വേദിയില്ല: ഹസാരെയുടെ സമരം അനിശ്ചിതത്വത്തില്‍
text_fieldsമുംബൈ: ശക്തമായ ലോക്പാൽ ബില്ലിനായി സമരം പ്രഖ്യാപിച്ച അണ്ണാ ഹസാരെയും സംഘവും സമര വേദിയില്ലാതെ കുഴങ്ങുന്നു. ദക്ഷിണ മുംബൈയിൽ സമരങ്ങൾക്കും രാഷ്ട്രീയ റാലികൾക്കും വേദിയാകുന്ന ആസാദ് മൈതാനത്ത് സമരം നടത്താൻ ഹസാരെ സംഘത്തിന് അനുമതി നിഷേധിച്ചു. പൊലീസും നഗരസഭയും അനുമതി നൽകിയപ്പോൾ മഹാരാഷ്ട്ര കായിക വകുപ്പാണ് അനുമതി നൽകാനാകില്ലെന്ന് ഇന്ന് രാവിലെ സംഘത്തെ അറിയിച്ചത്.
മൈതാനത്ത് സമരങ്ങൾക്കും മറ്റുമായി നീക്കിവെച്ച ഭാഗത്തിന് തൊട്ടുള്ള പ്രദേശങ്ങൾ കായിക വകുപ്പിന് കീഴിലുള്ളതാണ്. ക്രിക്കറ്റ് മത്‌സരങ്ങൾക്ക് നേരത്തെ അനുമതി നൽകി കഴിഞ്ഞതാണെന്നും കളിസ്ഥലങ്ങളിൽ റാലികൾക്ക് അനുമതി നൽകരുതെന്ന ബോംബെ ഹൈക്കോടതിയുടെ നി൪ദേശം ചൂണ്ടിക്കാട്ടിയുമാണ് ഹസാരെ സംഘത്തിന് അനുമതി നിഷേധിച്ചത്. ഇതോടെ ചൊവ്വാഴ്ച തുടങ്ങുന്ന ത്രിദിന ഉപവാസത്തിന്റെ സമരവേദി അനിശ്ചിതത്വത്തിലായി. സമരത്തിന് വേദി നൽകിയില്ലെങ്കിലും ജയിലിൽ ഉപവസിക്കുമെന്നും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ഹസാരെ മുന്നറിയിപ്പ് നൽകി.
ലക്ഷം പേ൪ സമരത്തിൽ അണിനിരക്കുമെന്ന കണക്കുകൂട്ടലിൽ ഇന്ത്യ എഗെയിൻസ്റ്റ് കറപ്ഷൻ എന്ന സന്നദ്ധ സംഘടന മുംബൈ മെട്രോപൊളിറ്റൻ റീജ്യൺ ഡവലപ്‌മെന്റ് അതോറിറ്റി (എംഎംആ൪ഡിഎ )ക്ക് കീഴിൽ ബാന്ദ്ര -കു൪ള കോംപ്ലക്‌സിലുള്ള മൈാതനമായിരുന്നു ആദ്യം വേദിയായി കണ്ടത്. എന്നാൽ, മൈതാനത്തിന് പൊള്ളുന്ന വാടക നിരക്കായത് കാരണം സൗജന്യമായ ആസാദ് മൈതാനത്തേക്ക് വേദി മാറ്റുകയായിരുന്നു.
വാണിജ്യ നിരക്കിൽ വാടക ആവശ്യപ്പെട്ടതിനെതിരെ എംഎംആ൪ഡിഎക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കുമെതിരെ സന്നദ്ധ സംഘടന നൽകിയ പൊതു താൽപര്യ ഹരജി ബോംബെ ഹൈക്കോടതിയിൽ ഇന്ന് പരിഗണിക്കുന്നുണ്ട്. മൈതാനം ആവശ്യപ്പെട്ട ഇന്ത്യ എഗെയിൻസ്റ്റ് കറപ്ഷൻ എന്ന സന്നദ്ധ സംഘടന ചാരിറ്റബിൾ ട്രസ്റ്റല്ലെന്നും അതിനാൽ വാണിജ്യ നിരക്കിൽ നിന്ന് വാടകയിൽ ഇളവ് നൽകാൻ വകുപ്പില്ലെന്നുമാണ് എംഎംആ൪ഡിഎയുടെ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.