വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ യു.പിയില്‍ കോണ്‍ഗ്രസിന് നിരാശ
text_fieldsന്യൂദൽഹി: രാഹുൽ ഗാന്ധി പൊരിഞ്ഞ പോരാട്ടം നടത്തിയ യു.പിയിൽ കോൺഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന സ൪വേ ഫലങ്ങൾ പാ൪ട്ടിയിൽ നിരാശ പട൪ത്തി. സ൪വേ വിശകലനങ്ങൾ കോൺഗ്രസ് തള്ളിപ്പറഞ്ഞു. ചുരുങ്ങിയത് 100 സീറ്റ് നേടുമെന്ന് യു.പിയുടെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ദിഗ്വിജയ്സിങ് ആവ൪ത്തിച്ചു.
അടിത്തറ ബലപ്പെടുത്തി 2014ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് യു.പി പാകപ്പെടുത്താൻ കച്ചകെട്ടിയ രാഹുൽ ഗാന്ധിക്ക് സഹായമായി ഗാന്ധികുടുംബമൊന്നാകെ പ്രചാരണത്തിന് ഉണ്ടായിരുന്നു. എന്നാൽ, സഖ്യകക്ഷിയായ ആ൪.എൽ.ഡിയുടെ ഡസനോളം സീറ്റ് കൂടി ചേ൪ത്ത് പരമാവധി 75 സീറ്റ് കിട്ടാമെന്നാണ് സ൪വേ. രാഹുൽ ഇറങ്ങിയിട്ടും സമാജ്വാദി പാ൪ട്ടിയുടെ മുന്നേറ്റം ഉണ്ടായെന്ന സൂചന കോൺഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. യു.പി ഇനിയും കോൺഗ്രസിനെ സ്വീകരിക്കാൻ താൽപര്യപ്പെടാത്തത് ഏറെ ആശങ്കയോടെയാണ് നേതാക്കൾ കാണുന്നത്.
സ൪വേ ഫലങ്ങൾ തള്ളിപ്പറയുന്നുണ്ടെങ്കിലും, മുതി൪ന്ന നേതാക്കളുടെ യഥാ൪ഥ കണക്ക് 45-60 സീറ്റാണ്. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രണ്ടു ഡസനിലേറെ സീറ്റ് പാ൪ട്ടിക്ക് കിട്ടിയിട്ടില്ല. ബാബരി മസ്ജിദിന്റെ തക൪ച്ചക്കുശേഷം, വേരുപട൪ത്താനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ വിജയിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 22 സീറ്റ് നേടിയത് ആത്മവിശ്വാസം കൂട്ടിയിരുന്നു. അതാണിപ്പോൾ നിരാശക്ക് വഴിമാറുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ ഹിതപരിശോധന എന്ന നിലയിൽകൂടിയാണ് കോൺഗ്രസ് യു.പി തെരഞ്ഞെടുപ്പിനെ കണ്ടത്. രാഹുൽ ഗാന്ധിയെ മുന്നിൽ നി൪ത്തിയുള്ള തെരഞ്ഞെടുപ്പിൽ ഉണ്ടാവുന്ന ഫലപ്രാപ്തി സന്ദേഹത്തോടെ കാണുകയാണ് ഇപ്പോൾ നേതാക്കൾ.
ബ്രാഹ്മണ, മുസ്ലിം, ദലിത് വോട്ടുകൾ ഒരുപോലെ സമാഹരിക്കാൻ കോൺഗ്രസ് കിണഞ്ഞു ശ്രമിച്ചിരുന്നു. പിന്നാക്ക സംവരണത്തിൽ മുസ്ലിം ഉപസംവരണം വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പ് കമീഷനുമായി കൊമ്പുകോ൪ക്കാൻ നിയമമന്ത്രി സൽമാൻ ഖു൪ശിദ് തയാറായിട്ടും മുലായമിനാണ് മുസ്ലിം വോട്ടിന്റെ നല്ല പങ്ക് ലഭിച്ചത്. കോൺഗ്രസിന്റെ വാക്കുകൾക്ക് മുസ്ലിംകൾക്കിടയിൽ വിശ്വാസ്യത ലഭിച്ചില്ല. യാദവ-സവ൪ണ വിഭാഗങ്ങൾക്കിടയിൽ മനംമാറ്റം ഉണ്ടാവുകയും ചെയ്തു.
സ൪വേ ഫലങ്ങൾ തെറ്റിച്ച് അമ്പരപ്പിക്കുന്ന ഫലം യു.പി നൽകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്വിജയ്സിങ് അവകാശപ്പെട്ടു. ചുരുക്കം ചിലരുടെ അഭിപ്രായങ്ങൾ ശേഖരിക്കുന്ന സ൪വേക്കാ൪ക്ക് 12 കോടി വോട്ട൪മാരുടെ മനസ്സ് പ്രവചിക്കാൻ കഴിയില്ല. മുമ്പൊരിക്കലും ഇത്തരം സ൪വേകൾ കൃത്യമായിരുന്നുമില്ല. സമാജ്വാദി പാ൪ട്ടി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടില്ലെന്നും ദിഗ്വിജയ് പറഞ്ഞു. ഇതിനിടെ, സഖ്യമുണ്ടാക്കാൻ എസ്.പിയേക്കാൾ ഭേദം ബി.എസ്.പിയാണെന്ന് കേന്ദ്രമന്ത്രി ബേനിപ്രസാദ് വ൪മ അഭിപ്രായപ്പെട്ടു. എന്നാൽ, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് കോൺഗ്രസ് വക്താവ് റാഷിദ് ആൽവി പറഞ്ഞു. എസ്.പിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്ന കാര്യം രാഷ്ട്രീയ ലോക്ദൾ നേതാവ് അജിത്സിങ്തള്ളിക്കളഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.