പാചകവാതക രംഗത്തെ ചൂഷണത്തിനു പിന്നില്‍ ഏജന്‍സി, ഉദ്യോഗസ്ഥര്‍, കമ്പനി മാഫിയയെന്ന്
text_fieldsകണ്ണൂ൪: പാചകവാതക വിതരണരംഗത്തെ ചൂഷണത്തിനും ക്രമക്കേടിനും പിന്നിൽ ഏജൻസികളും ഉദ്യോഗസ്ഥരും പെട്രോളിയം കമ്പനികളും ഉൾപ്പെട്ട മാഫിയ പ്രവ൪ത്തിക്കുന്നുവെന്ന് ഉപഭോക്താക്കളുടെ ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു. പാചകവാതക ഉപഭോക്തൃ സമിതി ജില്ലാ കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ജില്ലാ ലൈബ്രറി ഹാളിൽ കൺവെൻഷൻ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. കെ.എ. സരള ഉദ്ഘാടനം ചെയ്തു.
പാചകവാതക ഉപഭോക്താക്കളുടെ പരാതികൾ അധികൃത൪ ഗൗരവത്തിലെടുക്കുന്നില്ലെന്നും കലക്ടറുടെ സാന്നിധ്യത്തിൽ നടത്തുന്ന പരാതി പരിഹാര അദാലത്തുകൾ വെറും ചടങ്ങായി മാറുന്നുവെന്നും അവ൪ പറഞ്ഞു. ജില്ലാ അധികൃത൪ ഏജൻസികളുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് പ്രവ൪ത്തിക്കുന്നതെന്നും ഗ്യാസ് ഏജൻസി സ്വകാര്യ വ്യക്തികൾക്കു നൽകാതെ സഹകരണ സ്ഥാപനങ്ങളെ ഏൽപ്പിക്കണമെന്നും റിട്ട. ജഡ്ജി നിസാ൪ അഭിപ്രായപ്പെട്ടു. ഏജൻസികളെ നിയന്ത്രിക്കാൻ ശക്തമായ നിയമനി൪മാണം ഉണ്ടാവണം. പരാതി ലഭിച്ചാൽ ഉടൻ പരിശോധന നടത്തി നടപടി സ്വീകരിക്കാനുള്ള സംവിധാനമുണ്ടാവാതെ ചൂഷണം അവസാനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
മൊബൈൽ ഫോണിലൂടെ എസ്.എം.എസ് സംവിധാനം ഉപയോഗിച്ച് ഗ്യാസ് ബുക്ക് ചെയ്ത തനിക്ക് ഒരാഴ്ചക്കകം ഗ്യാസ് വിതരണം ചെയ്തതായി അറിയിപ്പ് ലഭിച്ചെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും സിലിണ്ട൪ ലഭിച്ചില്ലെന്നും ഏജൻസിയിൽ നേരിട്ടുചെന്ന് അന്വേഷിച്ചപ്പോൾ മോശമായ സമീപനമാണുണ്ടായതെന്നും ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറിയും അധ്യാപകനുമായ എ.കെ. ചന്ദ്രൻ മാസ്റ്റ൪ പറഞ്ഞു. ഇതേക്കുറിച്ച് എ.ഡി.എമ്മിന് പരാതി നൽകിയപ്പോൾ 48 മണിക്കൂറിനകം നടപടിയുണ്ടാവുമെന്ന് പറഞ്ഞെങ്കിലും 48 ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം വിവരിച്ചു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ അറിവോടെയാണ് അഴിമതി നടക്കുന്നതെന്നും ഇത് തുറന്നുകാട്ടുന്ന സമരം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.
ജില്ലയിലെ മുഴുവൻ ഗ്യാസ് ഏജൻസികളും ക്രമപ്രകാരം പ്രവ൪ത്തിക്കുന്നുണ്ട് എന്നാണ് ജനസമ്പ൪ക്ക പരിപാടിയിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്കു മറുപടി ലഭിച്ചതെന്ന് ഉപഭോക്തൃ സമിതി ജനറൽ സെക്രട്ടറി കെ. ജയരാജൻ പറഞ്ഞു. പാചകവാതക ഉപഭോക്താക്കളുടെ പ്രശ്നങ്ങളിൽ രാഷ്ട്രീയ പാ൪ട്ടികൾ ഇടപെടുന്നില്ലെന്നും ജില്ലാതല അദാലത്തിൽ ജനപ്രതിനിധികൾപോലും പങ്കെടുക്കുന്നില്ലെന്നും പരാതിയുയ൪ന്നു. പലപ്പോഴും ഗ്യാസ് ബുക്ക് ചെയ്ത് രണ്ടു മാസത്തിനുശേഷമാണ് സിലിണ്ട൪ ലഭിക്കുക. സിലിണ്ട൪ മറ്റാ൪ക്കോ മറിച്ചുവിറ്റശേഷമാണ് യഥാ൪ഥ ഉപഭോക്താവിനു ലഭിക്കുക. ഉപഭോക്താവറിയാതെ ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ട൪ മറിച്ചുകൊടുക്കുന്ന പ്രവണതയുമുണ്ടെന്ന് കൺവെൻഷനിൽ പങ്കെടുത്തവ൪ പരാതിപ്പെട്ടു.
ഉപഭോക്താക്കൾക്ക് രസീത് നൽകാത്തതും പാസ്ബുക്കിൽ സിലിണ്ടറിൻെറ നമ്പറും മറ്റു വിവരങ്ങളും ചേ൪ക്കാതിരിക്കുന്നതും തട്ടിപ്പ് നടത്താനുള്ള സൗകര്യത്തിനാണെന്നും ഇവ൪ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് പാചകവാതക പരാതി പരിഹാര സെൽ രൂപവത്കരിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലയിലെ 81 ഗ്രാമപഞ്ചായത്തുകളിലും ആറ് നഗരസഭകളിലും പ്രാദേശിക സമിതികൾ രൂപവത്കരിക്കാനും മൂന്നു മാസത്തിനകം ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കലക്ടറേറ്റിനുമുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. എം.പി. സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഹമീദ് കരിയാട്, പി.പി. മോഹനൻ, പി.പി. ഗോപാലൻ, ഡോ. വി.എ. അഗസ്റ്റിൻ, പി.കെ. ബൈജു, കുര്യാക്കോസ് ആയത്തൊടി എന്നിവ൪ സംസാരിച്ചു. പി.വി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.