സഹപ്രവര്‍ത്തകരില്‍നിന്ന് വന്‍തുക കൈക്കലാക്കി മലയാളി കടന്നുകളഞ്ഞതായി പരാതി
text_fieldsജിദ്ദ: പലരിൽനിന്നായി വൻതുക കൈക്കലാക്കി മലയാളി മുങ്ങിയതായി പരാതി. മലപ്പുറം ഉച്ചാരക്കടവ് വേങ്ങൂ൪ സ്വദേശി അബ്ദുസ്സലാമാണ് സ്വന്തം നാട്ടുകാരും സഹപ്രവ൪ത്തകരുമായ നിരവധി പേരിൽനിന്ന് മൂന്നുലക്ഷത്തോളം റിയാൽ കൈക്കലാക്കി കടന്നുകളഞ്ഞത്. നാട്ടിലെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് പലപ്പോഴായി ഇയാൾ പലരിൽനിന്നായി പണം വാങ്ങുകയും ഒരു ദിവസം ആരോരുമറിയാതെ ബവാദി സനാഇയ്യയിലെ താമസസ്ഥലത്തുനിന്ന് അപ്രത്യക്ഷനാവുകയുമായിരുന്നു. ഇയാൾക്കെതിരെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും സൗദി അധികൃത൪ക്കും പരാതി നൽകിയിട്ടുണ്ട്.
കുടുംബ്ധിലെ അംഗങ്ങളെപ്പോലെ കഴിഞ്ഞുവന്ന തങ്ങൾ ഇങ്ങനെ വഞ്ചിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് 30000ലേറെ റിയാൽ നഷ്ടപ്പെട്ട മുസ്തഫ തോണിക്കടവത്ത് പറഞ്ഞു. ബാങ്കിടപാട് തീ൪ക്കാനും നാട്ടിൽ തിരിച്ചെത്തി എന്തെങ്കിലും ചെറിയ ബിസിനസ് തുടങ്ങാനും സ്വരുക്കൂട്ടി വെച്ചതായിരുന്നു ഇത്രയും തുക.
സുഹൃത്തിന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്നം പൂവണിയിക്കാൻ സഹായിച്ചതാണ് ഒരു കൂരപോലും സ്വന്തമായില്ലാത്ത തങ്ങൾ ചെയ്ത തെറ്റെന്ന് ഉമ൪ തെന്നലയും പി.പി. ഹനീഫയും പറഞ്ഞു. തുടങ്ങിവെച്ച വീടുപണി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത മനോവിഷമമാണ് ഉമറിനുള്ളത്. വിവാഹപ്രായം കഴിഞ്ഞ മകളുടെ വിവാഹം മുടങ്ങിയതിൽ അബ്ദുൽ അസീസ് തെക്കനുള്ള വിഷമം അടക്കാൻ സുഹൃത്തുക്കൾക്കാവുന്നില്ല. നാട്ടിൽ തിരിച്ചെത്തി ചെറിയൊരു ബിസിനസ് നടത്തി ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയണമെന്ന തന്റെ മോഹമാണ് ഈ തട്ടിപ്പുവീരൻ ഇല്ലാതാക്കിയതെന്ന് അശ്റഫ് പുലത്തിൽ കണ്ണീ൪ വാ൪ക്കുന്നു. തട്ടിപ്പുവിവരം അറിയിച്ചതനുസരിച്ച് സ്പോൺസ൪ ജവാസാത്തിൽ പരാതി നൽകി. അബ്ദുസ്സലാമിനെ ഹുറൂബാക്കിയിട്ടുണ്ട്.
തട്ടിപ്പിനിരയായവ൪ സഹായം തേടിയതനുസരിച്ച് കെ.ആ൪.ഡബ്ല്യൂ പ്രവ൪ത്തകരായ സി.എച്ച്. ബഷീ൪, നജീബ് കരുനാഗപ്പള്ളി, ഷംസുദ്ദീൻ, അസ്ലം മമ്പാട് എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ കൗൺസുലേറ്റിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്ക് ഔട്ട്പാസ് നൽകാതിരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ വെൽഫെയ൪ വിഭാഗം കോൺസൽ എസ്. ഡി. മൂ൪ത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ക്കു നി൪ദേശം നൽകി. ഇയാൾ നാട്ടിലെത്തിയാൽ അറസ്റ്റ് ചെയ്യാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മലപ്പുറം എസ്.പിയോടും നോ൪ക്കയോടും കൗൺസുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മൂ൪ത്തി അറിയിച്ചു.
ഇതിനിടയിൽ ഇയാളെ അന്വേഷിച്ച് നാട്ടിലെ ഇയാളുടെ വീട്ടിലെത്തുന്ന തട്ടിപ്പിന്നിരയായവരുടെ ബന്ധുക്കളെ പൊലീസിനെയും രാഷ്ട്രീയക്കാരെയും ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കാാൻ ശ്രമിക്കുന്നതായും പരാതി ഉയ൪ന്നു. ഒളിച്ചോടിയ അബ്ദുസ്സലാം സൗദിയിൽ തന്നെയുണ്ടെന്നാണ് സൂചന. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവ൪ കൗൺസുലേറ്റിലെ വെൽഫെയ൪ വിഭാഗത്തെ അറിയിക്കണമെന്ന് തട്ടിപ്പിന്നിരയായവരും കെ.ആ൪.ഡബ്ല്യൂ പ്രവ൪ത്തകരും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.