ആ ചിരിയുറവ വറ്റിയിട്ട് 34 ആണ്ട്
text_fieldsലോകത്തെ മുഴുവൻ പൊട്ടിച്ചിരിപ്പിച്ച ചാ൪ലി ചാപ്ലിൻ കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് ഡിസംബ൪ 25ന് 34 ആണ്ട് . ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ആ മഹാനടൻ ഒട്ടും മായാതെ ഒട്ടും ഉലയാതെ ജീവിക്കുന്നു. നൂറ്റാണ്ടിലധികം പ്രായമുള്ള തമാശകൾ പുതിയ തലമുറയിൽ പോലും ചിരിയുടെ മാലപ്പടക്കം തീ൪ക്കുന്നു. വെള്ളിത്തിരയിൽ പിന്നീട് നമ്മെ പൊട്ടിച്ചിരിപ്പിച്ച പല തമാശകളും മുറിമീശക്കാരനായ, അയഞ്ഞ് ഊ൪ന്ന് വീഴാൻ നിൽക്കുന്നപോലുള്ള കാലുറയും വലിയ ഷൂസും വട്ടത്തൊപ്പിയുമിട്ട് ചൂരൽവടി വീശി പ്രത്യേക താളത്തിൽ നടക്കുന്ന ഈ ചെറിയ വലിയ മനുഷ്യനിൽ നിന്ന് കടമെടുത്തതാണെന്നാണ് വാസ്തവം.
ചാൾസ് ചാപ്ലിന്റെയും ഹന്ന ചാപ്ലിന്റെയും പുത്രനായി 1889 ഏപ്രിൽ 16 നാണ് അദ്ദേഹം ജനിക്കുന്നത്. ചാൾസ് സ്പെൻസ൪ ചാപ്ലിൻ എന്നാണ ്മുഴുവൻ പേര്. അഛൻ നടനും അമ്മ പാട്ടുകാരിയും. പട്ടിണിയും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു ചാപ്ലിന്റെ ബാല്യം. അഛന്റെ അമിത മദ്യപാനവും മരണവും അമ്മയുടെ മാനസിക രോഗവും അദ്ദേഹത്തിന്റെ ബാല്യത്തെ കുടുസ്സുമുറികളിലേയും അനാഥമന്ദിരങ്ങളിലേയും നിറമില്ലാത്ത ദിനങ്ങളിൽ തളച്ചിട്ടു. ഇതിനിടയിൽ സന്ദേശവാഹകൻ, അച്ചടിത്തൊഴിലാളി, കളിപ്പാട്ട നി൪മ്മാതാവ്, കണ്ണാടിവാ൪പ്പു പണിക്കാരൻ, ഡോക്ടറുടെ വേലക്കാരൻ തുടങ്ങി ഒട്ടേറെ ജോലികൾ നിത്യവൃത്തിക്കായി ചെയ്തു. അപ്പോഴൊക്കെയും ഒരു നടനാവുക എന്ന അദമ്യമായ ആഗ്രഹം ചാപ്ലിന്റെ ഉള്ളിലുണ്ടായിരുന്നു. പാരമ്പര്യമായി പക൪ന്നുകിട്ടിയ അഭിനയസിദ്ധിയും പരിശ്രമവും സ്ഥിരോത്സാഹവും ചാ൪ലി ചാപ്ലിനെ മഹാനായ ചലച്ചിത്രകാരനാക്കി മാറ്റി.പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭയായി അദ്ദേഹം ലോകം കീഴടക്കി. ചാപ്ലിന്റെ നിശãബ്ദ ചിത്രങ്ങൾ ഇന്നും നമ്മെ കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു.
അഞ്ചാം വയസ്സിലാണ് ചാപ്ലിൻ ആദ്യം അഭിനയിക്കുന്നത്. രോഗബാധിതനായി കുറച്ച് കാലം കിടപ്പിലായ കുഞ്ഞു ചാപ്ലിന് പുറത്ത് നടന്ന കാര്യങ്ങൾ അമ്മ അഭിനയിച്ച് കാണിച്ച് കൊടുക്കാറുണ്ടായിരുന്നു. അമ്മയുടെ സ്നേഹപൂ൪ണമായ പരിചരണം ചാപ്ലിനിലെ കലാകാരന് വള൪ച്ചയിലേക്കുള്ള ചവിട്ടു പടിയായിരുന്നു. പിന്നീട് എപ്പോഴോ അമ്മയുടെ ലോകത്ത് നിന്ന് നിറങ്ങളും സ്വപ്നങ്ങളും മാഞ്ഞ് പോയി.
ചാപ്ലിൻ വെറുമൊരു സാധാരണ ചലച്ചിത്രകാരനായിരുന്നില്ല. അദ്ദേഹം തന്റെ കഥാപാത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള നിന്ദിത൪ക്കും പീഡിത൪ക്കും വേണ്ടി പൊരുതി. യുദ്ധവിരുദ്ധ സംരംഭങ്ങളോടും സ്വാതന്ത്യ്രപ്രസ്ഥാനങ്ങളോടും സഹകരിച്ച ചാപ്ലിൻ കടുത്ത ഫാസിസ്റ്റ് വിരുദ്ധനായിരുന്നു. ചലച്ചിത്രത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം നിറഞ്ഞുനിന്നു. ആ ജീവിതം ലോകസിനിമയുടെ തന്നെ ചരിത്രമാണ്.
അമേരിക്കയിൽവെച്ചാണ് അദ്ദേഹം സിനിമയുമായി ബന്ധപ്പെടുന്നത്. 1914 മുതൽ 1976 വരെയുള്ള ചലച്ചിത്രജീവിതത്തിൽ എൺപതിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. നാസിസത്തിനെതിരായ പോരാട്ടമായിരുന്നു 'ഗ്രേറ്റ് ഡിക്ടേറ്റ൪' എന്ന ചാപ്ലിൻ സിനിമ .യുദ്ധത്തിനും സ്വേച്ഛാധിപത്യത്തിനും എതിരെ സംസാരിക്കുകയും, ഹിറ്റ്ലറുടെ സിദ്ധാന്തത്തെ എതി൪ക്കുകയും ചെയ്യുന്ന സിനിമ പുറത്തിറങ്ങിയതോടെ മാധ്യമങ്ങൾ ചാപ്ലിനെ കമ്യൂണിസ്റ്റായി മുദ്രകുത്തി. എല്ലാ മേഖലകളിൽനിന്നും എതി൪പ്പുകളുണ്ടായതിനെത്തുട൪ന്ന് ചാപ്ലിന് അമേരിക്ക വിട്ടുപോകേണ്ടിവന്നു. ചാപ്ലിനും കുടുംബവും സ്വിറ്റ്സ൪ലണ്ടിൽ സ്ഥിരതാമസമാക്കി.
1975 മാ൪ച്ചിൽ ബ്രിട്ടീഷ് രാജ്ഞി അദ്ദേഹത്തെ 'സ൪' പദവി നൽകി ആദരിച്ചു. ചാപ്ലിന് രണ്ട് പ്രത്യേക ഓസ്കാ൪ പുരസ്കാരങ്ങൾ ലഭിച്ചു. "ഏറ്റവും നല്ല നടൻ", "ഏറ്റവും നല്ല ഹാസ്യ ചിത്രത്തിന്റെ സംവിധായകൻ" എന്നീ പുരസ്കാരങ്ങൾക്കായിരുന്നു ആദ്യം തെരഞ്ഞെടുത്തത്. എന്നാൽ ഇതിന് പകരം അഭിനയം, കഥാരചന, സംവിധാനം, നി൪മ്മാണം എന്നിവയിലുള്ള വൈവിധ്യത്തിനും അസാമാന്യ പ്രതിഭക്കുമുള്ള പ്രത്യേക പുരസ്കാരമാണ് അദ്ദേഹത്തിന് നൽകിയത്. ചാപ്ലിന്റെ രണ്ടാമത്തെ പുരസ്കാരം 44 വ൪ഷങ്ങൾക്കു ശേഷം 1972ൽ ആണ് വന്നത്. ഈ പുരസ്കാരം ലഭിച്ചപ്പോൾ ഓസ്കാ൪ പുരസ്കാരങ്ങളുടെ ചരിത്രത്തി തന്നെ ഏറ്റവും കൂടുതൽ നേരം കാണികൾ എഴുന്നേറ്റുനിന്ന് കൈ അടിച്ചത് ചാപ്ലിനു വേണ്ടിയായി.
തനിക്ക് മനസ്സു തുറന്ന് ചിരിക്കാനാവുന്നില്ലെന്ന പരാതിയുമായി അടുത്തെത്തിയ രോഗിയോട് സന്തോഷിക്കാനായി ചാപ്ലിൻ സിനിമ കാണാൻ ഡോക്ട൪ നി൪ദ്ദേശിക്കുന്നു. അപ്പോൾ അങ്ങേ അറ്റം നിസ്സഹായനായി ആ മനുഷ്യൻ പറഞ്ഞു. 'ഞാനാണ് നിങ്ങൾ പറഞ്ഞ ചാപ്ലിൻ'. അങ്ങിനെ ലോകത്തെ മുഴുവൻ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും ആഅതുല്യ പ്രതിഭ 1977 ഡിസംബറിലെ മഞ്ഞുറഞ്ഞഒരു ക്രിസ്തുമസ്സ് നാളിൽ ഈ ലോകത്തോട് വിടപറഞ്ഞു. ഒരിക്കലെങ്കിലും ഒന്ന് പൊട്ടിച്ചിരിക്കാനുള്ള തന്റെ മോഹം ബാക്കിയാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.