഴ്-മലയാളി സഹോദരങ്ങൾ ഏറ്റുമുട്ടൽ സമീപനം ഒഴിവാക്കണം. ഇരു സംസ്ഥാനങ്ങളുമായുള്ള നല്ല ബന്ധം കാലങ്ങളോളം തുടരണം. കേരളത്തിലെ ചീഫ് സെക്രട്ടറി തമിഴ്നാട്ടുകാരനാണ്. തമിഴ്നാട്ടിലും മലയാളികൾ ചീഫ് സെക്രട്ടറിയായിട്ടുണ്ട്. കേരളത്തിൽ തമിഴ്നാട്ടുകാരും തമിഴ്നാട്ടിൽ മലയാളികളും ധാരാളമായി താമസിക്കുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് എല്ലാവരും വിവേകത്തോടെ പെരുമാറണം -ചിദംബരം പറഞ്ഞു.
മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ കേരള സ൪ക്കാറിനെ പിരിച്ചുവിടണമെന്ന് സമ്മേളനത്തിൽ സംസാരിച്ച മുൻ കേന്ദ്രമന്ത്രി ഇ.വി.കെ.എസ്. ഇളങ്കോവൻ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി അംഗീകരിക്കാത്ത കേരള സ൪ക്കാ൪ കേന്ദ്ര സ൪ക്കാരിനെയും അനുസരിക്കില്ല. അതുകൊണ്ട് കേരള സ൪ക്കാറിനെ പിരിച്ചുവിടണം. തമിഴ്നാട്ടിന് കേരളം പ്രശ്നമുണ്ടാക്കുന്ന സാഹചര്യത്തിൽ ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും അദ്ദേഹത്തെ ദൽഹിയിലേക്ക് കൊണ്ടുപോകണമെന്നും ഇളങ്കോവൻ ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം വിട്ടുനിന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.