റെയില്‍വേ അവഗണന; മൂന്ന് എഫ്.സി.ഐ ഗോഡൗണുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
text_fieldsതിരുവനന്തപുരം: റെയിൽവേയുടെ അവഗണന മൂലം സംസ്ഥാനത്തെ മൂന്ന് എഫ്.സി.ഐ ഗോഡൗണുകൾ അടച്ച്പൂട്ടൽ ഭീഷണിയിൽ. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങൾ കൊണ്ടുവരാനുള്ള വാഗണുകൾ അനുവദിക്കാത്തതാണ് കാരണം. കുറ്റിപ്പുറം, അങ്ങാടിപ്പുറം, നീലേശ്വരം ഗോഡൗണുകളാണ് ഭീഷണി നേരിടുന്നത്. കുറ്റിപ്പുറം, അങ്ങാടിപ്പുറം ഗോഡൗണുകൾ മൂന്ന് മാസമായി പൂട്ടിക്കിടക്കുകയാണ്. ഇതോടെ കാസ൪കോട്, മലപ്പുറം ജില്ലകളിലെ ഭക്ഷ്യധാന്യ വിതരണം അവതാളത്തിലായി. മൂന്നിടങ്ങളിലുമായുള്ള അഞ്ഞൂറോളം തൊഴിലാളികൾ തൊഴിൽ രഹിതരായി.
ഒരേസമയം മുഴുവൻ റേക്കുകളും (ബോഗി) ഉൾക്കൊള്ളുന്ന വാഗണുകൾ നി൪ത്താൻ സാധിക്കാത്തതിനാലാണ് റെയിൽവേ ഗോഡൗണുകളിലേക്ക് വാഗണുകൾ അയക്കാത്തത്. എന്നാൽ മൂന്നിടത്തും വാഗണുകൾ എത്തിക്കുന്നതിന് ആവശ്യമായ തുക മാസം തോറും എഫ്.സി.ഐ നൽകുന്നുമുണ്ട്.
ആന്ധ്രാപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നാണ് ഭക്ഷ്യധാന്യങ്ങൾ വരുന്നത്. ചെറിയ ഗോഡൗണുകളിലേക്ക് ഉൾപ്പെടെ മാസം തോറും വിവിധ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് ആവശ്യമായ ഇന്റന്റ് അയക്കുകയാണ് പതിവ്. 42 റേക്കുകൾ അടങ്ങുന്ന ഒരു വാഗൺ ഒരുമിച്ച് നി൪ത്താൻ സാധിക്കാത്തതിനാൽ രണ്ട് സ്ഥലങ്ങളിലേക്കുള്ള 'ടു പോയന്റ് കോമ്പിനേഷൻ' സംവിധാനത്തിലും ഫുൾ റേക്ക് ആയി വരുന്ന വാഗണുകൾ രണ്ടിടത്തേക്ക് വിഭജിക്കുന്ന 'സ്പ്ലിറ്റ്' സംവിധാനത്തിലുമാണ് വാഗണുകൾ ബുക്ക് ചെയ്യുന്നത്. ഇങ്ങനെ ബുക്ക് ചെയ്യുന്ന വാഗണുകൾക്ക് യഥാ൪ഥ ചരക്ക് കൂലിയേക്കാൾ ലക്ഷങ്ങൾ അധികം നൽകണം. ഭക്ഷ്യധാന്യത്തിന്റെ തൂക്കം, യാത്രാദൂരം എന്നിവ കണക്കാക്കിയാണ് കൂലി നിശ്ചയിക്കുന്നത്. ടു പോയന്റ് കോമ്പിനേഷനിൽ ബുക്ക് ചെയ്യുമ്പോൾ എഫ്.സി.ഐ 1.45 ലക്ഷം രൂപ അധികം നൽകണം. കൂടാതെ വാഗണുകൾ തിരിച്ചയക്കാൻ വൈകുന്നതിന് ഓരോ റേക്കിനും മണിക്കൂറിന് നൂറ് രൂപ വീതവും അധികം നൽകണം. സ്പ്ലിറ്റ് സംവിധാനത്തിലാണെങ്കിൽ ഇവ കൂടാതെ ചരക്ക് കൂലിയുടെ 20 ശതമാനം തുക ടെ൪മിനൽ നിരക്കായും നൽകണം. ഇത്രയും തുക നൽകിയാണ് വ൪ഷങ്ങളായി എഫ്.സി.ഐ ഗോഡൗണുകളിലേക്ക് ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നത്.
വാഗണുകൾ എത്താത്തതിനാൽ മാസങ്ങളായി മലബാറിൽ റേഷൻ കടകളിൽ അരി വിതരണം മുടങ്ങി കിടക്കുകയാണ്. വെസ്റ്റ്ഹിൽ, തിക്കോടി എന്നിവിടങ്ങളിൽ നിന്ന് റോഡ്മാ൪ഗമാണ് ഇപ്പോൾ മലപ്പുറം ജില്ലയിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നത്. കുറ്റിപ്പുറം ഗോഡൗണിൽ ഒരേ സമയം 16 റേക്കുകളേ നി൪ത്താൻ കഴിയൂ. 21 റേക്കുകൾ അയച്ചാൽ തന്നെ രണ്ട് തവണയായാണ് ഇറക്കാനാകുക. അങ്ങാടിപ്പുറത്ത് 15 റേക്കുകൾ നി൪ത്താനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളൂ. ഇത് നവീകരിച്ചിട്ടുണ്ടെങ്കിലും വാഗൺ വന്ന് തുടങ്ങിയിട്ടില്ല. കണ്ണൂരിലെ പയ്യന്നൂരിൽ നിന്നാണ് നീലേശ്വരത്തേക്കുള്ള റേക്കുകൾ പോകുന്നത്. ഇവിടെയും 15 എണ്ണമേ നി൪ത്താനാകൂ. അതേസമയം എഫ്.സി.ഐ ഉം റെയിൽവേയും തമ്മിലുള്ള ശീതസമരത്താലാണ് വാഗണുകൾ അയക്കാത്തതെന്നാണ് അറിയുന്നത്. എഫ്.സി.ഐ കൃത്യമായി പണം നൽകിയാലും റെയിൽവേ വാഗണുകൾ വിട്ട് നൽകുന്നില്ലെന്നാണ് എഫ്.സി.ഐ വൃത്തങ്ങൾ പറയുന്നത്. റോഡ് മാ൪ഗം ഭക്ഷ്യധാന്യങ്ങൾ അയക്കുന്നതിലൂടെ എഫ്.സി.ഐ ജീവനക്കാ൪ക്ക് ലോറി ഉടമകളിൽ നിന്നും കമീഷൻ ലഭിക്കുന്നതിനാലാണ് അവ൪ വാഗൺ ആവശ്യപ്പെടാത്തതെന്നും ആരോപണമുണ്ട്. റെയിൽവേ അധികൃത൪ സിമന്റ് പോലുള്ളവ അയക്കാൻ വാഗണുകൾ കൃത്യമായി വിട്ട്കൊടുക്കാറുണ്ടെങ്കിലും ഭക്ഷ്യധാന്യ വിതരണത്തിന് മാത്രമാണ് വിമുഖത കാണിക്കുന്നത്. അസൗകര്യങ്ങളുടെ പേരിൽ വാഗണുകൾ അനുവദിക്കാത്ത സ്ഥലങ്ങൾ നവീകരിക്കാൻ സൗകര്യമുണ്ടായിട്ടും അതിന് മുതിരാത്തത് റെയിൽവേക്ക് സംസ്ഥാനത്തോടുള്ള അവഗണന മൂലമാണെന്ന് എ. സമ്പത്ത് എം.പി 'മാധ്യമ'ത്തോട് പറഞ്ഞു. മാ൪ച്ച് 31ന് ശേഷം പഴയ രീതിയിൽ വാഗണുകൾ അയക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.