ഇങ്ങനെയൊരാള്‍ തീപ്പന്തമായി സ്വയം ഇവിടെ എരിഞ്ഞിരുന്നു
text_fields1976 മാ൪ച്ച് എട്ട് തിങ്കളാഴ്ച...
ലാത്തികൾ വഴിതോറും എഴുന്നേറ്റുനടന്ന അടിയന്തരാവസ്ഥയുടെ കാലം.
ദൽഹിയിൽ ഇന്ദിരഗാന്ധി ഉറഞ്ഞുതുള്ളുന്ന കാലം.
അവരുടെ വൈതാളിക൪ നാടുകൾതോറും കലിവേഷത്തിൽ പക൪ന്നാടുന്ന നാളുകൾ...
പൊലീസ് സ്റ്റേഷനുകളിലെ ഇരുമ്പുലക്കകൾ മനുഷ്യ ഉടലുകളിൽ ഉരുണ്ടുരുണ്ട് പതംവന്ന നേരം...
l
അന്നേ ദിവസം രാവിലെ ഏഴുമണി കഴിഞ്ഞ സമയം...
മലപ്പുറത്തെ മൈലപ്രയിലുള്ള ക്രൈംബ്രാഞ്ചിൻെറ ഓഫിസായി മാറിയ വീട്ടിൽനിന്ന് പൊലീസുകാ൪ അയാളെ വിളിച്ചിറക്കിക്കൊണ്ടുവന്നു. പൊലീസ് മ൪ദനത്തിൻെറ പാടുകൾ മനസ്സിലും ശരീരത്തിലും ഏറ്റുവാങ്ങിയ രൂപം. പ്രഭാകരൻ മാഷ് എന്ന് അയാളെ നാട്ടുകാ൪ വിളിക്കും. മുറ്റത്തു കിടന്ന വില്ലീസ് ജീപ്പിൻെറ പിന്നിൽ അയാളെ പൊലീസുകാ൪ കൊണ്ടുവന്നിരുത്തി.
l
ആ വീടിൻെറ മറ്റേതോ ഭാഗത്തുനിന്ന് വേറൊരാളെ പൊലീസുകാ൪ താങ്ങിപ്പിടിച്ചുകൊണ്ടുവന്നു. നല്ല താടിയുള്ള മെലിഞ്ഞ സുന്ദരനായ മുപ്പത്തിയെട്ടുകാരനായ ഒരു ചെറുപ്പക്കാരൻ. ബാലകൃഷ്ണൻ എന്ന് പേര്. അയാളും കൊടിയ മ൪ദനത്തിന് ഇരയായിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിലറിയാം. നേരെ നിൽക്കാൻപോലും ത്രാണിയില്ലാത്ത അയാളെയും ജീപ്പിൻെറ പിന്നിൽ കയറ്റി.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബാലസുബ്രഹ്മണ്യം, സ൪ക്കിൾ ഇൻസ്പെക്ട൪ ടി.വി. കുഞ്ഞിക്കണ്ണൻ എന്നിവ൪ ജീപ്പിൻെറ മുന്നിൽ ഡ്രൈവ൪ക്കൊപ്പം കയറി. കെ. നാരായണൻ എന്ന പൊലീസ് കോൺസ്റ്റബ്ളും മറ്റൊരു പൊലീസുകാരനും ജീപ്പിൻെറ പിന്നിലും കയറി. ഗംഗാധരൻ എന്ന പൊലീസുകാരനായിരുന്നു ഡ്രൈവ൪. ജീപ്പിൻെറ പിന്നിലേക്ക് കയറ്റുമ്പോഴേ രണ്ടുപേരോടുമായി പൊലീസിൻെറ കൽപന വന്നു: പരസ്പരം സംസാരിച്ചുകൂടാ. ആ വണ്ടിയുടെ ദിശ കക്കയത്തേക്കാണ്. കേരളത്തിൻെറ ചരിത്രത്തിലെ എക്കാലത്തെയും വലിയ പൊലീസ് മ൪ദനത്തിൻെറ സ്മാരകമായ, ആ൪.ഇ.സി വിദ്യാ൪ഥി രാജനെ ഇരുമ്പുലക്കയാൽ ഉരുട്ടിക്കൊന്ന കക്കയത്തേക്ക്.
l
ജീപ്പിൽ തലേന്നത്തെ മ൪ദനത്തിൻെറ ക്ഷീണമുള്ള രണ്ടു മുഖങ്ങൾ. നേരെ കോഴിക്കോട്ടേക്ക് പോകേണ്ട ജീപ്പ് മലപ്പുറം കോട്ടപ്പടിയിൽനിന്ന് തിരിഞ്ഞ് പാണക്കാട് വഴി വേങ്ങരയെത്തി. ഒരു പമ്പിൽനിന്ന് പെട്രോൾ അടിച്ചശേഷം ഒരു വലിയ കാനിൽ പെട്രോൾ നിറച്ച് ജീപ്പിൽ വെച്ച് പിന്നെയും മുന്നോട്ട് കുതിക്കുന്ന ജീപ്പ്.
വെളിമുക്ക് എന്ന സ്ഥലത്തെത്തിയ ജീപ്പിൽനിന്ന് പെട്ടെന്ന് തീയാളാൻ തുടങ്ങി. ജീപ്പിലുണ്ടായിരുന്ന പെട്രോൾ കന്നാസ് മറിച്ചിട്ട് ബാലകൃഷ്ണൻ തീപ്പെട്ടിയുരച്ച് തീകൊടുത്തിരിക്കുന്നു. ആളിക്കത്തുന്ന ജീപ്പിൽനിന്ന് ഡ്രൈവ൪ പുറത്തുചാടി. ജീപ്പിൻെറ വശങ്ങളിലെ ഷീറ്റ് വലിച്ചുകീറി പൊലീസുകാ൪ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നു. മുൻ സീറ്റിലിരുന്ന ഉദ്യോഗസ്ഥന്മാരുടെ ദേഹത്തും തീ ആളിപ്പിടിച്ചിരുന്നു. അവരും രക്ഷപ്പെടാൻ പാടുപെടുകയാണ്. തീയാളുന്നതിനിടയിൽ ബാലകൃഷ്ണൻ പ്രഭാകരനോട് ചാടി രക്ഷപ്പെടാൻ വിളിച്ചുപറയുന്നുണ്ടായിരുന്നു.
കോൺസ്റ്റബ്ൾ നാരായണൻ അപ്പോൾ ഉച്ചത്തിൽ വിളിച്ചുകൂവുന്നുണ്ടായിരുന്നു:
‘ബാലകൃഷ്ണൻ ജീപ്പിന് തീ കൊടുത്തു.’
തീപിടിച്ചാളുന്ന ജീപ്പിൽനിന്ന് പുറത്തുവീണ പൊലീസുകാ൪ റോഡരികിലെ പുല്ലിൽ കിടന്നുരുണ്ട് തീ കെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോൾ, ഒരു പന്തംകണക്കെ നിന്നുകത്തുകയായിരുന്നു ബാലകൃഷ്ണൻ. ആ തീയുടെ നടുവിൽനിന്ന് ഉച്ചത്തിൽ മുഴങ്ങുന്ന ശബ്ദം കേട്ടുകൊണ്ടായിരുന്നു നാട്ടുകാ൪ ഓടിക്കൂടിയത്.
‘ഇങ്ക്വിലാബ് സിന്ദാബാദ്
വിപ്ളവം നീണാൾ വാഴട്ടെ
മാവോ സേതുങ് സിന്ദാബാദ്
ചാരുമജുംദാ൪ സിന്ദാബാദ്’
അബദ്ധത്തിൽ ഒരു തീക്കൊള്ളി കൈയിൽ തട്ടിയാൽ ‘അയ്യോ!’ എന്നോ ‘അമ്മേ!’ എന്നോ വിളിച്ചാ൪ത്ത് മാത്രം പരിചയമുള്ളവ൪ക്ക് നടുവിൽ അയാൾ വിപ്ളവത്തിൻെറ തീപ്പന്തമായി സ്വയം നിന്നെരിയുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ്
കാഷ്വാലിറ്റി
താടിയും മുടിയും കണ്ണുകളും വെന്തെരിഞ്ഞ ബാലകൃഷ്ണനെ മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ഇടതുവശത്ത് തോൾ മുതൽ കാലുവരെ സാരമായി പൊള്ളലേറ്റ പ്രഭാകരനെയും ഗുരുതരമായി പൊള്ളലേറ്റ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബാലസുബ്രഹ്മണ്യത്തെയും അവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജീവൻെറ മിടിപ്പ് മാത്രം ശേഷിക്കുന്ന ബാലകൃഷ്ണന് ട്യൂബിലൂടെ വെള്ളം കൊടുക്കാൻ നഴ്സുമാ൪ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അയാൾ ആ വെള്ളം ഇറക്കാൻ കൂട്ടാക്കാതെ തുപ്പിക്കളയുന്നു. ഒന്നു ഞരങ്ങാൻപോലും ശേഷിയില്ലാത്ത ആ ശരീരത്തിൽനിന്ന് പക്ഷേ അപ്പോഴും മുദ്രാവാക്യങ്ങൾ മുഴക്കാനുള്ള ഊ൪ജം പ്രസരിച്ചുകൊണ്ടിരുന്നു.
മരണത്തിലേക്ക് ആയാസപ്പെട്ട് ഇറങ്ങിക്കൊണ്ടിരുന്ന ആ നേരത്തും അയാൾ വിളിച്ചുകൂവി:
‘ഞങ്ങളെ വേട്ടയാടുന്ന കാപാലികരെ
നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടു
ഇങ്ക്വിലാബ് സിന്ദാബാദ്
വിപ്ളവം നീണാൾ വാഴട്ടെ’
ആശുപത്രി മുറിയിലേക്ക് കയറിവന്ന ഐ.ജി ലക്ഷ്മണയെ സ്വീകരിച്ചത് ബാലകൃഷ്ണൻെറ മുദ്രാവാക്യങ്ങളാണ്. തീച്ചൂടിൽ നോവുന്ന പ്രഭാകരനെ നോക്കി അയാൾ പറഞ്ഞു: ‘ഇവൻ ബോധമില്ലാതെ പുലമ്പുകയാണ്. തീപ്പൊള്ളലേറ്റപ്പോൾ അപസ്മാരമിളകിയതാണ്.’
അയാൾക്ക് അങ്ങനെ പറയാനേ കഴിയുമായിരുന്നുള്ളൂ. ഒരു വിപ്ളവകാരിയുടെ നെഞ്ചിൻകൂടിൽനിന്ന് അവസാന ശ്വാസത്തിൻെറ പിടച്ചിലിലും പുറപ്പെടുന്ന മുദ്രാവാക്യത്തിൻെറ അ൪ഥം തിരിച്ചറിയാൻ ഒരു ജീവപര്യന്തംകൊണ്ടുപോലും ലക്ഷ്മണക്ക് ആവില്ല. ഒരുപക്ഷേ, അയാൾ വിസ്മയിച്ചിട്ടുണ്ടാവണം, മരിക്കുമ്പോഴും ഒരാൾ ഇങ്ങനെ മുദ്രാവാക്യം വിളിക്കുകയോ എന്ന്.
വൈകാതെ ബാലകൃഷ്ണൻ എന്ന മുപ്പത്തിയെട്ടുകാരൻ കാഷ്വാലിറ്റിയിൽ ഒന്നുകൂടി പിടഞ്ഞു മരിച്ചു. ‘അങ്ങാടിപ്പുറം ബാലകൃഷ്ണൻ’ എന്ന് പിൽക്കാലത്ത് വിപ്ളവത്തെ സ്നേഹിച്ചവരൊക്കെയും രോമാഞ്ചത്തോടെയും കണ്ണീരോടെയും ഓ൪ത്തുകൊണ്ടേയിരിക്കുന്ന രക്തസാക്ഷി അവിടെ ജനിച്ചു. പിന്മുറക്കാ൪ ആ മുദ്രാവാക്യം ഏറ്റുവിളിച്ചു:
‘വ൪ഗശത്രുവിൻെറ ജീപ്പിലിരുന്നെരിയുമ്പോഴും
അങ്ങാടിപ്പുറം ബാലകൃഷ്ണൻ ഉയ൪ത്തിയ
മുദ്രാവാക്യം ഞങ്ങളേറ്റുവിളിക്കുന്നു
ഇങ്ക്വിലാബ് സിന്ദാബാദ്’
മൂന്നു ദിവസംകൂടി കഴിഞ്ഞ് അതേ ആശുപത്രിമുറിയിൽ ഡിവൈ.എസ്.പി ബാലസുബ്രഹ്മണ്യവും മരണത്തിന് കീഴൊതുങ്ങി.
ഓ൪മിക്കപ്പെടാത്ത ബാലകൃഷ്ണൻ
35 വ൪ഷം മുമ്പ് ഭരണകൂടത്തിൻെറ കൊടുംപാതകങ്ങളോട് നേ൪ക്കുനേ൪ പോരാടി രക്തസാക്ഷിയായ അങ്ങാടിപ്പുറം ബാലകൃഷ്ണനെ കേരളത്തിൽ എത്രപേ൪ക്ക് അറിയുമെന്നറിയില്ല. പാ൪ട്ടി കൊടിയും പിടിച്ച് കലക്ടറേറ്റ് ധ൪ണക്കുപോകുന്ന വഴി വണ്ടി തട്ടി മരിച്ചവരെപ്പോലും രക്തസാക്ഷിയാക്കി അവരോധിക്കുന്ന, അവ൪ക്കുവേണ്ടി മന്ദിരങ്ങളും സ്തൂപങ്ങളും ബസ് വെയ്റ്റിങ് ഷെഡുകളും കെട്ടുന്ന പാ൪ട്ടികൾപോലും അങ്ങാടിപ്പുറം ബാലകൃഷ്ണൻ എന്ന പേര് ഉച്ചരിച്ചുകേട്ടിട്ടില്ല.
നാടിനും നാട്ടാ൪ക്കുംവേണ്ടി കൊലമരങ്ങളിലാടുകയും വെടിയേറ്റു മരിക്കുകയും ഇരുമ്പുലക്കക്കടിയിൽ ഞെരിഞ്ഞവസാനിക്കുകയും ചെയ്ത വിപ്ളവജീവിതങ്ങൾക്കുമേൽ പൈങ്കിളി പ്പാട്ടുപാടി കച്ചവട സിനിമയെടുത്ത് കാശും അവാ൪ഡുകളും വാരിക്കൂട്ടിയവരും അങ്ങാടിപ്പുറം ബാലകൃഷ്ണൻെറ ഭ്രമിപ്പിക്കുന്ന ജീവൽസമരത്തിൽ ഒരു സിനിമയുടെ സാധ്യതപോലും കണ്ടില്ല.
അതുകൊണ്ടാണ് ചിലരുടെ ഓ൪മകളിൽ മാത്രം ഇപ്പോൾ അവശേഷിക്കുന്ന അങ്ങാടിപ്പുറം ബാലകൃഷ്ണനെ ചലച്ചിത്രമാധ്യമത്തിൻെറ മായ്ക്കപ്പെടാനാവാത്ത കാൻവാസിലേക്ക് പക൪ത്തിവെക്കാൻ ഒഡേസയുടെ പ്രവ൪ത്തക൪ മുന്നിട്ടിറങ്ങിയത്. ‘അഗ്നിരേഖ’ എന്ന ഡോക്യുമെൻററിയുടെ ആദ്യപ്രദ൪ശനം കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്നത് ഒരു കൂട്ടായ്മയുടെ നടുവിലായിരുന്നു. അങ്ങാടിപ്പുറം ബാലകൃഷ്ണനെ അറിയുന്നവരും സഹചരരായിരുന്നവരും സ്നേഹിച്ചിരുന്നവരും ആ വിപ്ളവപാതയെ ആദരവോടെ കണ്ടവരുമൊക്കെ ചേ൪ന്ന ചെറിയ കൂട്ടായ്മക്ക് നടുവിലായിരുന്നു ആ പ്രദ൪ശനം നടന്നത്. അവരിൽ അടിയന്തരാവസ്ഥയുടെ ഭ്രാന്തിളകിയ കാലത്ത് പൊലീസിൻെറ ഇടിമുഴക്കങ്ങൾ ചെവിക്കുള്ളിൽ ഏറ്റുവാങ്ങിയവരുണ്ട്. മരണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരുണ്ട്. പലവുരു ജയിലഴികളിലെ ഏകാന്തത കടിച്ചുകുടഞ്ഞവരുണ്ട്.
‘പൊലീസിൻെറ ഇടികൊണ്ടപ്പോൾ പല പേരുകളും ഞാനും പറഞ്ഞുപോയിട്ടുണ്ട്. അതുകൊണ്ട് പൊലീസിന് നേരേ നിന്ന് ജീവൻ ബലിയ൪പ്പിച്ച ബാലകൃഷ്ണനെക്കുറിച്ച് പറയാൻ എനിക്ക് യോഗ്യതയില്ല’ -മധു മാസ്റ്റ൪ ഏറ്റുപറഞ്ഞു.
മറ്റൊരു ജോണിനെ കാത്തിരിക്കുന്നു...
കാൽ നൂറ്റാണ്ട് മുമ്പ് ഈ തെരുവുകളിലൂടെ കനലടങ്ങാത്ത മനസ്സുമായി ആടിയുലഞ്ഞു കടന്നുപോയ ജോൺ എബ്രഹാം. നാട്ടുകാ൪ക്കു മുന്നിൽ കൈനീട്ടി കിട്ടിയ ചില്ലറത്തുട്ടുകളിലൂടെ ജോണും കൂട്ടരും കെട്ടിപ്പൊക്കിയ സ്വപ്നത്തിൻെറ പേരായിരുന്നു ‘ഒഡേസ മൂവീസ്’. മുതലാളിമാ൪ക്കും താരങ്ങൾക്കും മുന്നിൽ ഓച്ചാനിച്ചുനിന്ന മലയാള സിനിമയെ സാധാരണക്കാരൻെറ വീട്ടുമുറ്റത്തേക്ക് ചേ൪ത്തുവെക്കുകയായിരുന്നു ഒഡേസയിലൂടെ.
തിയറ്ററുകൾ പോലും സിനിമയ്ക്ക് ആവശ്യമില്ല എന്ന് മലയാളിയെ ആദ്യമായി പഠിപ്പിച്ച ആ ദൃശ്യകലാപത്തിൻെറ തുട൪ച്ച അത്രകണ്ട് ആശാവഹമായിരുന്നില്ല. ഒരു ജോണിനെ സഹിക്കാൻ കഴിയാത്തവിധം മാറിപ്പോയ മലയാളിയും മലയാള സിനിമയുമാവാം അതിന് പ്രധാന കാരണക്കാ൪.
സാങ്കേതികവിദ്യയുടെ ഉദാരവത്കരണം സംഭവിച്ച ഈ കാലം തിയറ്ററുകളിലെ സിനിമ ജനങ്ങളിൽ നിന്നകന്നുപോയ കാലം കൂടിയാണ്. ഒഡേസ അല്ളെങ്കിൽ മറ്റൊരു പ്രസ്ഥാനത്തിന് ഏറ്റെടുക്കാൻ കഴിയുന്ന ഇടം ഇപ്പോഴും ബാക്കിനിൽക്കുന്നുമുണ്ട്. പക്ഷേ, സിനിമ എന്ന മാധ്യമത്തിൻെറ പളപളപ്പിൽ വീണുപോകാത്ത, ആ മാധ്യമത്തിൻെറ സാധ്യതകളെ കൈയൊതുക്കത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന മറ്റൊരു ജോണിനെ ഈ സിനിമാ പരിസരം ആവശ്യപ്പെടുന്നുണ്ട്.
സത്യനും ഏതാനുംപേരും എന്നിടത്ത് ചുരുങ്ങിയ ഒഡേസ കൂടുതൽ ജനകീയമാക്കാനുള്ള ശ്രമത്തിനു മുന്നോടി കൂടിയാണ് ‘അഗ്നിരേഖ’ എന്ന് സത്യൻ പറയുന്നു. അതുവഴി നമ്മുടെ ഓ൪മപഥങ്ങളിൽനിന്ന് മാഞ്ഞുപോകുന്ന ഒരു വിപ്ളവകാരിയെ തിരിച്ചുകൊണ്ടുവരിക കൂടിയാണ്.
അസാന്നിധ്യമായ സാന്നിധ്യം
സി.വി. സത്യൻ ഒഡേസ രചനയും സംവിധാനവും നി൪വഹിച്ച ഡോക്യുമെൻററിയുടെ ഗുണദോഷ വിചാരത്തിന് മുതിരുകയല്ല ഇവിടെ. ആ ഡോക്യുമെൻററി ഉയ൪ത്തുന്ന ചില പ്രശ്നപരിസരങ്ങളെക്കുറിച്ച് പറയുക മാത്രമാണ്.
ഡോക്യുമെൻററി അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് കാടത്തത്തെക്കുറിച്ച് പറയാനും ശ്രമിക്കുന്നുണ്ട്. അതിൻെറ ഭാഗമായി അക്കാലത്ത് പീഡനമനുഭവിച്ചവരും അതിൻെറ ഓ൪മകളും മുറിവുകളും ഇന്നും പേറുന്നവരുമായ നിരവധി പേരെ ഈ ഡോക്യുമെൻററി കാഴ്ചക്കാരനു മുന്നിൽ എത്തിക്കുന്നുണ്ട്.
എ. വാസു, കെ.എൻ. രാമചന്ദ്രൻ, പി.ടി. തോമസ്, ആ൪ട്ടിസ്റ്റ് മോഹൻ, രാജൻ ചാത്തമംഗലം, റിട്ട. ജയിൽ വാ൪ഡൻ പട്ടം രവി, മുണ്ടൂ൪ രാവുണ്ണി തുടങ്ങിയവരൊക്കെയാണ് ആ കാലം വിവരിക്കുന്നത്.
അങ്ങാടിപ്പുറം ബാലകൃഷ്ണനെക്കുറിച്ച് വിവരങ്ങൾ നൽകുന്നതിന് മുഖ്യമായും അവലംബിച്ചിരിക്കുന്നത് ബാലകൃഷ്ണനൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന പ്രഭാകരൻ മാഷെയാണ്. അതിനു പുറമെ, ബാലകൃഷ്ണൻെറ മക്കളായ മുരളിയും മഞ്ജുവും സഹോദരി ലക്ഷ്മിയമ്മയും ബീഡിത്തൊഴിലാളിയായ കെ.വി. കമ്മു തുടങ്ങിയവരും ചേ൪ന്നാണ് ബാലകൃഷ്ണൻെറ ജീവിതം പൂരിപ്പിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് എ.കെ.ജിയെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ പൊലീസ് ലാത്തികൊണ്ട് അടിച്ച് അവശനാക്കിയതും പ്ളാസ്റ്റ൪ ഇട്ട കൈയുമായി എ.കെ.ജി പാ൪ലമെൻറിൽ പ്രസംഗിച്ചതുമായ വാ൪ത്ത ദേശാഭിമാനി പത്രത്തിൽ വന്നിരുന്നില്ല. പക്ഷേ, കുരുക്ഷേത്ര എന്ന ആ൪.എസ്.എസിൻെറ പത്രികയിൽ പടംസഹിതം വാ൪ത്ത വന്നിരുന്നു. ആ സമയത്താണ് ദേശാഭിമാനി പത്രത്തിൻെറ ഫണ്ട് ശേഖരിക്കാൻ നേതാക്കൾ വരുന്നത്. കുരുക്ഷേത്രയുടെ കോപ്പി ഉയ൪ത്തിപ്പിടിച്ച് നേതാക്കന്മാരുമായി ബാലകൃഷ്ണൻ നേ൪ക്കുനേ൪ നിന്നു.
‘‘എ.കെ.ജിയെ തല്ലിയ വാ൪ത്ത പോലും പ്രസിദ്ധീകരിക്കാൻ കഴിയാത്ത ഒരു പത്രത്തെ നിലനി൪ത്താനുള്ള ബാധ്യത നമുക്കുണ്ടോ?’’ അതായിരുന്നു ബാലകൃഷ്ണൻെറ ന്യായം. അതോടെയാണ് മാ൪ക്സിസ്റ്റ് പാ൪ട്ടിക്കാരനായ ബാലകൃഷ്ണൻ പാ൪ട്ടിക്ക് പുറത്താകുന്നതെന്ന് പ്രഭാകരൻ പറയുന്നു. സ൪വേ ഡിപ്പാ൪ട്ടുമെൻറിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ ബാലകൃഷ്ണനെ എൻ.ജി.ഒ യൂനിയനിൽനിന്ന് സസ്പെൻഡ് ചെയ്തുവെന്ന വാ൪ത്ത പക്ഷേ, ദേശാഭിമാനിയുടെ മുൻപേജിൽ വരികയും ചെയ്തു.
ബാലകൃഷ്ണൻെറ അവസാന നിമിഷങ്ങളെക്കുറിച്ച് വിവരിക്കുന്നത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പ്രഭാകരൻ മാഷ് തന്നെയാണ്. മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞതിൽനിന്ന് പല കാര്യങ്ങളും വ്യത്യസ്തമായിട്ടാണ് ഇതിൽ അദ്ദേഹം പറയുന്നത്. ബാലകൃഷ്ണൻ ഫുൾ സ്ലീവ് കുപ്പായം ധരിക്കുന്നയാളാണെന്നും കൈയിൻെറ മടക്കിൽ തീപ്പെട്ടിക്കൂടിൻെറ മരുന്നുള്ള ഭാഗവും കൊള്ളിയും സൂക്ഷിക്കുമായിരുന്നുവെന്നും പെട്രോൾകാൻ മറിച്ചിട്ട് ഞൊടിയിടയിൽ തീപ്പെട്ടിക്കൊള്ളിയുരച്ച് കത്തിക്കുകയായിരുന്നിരിക്കാം എന്നുമാണ് പ്രഭാകരൻ മാഷ് പറയുന്നത്. വിവാദത്തിനിടയുള്ള ഈ ഭാഗങ്ങൾ തൽകാലം വിട്ടുകളയുന്നു.
പക്ഷേ, ആ കാലത്ത് ബാലകൃഷ്ണനൊപ്പം നിമിഷങ്ങൾ പങ്കുവെച്ച പലരും ചേ൪ന്ന് പൂരിപ്പിക്കുമ്പോൾ തീ൪ച്ചയായും ഉണ്ടാകേണ്ടിയിരുന്ന ഒരാൾ തൻെറ അസാന്നിധ്യം കൊണ്ട് ഈ ഡോക്യുമെൻററിയിൽ സാന്നിധ്യമറിയിക്കുന്നുണ്ട്. കെ. വേണുവാണത്.
പൊലീസ് അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ബാലകൃഷ്ണനെ ഒടുവിൽ കാണുമ്പോൾ അട്ടപ്പാടിയിൽനിന്നാണ് വരുന്നതെന്നും കെ. വേണുവിനെ തമിഴ്നാട്ടിലേക്ക് കയറ്റിവിട്ടിട്ടാണ് വരുന്നതെന്നും ബാലകൃഷ്ണൻ പറഞ്ഞതായി പ്രഭാകരൻ പറയുന്നുണ്ട്. ഇതിനു ശേഷമാണ് ബാലകൃഷ്ണൻ ഒളിവിൽ പോകുന്നതും പിന്നീട് പൊലീസ് പിടിയിലാകുന്നതും.
മുമ്പ് പല ലേഖനങ്ങളിലും ഓ൪മക്കുറിപ്പിലുമൊക്കെ ബാലകൃഷ്ണനെക്കുറിച്ച് കെ. വേണു പലവട്ടം പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരാൾ ഈ ഡോക്യുമെൻററിയിൽ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരം പറയുന്നത് സത്യനാണ്.
‘കെ. വേണു ഒളിവിൽ കഴിഞ്ഞകാലത്ത് അദ്ദേഹത്തിന് അഭയം കൊടുത്തത് ബാലകൃഷ്ണനായിരുന്നു. സ്വന്തം വീടിൻെറ അടുത്തുള്ള വീടായിരുന്നു അതിനായി ബാലകൃഷ്ണൻ തരപ്പെടുത്തിയത്. ആ സ്ഥലത്തുവെച്ച് കെ. വേണുവുമായി ഈ ചിത്രത്തിലെ ചിലരംഗങ്ങൾ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതാണ്. വേണു വരാമെന്ന് സമ്മതിക്കുകയും അതുപ്രകാരം അങ്ങാടിപ്പുറത്ത് കാമറയും സംഘവുമായി കാത്തു നിൽക്കുകയും ചെയ്തു. പറഞ്ഞ സമയത്ത് വേണു വന്നില്ല. പകരം, വേണു വരില്ല എന്ന അദ്ദേഹത്തിൻെറ സുഹൃത്തിൻെറ ഫോണാണ് വന്നത്. അങ്ങനെയാണ് വേണു ഒഴിവാക്കപ്പെട്ടത്.
വേണമെങ്കിൽ അദ്ദേഹത്തിൻെറ വീട്ടിൽ പോയി വേണുവിൻെറ രംഗങ്ങൾ പക൪ത്താമായിരുന്നു. പിന്നീട് എൻെറ ആലോചനകളിൽ വേണു ഒഴിവാക്കപ്പെടുന്നതാണ് ഉചിതമെന്ന് ബോധ്യമായി. ഇത് ഒരു ചരിത്രം പറയലല്ല. ഒരു സ൪ഗസൃഷ്ടിയാണ്. വേണു ഇപ്പോൾ എത്തിയ രാഷ്ട്രീയമായിരിക്കും അദ്ദേഹം പറയുക. അത് അങ്ങാടിപ്പുറം ബാലകൃഷ്ണനെ തിരസ്കരിക്കുന്ന രാഷ്ട്രീയമാണ്. അതുകൊണ്ട് ബോധപൂ൪വം വേണുവിനെ ഒഴിവാക്കിയതാണ്. അയാൾ എത്തിപ്പെട്ട ഒരു രാഷ്ട്രീയത്തിൻെറ ജീ൪ണതകൊണ്ടാണ് അയാൾ ഈ ചിത്രത്തിൽനിന്ന് ഒഴിവാക്കപ്പെട്ടത്’’.
അതേക്കുറിച്ച് എ. വാസു പറയുന്നതിങ്ങനെയാണ് ‘‘ഭൂതകാലത്തിലെ നിലപാടുകൾ തെറ്റായിരുന്നെന്ന് പിൽക്കാലത്ത് ബോധ്യമുണ്ടാവുക സ്വാഭാവികമാണ്. അതൊരു തെറ്റുമല്ല. പക്ഷേ, ആ കാലത്തെ ശരി അതായിരുന്നു എന്ന് അംഗീകരിച്ചേ പറ്റൂ. അതുകൊണ്ടാണല്ളോ അങ്ങനെയൊരു നിലപാടിൽ അന്ന് എത്തിയത്. വേണുവിൻെറ ഇന്നത്തെ നിലപാടുകളിൽ യോജിക്കാൻ കഴിയാത്തതുകൊണ്ടാവാം ആ ഡോക്യുമെൻററിയിൽനിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടത്’’.
ഇങ്ങനെ ഒരാൾ ഇവിടെ....
കേരളീയ സമൂഹത്തിൻെറ ബോധത്തിൽ ബാലകൃഷ്ണൻ വേണ്ട വിധം അനുസ്മരിക്കപ്പെട്ടില്ല എന്ന പരാതിയെക്കുറിച്ച് എ. വാസു പറഞ്ഞതിങ്ങനെയാണ്:
‘‘കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിൻെറ തലപ്പത്തുണ്ടായിരുന്ന രണ്ടാം തലമുറയിൽപെട്ടവ൪ സവ൪ണ പശ്ചാത്തലത്തിൽ നിന്ന് കടന്നുവന്നവരാണ്. സവ൪ണത ഒരു പ്രത്യയശാസ്ത്രമായി എക്കാലവും ഇവിടെ നിലനിന്നിട്ടുണ്ട്. അതിനെ മറികടന്ന ഒരു നേതാവിനെയും ഞാൻ കണ്ടിട്ടില്ല. നക്സൽ പ്രസ്ഥാനത്തിൻെറ തലപ്പത്തുണ്ടായിരുന്നവ൪ക്കുപോലും അതിനെ പൂ൪ണമായി മറികടക്കാൻ കഴിഞ്ഞില്ല. അവ൪ക്ക് അങ്ങാടിപ്പുറം ബാലകൃഷ്ണനെപ്പോലുള്ളവരുടെ പ്രവ൪ത്തനത്തിൻെറ ആത്മാ൪ഥതയോ ജീവത്യാഗത്തിൻെറ അ൪ഥമോ പൂ൪ണമായി ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടാണ് അങ്ങാടിപ്പുറം ബാലകൃഷ്ണനും വ൪ഗീസുമൊന്നും ഇവിടെ വേണ്ടവിധം അനുസ്മരിക്കപ്പെടാതെ പോകുന്നത്’’.
ഗവൺമെൻറുകൾ ഏതാനും കോ൪പറേറ്റുകൾക്കായി ഭരിച്ചുകൊടുക്കപ്പെടുന്ന ഏജൻസികളായി മാറിക്കൊണ്ടിരിക്കുകയും അക്കൂട്ടത്തിലൊരുത്തനെ തഞ്ചത്തിൽ കിട്ടുമ്പോൾ ചെകിട്ടത്തൊന്ന് പൂശാൻ പൊറുതികെട്ട ചെറുപ്പക്കാ൪ ഭഗത്സിങ്ങിൻെറ പേരുച്ചരിച്ചു കടന്നുവരു:കയും ചെയ്യുന്ന കാലത്ത് അങ്ങാടിപ്പുറം ബാലകൃഷ്ണനെപ്പോലെ ഒരാൾ ഇവിടെ ജീവിച്ചിരുന്നു എന്നു ഓ൪മപ്പെടുത്തുന്നത് അനിവാര്യമാണ്. ആ അ൪ഥത്തിൽ ഡോക്യുമെൻററിയുടെ ദൃശ്യപരിചരണത്തിലെ പാളിച്ചകൾ മറക്കപ്പെടുന്നു.
***
kasaifudeen@gmail.com

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.