പുഷ്പഗിരിയില്‍ സമരക്കാരെ ആശുപത്രി വളപ്പിന് പുറത്താക്കി
text_fieldsതിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളജിൽ സമരം നടത്തുന്ന നഴ്സുമാരെ ആശുപത്രി വളപ്പിന് പുറത്താക്കി. വെള്ളിയാഴ്ച വൈകുന്നേരം 3.30ന് അത്യാഹിത വിഭാഗത്തിന് മുന്നിൽ സമരം ആരംഭിച്ചവരെ രാത്രി 9.30ഓടെ പൊലീസെത്തി ആശുപത്രി വളപ്പിന് പുറത്തേക്ക് പറഞ്ഞുവിടുകയായിരുന്നു.
തിരുവല്ല ഡിവൈ.എസ്.പി വി.ജി. വിനോദ്കുമാറും സംഘവും ആവശ്യപ്പെട്ടതനുസരിച്ച് നഴ്സുമാ൪ ആശുപത്രിയുടെ പ്രവേശകവാടത്തിലേക്ക് സമരം മാറ്റുകയായിരുന്നു.
2003ൽ ഹൈകോടതി പുഷ്പഗിരി ആശുപത്രി വളപ്പിൽ കൂട്ടംകൂടുകയോ പ്രകടനം നടത്തുകയോ സമരം ചെയ്യുകയോ അനുവദിക്കരുതെന്നും ആശുപത്രിക്ക് സംരക്ഷണം നൽകണമെന്നും പൊലീസിന് നി൪ദേശം നൽകിയിരുന്നു.
ഈ ഉത്തരവ് നിലനിൽക്കുന്നതിനാലാണ് ഡിവൈ.എസ്.പി നേതൃത്വത്തിലെ പൊലീസ് സംഘം സമരക്കാരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടത്. നഴ്സുമാ൪ ഉൾപ്പെടെ മുന്നൂറോളം ജീവനക്കാ൪ പൂ൪ണമായും സമരത്തിൽ പങ്കെടുക്കുകയാണ്.
ഇതോടെ ക്രിട്ടിക്കൽ ഐ.സി.യുവിലും മറ്റും സേവനം അനുഷ്ഠിച്ചിരുന്ന നഴ്സുമാരുടെ സേവനവും പൂ൪ണമായും നിലച്ചു. ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾക്ക് അത്യാഹിത വിഭാഗത്തിൽ ശുശ്രൂഷ നൽകുന്നില്ല. പ്ളക്കാ൪ഡുകളുമേന്തി സമാധാനപരമായാണ് സമരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.