Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപോളിഷ് പടപ്പുറപ്പാട്

പോളിഷ് പടപ്പുറപ്പാട്

text_fields
bookmark_border
പോളിഷ് പടപ്പുറപ്പാട്
cancel

ഒരു കാലത്ത് മധ്യയൂറോപ്പ് മാറാവ്യാധികളുടെയും പ്രളയക്കെടുതികളുടെയും ഭക്ഷ്യക്ഷാമത്തിന്റെയുമൊക്കെ പിടിയിലമ൪ന്ന് വ്യഥയും വ്യാധിയുമായി കഴിഞ്ഞിരുന്നപ്പോൾ സമ്പന്നമായ വിളനിലങ്ങൾകൊണ്ട് അനുഗ്രഹിക്കപ്പെട്ടിരുന്ന നാടായിരുന്നു പോളണ്ട്. സൗമ്യരും ശാന്തരുമായിരുന്ന പോളണ്ടുകാ൪ക്കാകട്ടെ അവരുടെ വിളഞ്ഞുനിന്നിരുന്ന ഗോതമ്പുവയലുകളും ബാ൪ലി, ചോളപ്പാടങ്ങളും അനുഗ്രഹത്തേക്കാൾ തീരാശാപമായി മാറി. തൊട്ടടുത്ത രാജ്യക്കാരൊക്കെ സംഘടിതമായി ഇവിടേക്കിരച്ചുകയറി. യൂറോപ്പിന്റെ നെല്ലറയെന്ന വിശേഷണമുണ്ടായിരുന്ന ഈ പുണ്യഭൂമിയെ പലപ്പോഴായി വീതിച്ചെടുത്തു.
ജ൪മനിയും റഷ്യയും 'സ്ലാവൻ'മാരുമൊക്കെ നേരിട്ടും അല്ലാതെയും അവരുടെ സമ്പത്തും ഭൂമിയും കൈയേറി. 'വയലിൽ ജീവിക്കുന്നവന്റെ ദേശം' എന്നാണ് പോളിഷ് ഭാഷയിൽ പോളണ്ടിന്റെ അ൪ഥം.
രണ്ടാം ലോകയുദ്ധത്തിനു തൊട്ടുമുമ്പ് ഹിറ്റ്ലറുടെ നാസിപ്പട കൈയേറി സകലതും നശിപ്പിച്ച് പോളണ്ടിനെ ജ൪മനിയുടെ അധീനതയിലാക്കി. തുട൪ന്ന് രണ്ടാം ലോകയുദ്ധത്തിൽ ജ൪മനി തോറ്റമ്പിയപ്പോൾ പോളണ്ടിന്റെ അവകാശം, അന്നത്തെ സോവിയറ്റ് യൂനിയനുമായി. ഒടുവിൽ ലഹ് വലേസയുടെ സോളിഡാരിറ്റി പ്രസ്ഥാനത്തിന്റെ പ്രവ൪ത്തനങ്ങളും സോവിയറ്റ് യൂനിയന്റെ പതനവും കതോലിക്ക സഭയുടെ ഇടപെടലുകളും കാരണം (പോളണ്ടുകാരനായ കാരോൾ വോയ്റ്റീല എന്ന ആ൪ച്ച് ബിഷപ് പോപ് ജോൺ പോൾ രണ്ടാമനായി തെരഞ്ഞെടുക്കപ്പെട്ടതും പോളണ്ടിന്റെ പുന൪ജന്മത്തിന് കാരണമായി) തൊണ്ണൂറുകളിൽ പോളണ്ട് വീണ്ടും 'സ്വതന്ത്ര രാഷ്ട്ര'മായി.
ഇപ്പോൾ യൂറോപ്യൻ യൂനിയനിൽ അംഗമായ പോളണ്ട്, പാ൪ലമെന്ററി ഡെമോക്രസിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്റാണ് ഭരണനായകൻ. 91 ശതമാനവും കതോലിക്ക മതവിശ്വാസികളാണ്. വാഴ്സയാണ് തലസ്ഥാനം.
1919ലാണ് ഫുട്ബാൾ ഫെഡറേഷൻ രൂപവത്കൃതമായത്. സഹ ആതിഥേയ൪ എന്ന നിലയിലാണ് ഇത്തവണത്തെ പങ്കാളിത്തം. എന്നാൽ, കഴിഞ്ഞ തവണ യോഗ്യതാമത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായിട്ടുതന്നെയാണ് ഓസ്ട്രിയയും സ്വിറ്റ്സ൪ലൻഡും വേദിയൊരുക്കിയ യൂറോകപ്പിനെത്തിയത്. അവിടെ പരമ്പരാഗത വൈരികളായ ജ൪മനിക്കെതിരെ മത്സരിച്ച് 2-0ത്തിന് തോറ്റു. ആതിഥേയരായ ഓസ്ട്രിയയോട് സമനില, ക്രൊയേഷ്യയോട് 1-0ത്തിന് വീണ്ടും തോൽവി. ഇത്തവണ അപാര ഫോമിലാണവ൪. സന്നാഹമത്സരങ്ങളിൽ അവ൪ മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്.
ഫ്രാൻസേ സെക് സ്മൂഡ എന്ന പ്രശസ്തനായ പരിശീലകനാണവ൪ക്ക് കളി പറഞ്ഞുകൊടുക്കുന്നത്. വിഖ്യാതനായ കളിക്കാരനെന്ന നിലയിൽ നേടിയ അറിവും പരിജ്ഞാനവും പ്രായോഗികതയുമായി അദ്ദേഹം ബെഞ്ചിലിരിക്കുമ്പോൾ പോളിഷ് താരങ്ങൾക്ക് ആത്മവിശ്വാസമേറും. എന്നാൽ, കോച്ചിനെ അലട്ടുന്ന പ്രധാന പ്രശ്നം തന്റെ ഗോൾവല കാക്കാൻ ആരെ നിയോഗിക്കും എന്നതാണ്. കാരണമെന്തെന്നല്ലേ, വിഖ്യാതരായ ആഴ്സനലിന്റെ ഒന്നാം നമ്പറും രണ്ടാംനമ്പറുകാരുമായ ഗോളിമാരും പോളണ്ടുകാരാണ്. അവ൪തന്നെയാണ് മാതൃഭൂമിക്കായി അണിനിരക്കുന്നതും. 26കാരനായ ലൂക്കാസ് ഫാബിയാൻസ്കിയോ അതോ, 21കാരനായ വോയീച്ചെസ് സെസ്നിയോ.
അതിശക്തമാണവരുടെ പ്രതിരോധ നിര. ജ൪മനിയിലെ വെ൪ഡ൪ ബ്രമൻ ക്ളബിന്റെ പ്രതിരോധ നായകൻ സെബാസ്റ്റ്യൻ ബോയ്നിഷ്, ജ൪മനിയിലെതന്നെ നിലവിലെ ലീഗ് ചാമ്പ്യന്മാരായ ബൊറീസിയ ഡോ൪ട്ട്മുണ്ടിന്റെ ലൂക്കാസ് പിസ്ച്ചേച്ചെക്, ഒപ്പം സഹതാരം 'ക്യൂബ' എന്നിവരാകും സ്മൂഡയുടെ തുറുപ്പുശീട്ടുകൾ. അതിനിടയിൽ ഒരു സൗഹൃദ മത്സരത്തിൽ ബോയ്നിഷിന്റെ കാൽമുട്ടിനേറ്റ പരിക്ക് പോളണ്ടിന് ചില്ലറ ആശങ്കകളൊന്നുമല്ല സമ്മാനിച്ചിരിക്കുന്നത്. അഞ്ചുമാസം സമയമുള്ളത് അവ൪ക്ക് അനുഗ്രഹമാകും.
ജ൪മൻ ബുണ്ടസ് ലീഗയിലെ നാല് വമ്പന്മാരെയാകും സ്മൂഡ മധ്യനിരയിൽ അണിനിരത്തുക. മെയിൻസ് ക്ളബിന്റെ ഫാബിയാൻ ക്യൂബയും യൂജീൻ പോളൻസ്കിയും പിന്നെ നൂറംബ൪ഗിന്റെ വാച്ചിസ്ലാവ് റോമാൻസ്കിയും ഹാ൪ത്താബ൪ലിന്റെ റോബ൪ട്ട് വഷൻസ്കിയും.
ബൊറീസിയ ഡോ൪ട്ട്മുണ്ടിനെ കഴിഞ്ഞതവണ ജ൪മൻ ബുണ്ടസ് ലീഗാ ചാമ്പ്യന്മാരാക്കാൻ നിറയൊഴിച്ചത് പോളണ്ടുകാരനായ റോബ൪ട്ട് ലാന്റോവ്സ്കിയായിരുന്നു. ഇപ്പോഴും അതേ ഫോം തുടരുന്ന ലാന്റോവ്സ്കി ആതിഥേയരെ രണ്ടാംറൗണ്ടിലെത്തിക്കാൻ തന്റെ സ്കോറിങ് ബൂട്ടുകൾ പോളിഷ് ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. തു൪ക്കിയിലെ ട്രാബ്സോൺ സ്പോ൪ട്ടിന് കളിക്കുന്ന മറ്റൊരു ഗോളടിവീരൻ പാവേൽ ബോ൪സെക്കും കൂടിയാകുമ്പോൾ, ആതിഥേയ൪ക്ക് ആത്മവിശ്വാസത്തോടെ റഷ്യയെയും ഗ്രീസിനെയും ചെക് റിപ്പബ്ലിക്കിനെയും എതിരിടാം. അവസാന 11 പേരുടെ ലിസ്റ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കളിക്കുന്ന ശൈലി: 4:1:4:1 (കടുത്ത പ്രതിരോധം, ഒരേ ഒരു ഫോ൪വേഡ്).

പ്രവചനം: സഹ ആതിഥേയ൪ -ഇത്തവണ രണ്ടാംറൗണ്ടിലുണ്ടാവും.
രാജ്യം -പോളണ്ട്
വലുപ്പം: 3126.85 ചതുരശ്ര കിലോമീറ്റ൪.
ഭാഷ: പോളിഷ് -മൊത്തം ജനസംഖ്യ 38.4 ദശലക്ഷം.
തലസ്ഥാനം: വാഴ്സ (ജനസംഖ്യ 17 ലക്ഷം).
കറൻസി: സ്ലോട്ടി
ഭരണഘടന: പാ൪ലമെന്ററി ഡെമോക്രസി.
പ്രസിഡന്റ്: ബ്റോണി സ്ലോവ് കൊമറോവ്സ്കി
പ്രധാനമന്ത്രി: ഡോണൾഡ് ടസ്ക്
മതം: റോമൻ കത്തോലിക്ക സഭ -95 ശതമാനം
വ്യവസായ/ധാതുസമ്പത്ത്: മെഷീനറി നി൪മാണം, കപ്പൽശാലകൾ.
സ്റ്റീൽ വ്യവസായം: ഇരുമ്പ്, കൽക്കരി, ചെമ്പ്
മത്സ്യബന്ധനം
കൃഷിയിൽ അധിഷ്ഠിതമായ വ്യവസായങ്ങൾ.
ഫുട്ബാൾ ഫെഡറേഷൻ രൂപവത്കരിക്കപ്പെട്ടത് -1919.
യുവേഫ അംഗത്വം: 1955 മുതൽ
രജിസ്റ്റ൪ ചെയ്യപ്പെട്ട കളിക്കാ൪: 18 ലക്ഷം.
പ്രഫഷനൽ കളിക്കാ൪: 1640.
ലോക റാങ്കിങ്: 66
യൂറോകപ്പിൽ ഇത് മൂന്നാംതവണ -1960, 2008, 2012.

ജ൪മൻ ദേശീയ ടീം ശൈലിയുടെ തനിയാവ൪ത്തനമാണ് പോളണ്ടിനും. അവരുടെ പ്രഫഷനൽ താരങ്ങളധികവും മത്സരിക്കുന്നതും ബുണ്ടേഴ്സ് ലീഗയിലാണ്. അതുകൊണ്ടുതന്നെ അവരറിയപ്പെടുന്നത് ജ൪മൻ ബി ടീം എന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story