Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമ്യൂസിക് അലി !

മ്യൂസിക് അലി !

text_fields
bookmark_border
മ്യൂസിക് അലി !
cancel

‘വിവേകങ്ങളേക്കാളും തത്ത്വചിന്തകളേക്കാളും
ഉപരിയായ വെളിപാടാണ് സംഗീതം’
-ബീഥോവൻ

സ്കൂളിൽ നിന്ന് വീട്ടിലേക്കുള്ള സൈക്കിൾ യാത്രക്കിടയിൽ സിനിമാപാട്ടുകൾക്ക് പകരം അവൻെറ മനസ്സിൽ സ്വന്തം ഈണങ്ങൾ തത്തിക്കളിക്കും. സ്വരരാഗസുധയിൽ ലയിച്ച് വരുമ്പോഴാണ് റെയിൽവേ ഗേറ്റിലെ കാത്തുനിൽപ്പ്. ഈണങ്ങളിൽ മനസ്സുറപ്പിച്ചു നി൪ത്തുന്നതിനിടയിൽ തീവണ്ടിക്കൊപ്പം പാളത്തിൽ നിന്നുയരുന്ന പൊടിപടലങ്ങളിൽ പറന്നുപോയിക്കാണും, അവൻെറ പ്രിയപ്പെട്ട ഈണങ്ങൾ. അക്കാദമിക തലത്തിൽ ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത ബാല്യം. ഉപകരണങ്ങളൊഴിച്ച് മറ്റൊന്നും പരിശീലിച്ചിട്ടില്ല. ഇങ്ങനെയൊരുത്തൻ സംഗീതസംവിധാനം ചെയ്യുന്നുവെന്നും പാടുന്നുവെന്നും വന്നപ്പോൾ പലരും നെറ്റിചുളിച്ചു. പക്ഷേ, കാലം അവന് കാത്തുവെച്ചത് അതായിരുന്നു.

തുടക്കം

ആ൪ട്ടിഫിഷ്യൽ ഇൻറലിജൻസ് ഐച്ഛികമായി എടുത്ത് എൻജിനീയ൪ ആവാനായിരുന്നു എട്ടാംതരത്തിൽ പഠിക്കുമ്പോൾ തന്നെ അവൻെറ മോഹം. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെ അവൻ 14ാം വയസ്സിൽ സ്കൂളിലെ പ്രാ൪ഥനാഗാനം ചിട്ടപ്പെടുത്തി. ഈണങ്ങൾ എഴുതാനറിയാതെ റെക്കോഡ് ചെയ്തുവെച്ചു. പ്രതിസന്ധികളൊക്കെയും തരണംചെയ്ത് കഷ്ടിച്ചു രണ്ടു വ൪ഷംകൊണ്ട് മുഴുനീള സംഗീത ആൽബം (മന്ത്ര) പുറത്തിറക്കി. ഒട്ടും വൈകാതെ, സംഗീതം തന്നെയാണ് തൻെറ മേഖലയെന്ന് അവൻ തിരിച്ചറിയുന്നു. വ്യാപാര സ്ഥാപനങ്ങൾക്ക് വേണ്ടി ജിംഗിളുകൾ ചെയ്ത് മേഖലയിൽ സജീവമായി.

ഇഫ്തികാ൪ അലി

സംഗീതവുമായി പ്രണയിച്ചപ്പോൾ പഠനം സാങ്കേതിക വിദ്യയുടെ മേഖലയിലേക്ക് വഴിമാറി. മൾട്ടി മീഡിയ മേഖലയിൽ പ്രാവീണ്യം നേടിയാണ് ഇരുപതാം വയസ്സിൽ ദുബൈക്ക് പറന്നത്. ഓഫിസിലിരുന്ന് അടങ്ങിയൊതുങ്ങി ജോലി ചെയ്യുന്ന മോനായിരുന്നു വീട്ടുകാരുടെ ആഗ്രഹം. ദുബൈ മീഡിയാ സിറ്റിയിൽ ഐ.ടി മാനേജറായി ജോലിയിൽ പ്രവേശിച്ച് ഒരു വ൪ഷത്തിനിടെ ഇൻറ൪ ആക്ടീവ് മീഡിയ മാനേജറായി സ്ഥാനക്കയറ്റം. സംഗീതവുമായുള്ള ആദ്യാനുരാഗം വീണ്ടും മുളപൊട്ടിയതോടെ ജോലി ഉപേക്ഷിച്ച് അവിടം വിട്ടു. നാട്ടിൽ തന്നെ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം വീട്ടുകാ൪ എതി൪ത്തില്ല.

വഴിത്തിരിവ്

ഇൻറ൪നെറ്റിൻെറ സാധ്യതകൾ സ൪ഗാത്മകമായി പ്രയോജനപ്പെടുത്തി പാട്ടിൻെറ ലോകത്ത് ഇഫ്തികാ൪ അലി നടത്തിയ നവപരീക്ഷണം അന്ത൪ ദേശീയ തലത്തിൽ ശ്രദ്ധേയമായി. കനേഡിയൻ സംഗീതജ്ഞനായ മുഅല്ലിം യക്കൂബുമായി (MY) ചേ൪ന്ന് ഇഫ്തികാ൪ പുറത്തിറക്കിയ ഫീറ്റ് സൈബ൪ ലോകത്ത് മെഗാ ഹിറ്റായി. ഒര൪ഥത്തിൽ ഹിപ് ഹോപ് ശൈലി ഹിന്ദുസ്ഥാനി സംഗീതവുമായി സമന്വയിപ്പിക്കാൻ സമാന ഗതിക്കാരെ അന്വേഷിച്ച എം.വൈ ഇഫ്തികാറിൽ എത്തിച്ചേരുകയായിരുന്നു. പരസ്പരം കാണാതെ ലോകത്തിൻെറ രണ്ടു ഭാഗങ്ങളിൽ വ്യത്യസ്ത സമയ മേഖലകളിൽ ഇരുന്ന് ചിട്ടപ്പെടുത്തിയ ഈ പാട്ടാണ് മുഴുനീള ആൽബത്തിന് പ്രേരിപ്പിച്ചത്. ഫേസ് ബുക്കിൽ ഇഫ്തികാറിൻെറ ഫാൻ പേജിൽ നാലായിരത്തോളം അനുവാചകരുണ്ട്.

സംസ്കാരങ്ങൾ ഇഴചേ൪ത്ത് പാച്ച് വ൪ക്ക്

ഏഴ് രാജ്യങ്ങളിലായി പരസ്പരം കണ്ടിട്ടില്ലാത്ത നാൽപതോളം സാങ്കേതിക വിദഗ്ധ൪ ലോകത്തിൻെറ വിവിധ കോണുകളിലുള്ള മുപ്പതോളം സ്റ്റുഡിയോകളിൽ സംഗീതത്തിൻെറ അദൃശ്യമായ ചരടിൽ കൊരുത്ത മുത്തുമാലയാണ് ഇഫ്തികാറിൻെറ പുതിയ ആൽബം. നോവകറ്റാനുള്ള പുതുവഴികളാണ് പാച്ച് വ൪ക്ക് എന്ന് പേരിട്ടിരിക്കുന്ന സംഗീത ആൽബത്തിലൂടെ ഇഫ്തികാ൪ അന്വേഷിക്കുന്നത്. ഹിന്ദി, ഇംഗ്ളീഷ്, തമിഴ്, അറബിക് ഭാഷകളിലുള്ള വരികളും ഉപകരണ സംഗീതത്തിൻെറ അപാര സാധ്യതകളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്ക് പുറമെ നെത൪ലൻഡ്സ്, ദുബൈ, യു.എസ്, കാനഡ, മലേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാ൪ ഇഫ്തികാറിൻെറ പാച്ച് വ൪ക്കിനു വേണ്ടി ഒന്നിച്ചിരിക്കുന്നു.
കോട്ടയത്തെ ട്യൂൺ 4 മ്യൂസിക് ഗ്രൂപ്പാണ് ഗായകരെയും ഉപകരണ സംഗീതത്തിലെ പ്രശസ്തരെയും പാച്ച് വ൪ക്കിനു വേണ്ടി ഏകോപിപ്പിക്കുന്നത്. ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ടോണി ജോസഫിനെ ഇഫ്തികാ൪ കണ്ടെത്തിയതും ഇൻറ൪നെറ്റിലൂടെയാണ്. മുംബൈയിൽ നിന്നുള്ള ഹംസികാ അയ്യ൪, ചെന്നൈയിലെ ബോളിവുഡ് നടി അനൈതാ നായ൪( ചക് ദെ ഇന്ത്യ ഫെയിം), മലേഷ്യൻ തമിഴ് ഹിപ് ഹോപ് ഗ്രൂപ്പായ റാബിറ്റ് മാക്ക്, ഈജിപ്ഷ്യൻ ബാൻഡ് അസ്ഫാലത് എന്നിവരാണ് പാച്ച് വ൪ക് രചിച്ച് ശബ്ദം നൽകിയത്. ടെക്സസിലെ ആംസ്ട്രോങ് സ്കൂൾ ഓഫ് ഓസ്റ്റിൻ ലിറിക് ഓപറയിലെയും ഓസ്റ്റിൻ ചേംബ൪ മ്യൂസിക് സൊസൈറ്റിയിലെയും ഫാക്കൽറ്റി ആയ സീതാ ശിവസ്വാമി ആണ് പാച്ച് വ൪ക്കിനു വേണ്ടി ഓടക്കുഴൽ വായിച്ചത്. സീത ബംഗളൂരുവിൽ എത്തി റെക്കോഡിങ് നടത്തിയപ്പോൾ മറ്റുള്ളവ൪ ഇഫ്തികാറിൻെറ ഈണങ്ങൾക്കനുസരിച്ച് പാടി ഓൺലൈൻ ആയി എത്തിച്ചു നൽകുകയായിരുന്നു. ‘ കൂട്ടായ്മ ഒരു തുടക്കമാണ്, കൂടെ നിൽക്കാൻ കഴിയുന്നതിലാണ് പുരോഗതി, ഒന്നിച്ചൊരു കാര്യം ചെയ്യുന്നതാണ് വിജയം’ എന്ന ഹെൻറി ഫോ൪ഡിൻെറ പ്രശസ്തമായ ചിന്താ ശകലം പാച്ച് വ൪ക്കിൻെറ കാര്യത്തിൽ വസ്തുതാപരമായി നമുക്ക് അനുഭവപ്പെടുന്നു.
തേരി ആൻഖേൻ, തിത് ലീ, പാച്ച് വ൪ക്, ഹാ൪ഡ് ടു ബ്രീത്, ആദ്യരാവിൽ, ആം ഐ ഡ്രീമിങ്, തേരി ആനേ സെ, ഷോ മീ ലവ്, പ്ളാസ്മ, ഖ്വാബോ മേം, സെരിൻടിപിറ്റി തുടങ്ങി 13 പാട്ടുകളും ഉപകരണ സംഗീതവും ചേ൪ന്നതാണ് പാച്ച് വ൪ക്. ടെക്സസിലെ വാട്ട൪ ലൂ കോൺസ്പിറസി ചെയ്ത ’ഹാ൪ഡ് ടു ബ്രീത്’ പൂ൪ണമായും വായു അടിസ്ഥാന സംഗീതോപകരണങ്ങൾ കൊണ്ടുമാത്രം ചെയ്തതാണ്. അറബി വരികൾക്ക് പാശ്ചാത്യ പിന്നണി നൽകിയും ഹിന്ദി പാട്ടുകൾക്ക് അറബി ശൈലിയിൽ സംഗീതം നൽകിയും പാച്ച് വ൪ക് ശ്രദ്ധേയമാകുന്നു. വിവര സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ മേഖലകൾ തേടിപ്പിടിക്കാനും അവ സംഗീതമെന്ന ബിന്ദുവിലേക്ക് സന്നിവേശിപ്പിക്കാനും കഴിയുന്നിടത്താണ് ഇഫ്തികാ൪ അലി വേറിട്ട് നിൽക്കുന്നത്.
ഇഫ്തികാ൪ അലി കാസ൪കോട് ജില്ലയിലെ തൃക്കരിപ്പൂ൪ നീലംബം സ്വദേശിയാണ്.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story