എമിഗ്രേഷന്‍ അതോറിറ്റി ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ -വയലാര്‍ രവി
text_fieldsമസ്കത്ത്: പ്രവാസികളെ കബളിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അതിക്രമങ്ങൾ നേരിടാൻ ഇന്ത്യയിൽ എമിഗ്രേഷൻ അതോറിറ്റി രൂപവത്കരിക്കുന്നതിനുള്ള ബിൽ പാ൪ലമെന്റിന്റെ അടുത്ത സമ്മേളനകാലത്ത് അവതരിപ്പിക്കുമെന്ന് പ്രവാസികാര്യമന്ത്രി വയലാ൪ രവി.
മസ്കത്ത് ഇന്ത്യൻ എംബസിയിൽ ഇന്നലെ രാത്രി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ നേരിടാൻ ഇന്ത്യൻ ശിക്ഷാനിയമത്തിന് പുറമെ അതോറിറ്റിക്ക് കീഴിൽ പ്രത്യേക നിയമസംവിധാനം കൊണ്ടുവരണമെന്ന് ബില്ലിൽ നി൪ദേശമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി വിദേശത്തേക്ക് ഇന്ത്യക്കാരെ കൊണ്ടുവരുന്നത് തടയാൻ നിരവധി നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ചില അനധികൃത ഏജന്റുമാ൪ നിയമങ്ങളിൽ പഴുതുകൾ കണ്ടെത്തി വീണ്ടും നിയമവിരുദ്ധമായി സ്ത്രീകളടക്കമുള്ളവരെ വിദേശത്തേക്ക് കടത്തുകയാണ്.
ഇത്തരം പ്രവണതകളെ ക൪ശനമായി നേരിടുന്നതിനും പ്രവാസികളുടെ അവകാശങ്ങളുടെ സംരക്ഷണത്തിനുമായാണ് പ്രത്യേക എമിഗ്രേഷൻ അതോറിറ്റി എന്ന ആശയം മുന്നോട്ടുവെച്ചത്.
ഒമാനിലേക്ക് വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിന് അടുത്തിടെ ചട്ടങ്ങൾ ക൪ശനമാക്കിയപ്പോൾ ചില൪ സ്ത്രീകളെ സന്ദ൪ശനവിസയിൽ കൊണ്ടുവന്ന് നിയമവിരുദ്ധ പ്രവ൪ത്തനങ്ങളുടെ ഇരയാക്കുകയാണ്. നിയമങ്ങളെ മറികടന്ന് കൂടുതൽ 'മിടുക്കന്മാ൪' ചമയുന്ന ഇത്തരം ഏജന്റുമാരെയും വ്യക്തികളെയും എമിഗ്രേഷൻ അതോറിറ്റിക്ക് ക൪ശനമായി നേരിടാൻ സാധിക്കും.
വിവിധ വിദേശരാജ്യങ്ങളിലെ എംബസിക്ക് കീഴിലുള്ള കമ്യൂണിറ്റി വെൽഫെയ൪ ഫണ്ട് നേരത്തേ അഞ്ചുകാര്യങ്ങൾ ക്കാണ് ഉപയോഗിക്കാൻ നി൪ദേശിച്ചിരുന്നത്. എന്നാൽ, നേരത്തേ നി൪ദേശിച്ച അഞ്ചുകാര്യങ്ങൾക്ക് പുറത്തുള്ള ദുരിതങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിലും പ്രവാസിമന്ത്രാലയ ത്തിന്റെ പ്രത്യേക അനുമതിയോടെ ഈ ഫണ്ട് വിനിയോഗിക്കാൻ എംബസികൾ ക്ക് നി൪ദേശം നൽകിയിട്ടുണ്ട്.
വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാമ്പത്തികപ്രയാസം നേരിടുമ്പോഴും ഈ ഫണ്ട് വിനിയോഗിക്കണമെന്ന് മന്ത്രി നി൪ദേശിച്ചു. ഇന്ത്യൻ അംബാസഡ൪ ജെ.എസ്. മുകുൾ, പ്രൊട്ടക്ട൪ ഓഫ് എമിഗ്രൻസ് ഡയറക്ട൪ ജനറൽ ആ൪. ബുഹ്റിൽ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.