മമ്താ മിസോറം... മമ്താ...
text_fieldsവടക്കുകിഴക്കൻ സംസ്ഥാനങ്ങളെപ്പറ്റി പഠിക്കുന്നതിന് സംഘടിപ്പിച്ച ‘ഇൻറ൪ സ്റ്റേറ്റ് യൂത്ത് എക്സ്ചേഞ്ച് ആൻഡ് ഹോംസ്റ്റേ’ പ്രോഗ്രാമിൽ പങ്കെടുക്കാനായാണ് ഞങ്ങൾ മിസോറമിലെത്തിയത്. ഹിമാചൽപ്രദേശ്, ഝാ൪ഖണ്ഡ്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, ക൪ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ യൂനിവേഴ്സിറ്റികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്.
കൊൽക്കത്ത, ഗുവാഹതി വഴിയായിരുന്നു യാത്ര. ഗുവാഹതിയിൽനിന്ന് മിസോറമിലേക്കുള്ള യാത്ര കൊടുംകാടിന് നടുവിലെ ഇടുങ്ങിയ റോഡിലൂടെയാണ്. ഇവിടെ വിഘടനവാദികൾ സ്ഥിരമായി കുഴിബോംബ് വെക്കാറുണ്ടെന്നും യാത്രക്കാരെ ബന്ദികളാക്കാറുണ്ടെന്നും അറിഞ്ഞപ്പോൾ മനോഹരമായ ആ കാട്ടുപാതയിൽ പെട്ടെന്ന് ഇരുൾമൂടിയപോലെ... കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്കുമാത്രം പോവാൻ കഴിയുന്ന, പൊടിപാറുന്ന റോഡ്്.
17 മണിക്കൂ൪ യാത്രക്കുശേഷം ബസ് മിസോറമിൽ പ്രവേശിച്ചു. റോഡിനിരുവശവും കൊടുംകാട്. എട്ട് ജില്ലകളോടുകൂടിയ, 10,91,014 മാത്രം ജനസംഖ്യയുള്ള മിസോറം എന്ന കൊച്ചുസംസ്ഥാനത്തിൻെറ മിക്ക ഭാഗങ്ങളും കാടുകളാൽ ചുറ്റപ്പെട്ടതാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും തെക്കേ അറ്റത്താണ് മിസോറം. ത്രിപുര, അസം, മണിപ്പൂ൪ എന്നീ സംസ്ഥാനങ്ങളുമായും ബംഗ്ളാദേശ്, മ്യാന്മ൪ എന്നീ രാജ്യങ്ങളുമായും അതി൪ത്തി പങ്കിടുന്നു എന്നതിനാൽ ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രദേശംകൂടിയാണിത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അസം, അരുണാചൽ, നാഗാലാൻഡ്, മേഘാലയ, മണിപ്പൂ൪, ത്രിപുര, മിസോറം എന്നീ ഏഴ് സഹോദരിമാരിൽ (Seven Sister States) മിസോറം തികച്ചും വ്യത്യസ്തയാണ്. കേരളം കഴിഞ്ഞാൽ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം എന്നതുതന്നെയാണ് അവരെ വ്യത്യസ്തരാക്കുന്നത്. സുരക്ഷിതത്വമാണ് മിസോറമിൻെറ പ്രത്യേകത. മാവോവാദികളോ ഉൾഫകളോ വിഘടനവാദികളോ ഇല്ല എന്നതിനാൽതന്നെ Land of Peace (സമാധാന ദേശം) എന്നാണ് മിസോറം അറിയപ്പെടുന്നത്. മിസോകൾക്ക് പാശ്ചാത്യൻ ഉച്ചാരണശൈലിയിൽ ഇംഗ്ളീഷ് പച്ചവെള്ളംപോലെ കൈകാര്യം ചെയ്യാനാവും.
അതി൪ത്തിയിൽനിന്ന് എട്ടു മണിക്കൂ൪കൂടി യാത്രചെയ്തപ്പോൾ തലസ്ഥാനവും ഞങ്ങളുടെ ക്യാമ്പ് സ്ഥലവുമായ ഐസോളി (AIZAWL)ൽ എത്തി. ഗ്രൗണ്ട്പ്ളയിൻ എന്നാണ് പ്രാദേശിക ഭാഷയിൽ ഐസോളിൻെറ അ൪ഥം. 1890ൽ ബ്രിട്ടീഷുകാ൪ ഈ നഗരം നിൽക്കുന്ന സ്ഥാനത്ത് അസം റൈഫിൾസിൻെറ ഒരു പോസ്റ്റ് സ്ഥാപിക്കുമ്പോൾ ഇവിടെ ജനവാസം തീരെ ഉണ്ടായിരുന്നില്ല. പിന്നീട് പട്ടാളം വെട്ടിത്തെളിച്ച വഴിയും വാസയോഗ്യമാക്കിയ സ്ഥലവുമുപയേഗിച്ച് നഗരജീവിതം തുടങ്ങിയ ആദിവാസികളാണ് ഐസോൾ നഗരത്തിൻെറ പിതാക്കൾ. അസം റൈഫിൾസിലെ ഡി.ഐ.ജി എസ്.കെ. വ൪മയാണ് ഇക്കാര്യം പറഞ്ഞുതന്നത്.
മിസോറം ഭവനങ്ങളിൽ അതിഥികളായി കഴിയാൻ ഞങ്ങൾക്ക് അവസരമൊരുക്കിയിരുന്നു. മിസോറം സംസ്കാരത്തെ തൊട്ടറിയുക എന്നതായിരുന്നു ലക്ഷ്യം.
ചോവുൻ പുയി വെങ് (Chawn Pui Veng) സ്ട്രീറ്റിൽ, ഷിയത എന്ന പ്ളസ്ടു വിദ്യാ൪ഥിയുടെ വീട്ടിലായിരുന്നു എൻെറ താമസം. വീട്ടിൽ ഷിയതയുടെ അച്ഛനമ്മമാരും രണ്ട് അനിയന്മാരുമുണ്ട്. അച്ഛൻ ഗവ. ഹോസ്പിറ്റലിലെ നഴ്സാണ്. ചെന്നുകയറിയപ്പോൾതന്നെ ഹൃദ്യമായി സ്വീകരിച്ച വീട്ടുകാ൪ പക്ഷേ, കുടിക്കാൻ വെള്ളമോ ചായയോ തന്നില്ല. കാരണം, വെൽകം ഡ്രിങ്ക് എന്ന സ൪ബത്ത് സംസ്കാരം അവ൪ക്ക് കേട്ടുകേൾവിപോലുമില്ലാത്തതാണ്.
വീട്ടിൽ എല്ലാവരും ചെരിപ്പിട്ടാണ് കയറുന്നത്. ചെരിപ്പൂരാൻ തുനിഞ്ഞ എന്നെ അതിടുവാൻ അവ൪ സ്നേഹപൂ൪വം നി൪ബന്ധിച്ചു. എല്ലാ മിസോ ഭവനങ്ങളിലെയുംപോലെ ഷിയതയുടെ വീട്ടിലും കയറിച്ചെല്ലുന്ന മുറി അടുക്കളയും സിറ്റിങ് റൂമും ഡൈനിങ് റൂമും അടങ്ങിയ വലിയ ഹാളായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. അടുക്കളയും സിറ്റിങ് റൂമും ക൪ട്ടനിട്ട് വേ൪തിരിച്ചിരിക്കുന്നു. എങ്കിലും പൂമുഖ വാതിലിൽ നിന്നാൽ അടുക്കള ദൃശ്യമാകും. ബെഡ്റൂം മാത്രമേ ചുവരിട്ട് വേ൪തിരിച്ചിട്ടുളളൂ. മറ്റ് ആ൪ഭാടങ്ങൾ ഒന്നുംതന്നെയില്ല. ജീവിതകാലം മുഴുവൻ വിദേശത്ത് കഷ്ടപ്പെട്ട് സമ്പാദ്യം മുഴുവൻ വീടുണ്ടാക്കിത്തീ൪ക്കുന്ന നമ്മുടെ നാട്ടുകാരുടെ രീതി ഷിയതയോട് പറഞ്ഞെങ്കിലും അവൻ വിശ്വസിച്ചു എന്നെനിക്ക് തോന്നിയില്ല.
വൈകുന്നേരം 5.30 ആയപ്പോഴേക്കും അവ൪ ഭക്ഷണം ഒരുക്കി. എല്ലാവരുടെയും പ്ളേറ്റിൽ ഓരോ വലിയ സ്പൂൺ വെച്ചിട്ടുണ്ട്. അതുപയോഗിച്ച് വേണ്ട കറിയും കൂട്ടാനും നമ്മുടെ പാത്രത്തിലേക്കിടാം. അതുപോലെത്തന്നെ, ആരും നമ്മുടെ പാത്രത്തിലേക്ക് ഇട്ടുതരില്ല. നമുക്ക് വേണ്ടത് എടുത്ത് കഴിക്കാം.
ദിവസത്തിൽ രണ്ടുതവണ മാത്രമാണ് മിസോകൾ ഭക്ഷണം കഴിക്കുന്നത്. ഇനി രാവിലെ എട്ടു മണിക്കാണ് അടുത്ത ഭക്ഷണം എന്നതിനാൽ കിട്ടിയത് മുഴുവൻ വെട്ടിവിഴുങ്ങി. നെയ്ച്ചോറരിപോലത്തെ മിനുസമുള്ള അരികൊണ്ടുള്ള ചോറും ദാൽകറിയും ഉരുളക്കിഴങ്ങ് പൊരിച്ചതും പിന്നെ ഇലക്കറികൊണ്ടുള്ള, ‘ചിൻങ്ങിത്’ (Chingit) എന്ന പ്രാദേശിക നാമമുള്ള ഒരുതരം സൂപ്പും കൂടാതെ കാട്ടുചെടികൾകൊണ്ടുണ്ടാക്കിയ ബെഹ്ലാൾ (Behlawl) എന്ന കൂട്ടുകറിയും കടുത്ത എരിവുള്ള അച്ചാറും ചേ൪ന്നതായിരുന്നു മെനു. അടുത്ത ദിവസത്തെ പ്രഭാതഭക്ഷണത്തിനും ഇതേ മെനുവായിരുന്നെങ്കിലും പന്നിയിറച്ചിയും മീനും അധികമായി ഉണ്ടായിരുന്നു. ഞാൻ പന്നിയിറച്ചി കഴിക്കില്ല എന്നറിഞ്ഞതിനാലാവണം മീനുംകൂടി കരുതിയത്.
ഭക്ഷണത്തിനുമുമ്പ് ഷിയത പ്രാ൪ഥിച്ചു. മിസോകളിൽ 91 ശതമാനം പേരും ക്രിസ്ത്യൻ വിഭാഗക്കാരാണ്. ബ്രിട്ടീഷ് അധിനിവേശത്തോടൊപ്പം ഇവിടെയെത്തിയ മിഷനറിമാരാണ് ക്രിസ്തുമതവ്യാപനത്തിനിടയാക്കിയത്. ഹിന്ദു, ബുദ്ധ, സിഖ്, ജൈന മതസ്ഥരും അപൂ൪വമായി മുസ്ലിംകളുമുണ്ട്.
പിറ്റേന്ന് ഐസോൾ നഗരം ചുറ്റാനിറങ്ങി. നഗരത്തിൻെറ മുകളിലെത്താൻ ഒന്നുകിൽ പടികൾ കയറണം, അല്ലെങ്കിൽ ടാക്സി വിളിക്കണം. ടാക്സിയിൽ മുകളിലെത്തണമെങ്കിൽ ഒരാൾക്ക് 15 രൂപ കൊടുക്കണം. മാരുതി കാറുകളാണ് ടാക്സിയായി ഓടുന്നത്. കയറ്റങ്ങൾ ആയതിനാലാവണം ഒറ്റ ഓട്ടോറിക്ഷപോലും ആ നാട്ടിൽ കണ്ടില്ല. മിക്കവാറും ടാക്സികൾ ഓടിക്കുന്നത് പാ൪ട്ട്ടൈം ആയി ജോലിചെയ്യുന്ന വിദ്യാ൪ഥികളാണ്. നഗരത്തിലെ തിരക്ക് കുറക്കാനായി ടാക്സികളെ എ, ബി, സി എന്നീ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. ഒരു ദിവസം എ, ബി എന്നീ ടാക്സികൾ ഓടും. സി വിശ്രമിക്കും. അടുത്ത ദിവസം എക്ക് വിശ്രമം. ബിയും സിയും ഓടും. സമ്പന്ന൪പോലും സ്വന്തം കാ൪ എന്നത് ഒരു ആ൪ഭാടമായാണ് കാണുന്നത്. ഹോസ്പിറ്റലിലെ രണ്ടോ മൂന്നോ ഡോക്ട൪മാ൪ ചേ൪ന്ന് ഒരു വണ്ടി വാങ്ങുകയും അതിൽ ഒരുമിച്ച് ഹോസ്പിറ്റലിലേക്കും തിരിച്ചും പോകുമെന്നും ഷിയത പറഞ്ഞു.
റോഡിനിരുവശത്തും ബാനറോ പോസ്റ്ററോ ചുവരെഴുത്തോ കാണാനായില്ല. വഴിയിൽ ആരും മദ്യപിച്ച് ബഹളം വെക്കുകയോ വഴിയാത്രക്കാരെ ഉപദ്രവിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. അൽപം മാറി ഒരു മിഷനറി മൈക്കിലൂടെ പ്രസംഗിച്ച് നിൽക്കുന്നത് കണ്ടു. പക്ഷേ, അദ്ദേഹത്തിനു മുന്നിലെ കസേരകൾ ശൂന്യമായിരുന്നു. അലയുന്ന കന്നുകാലികളോ തെരുവുനായ്ക്കളോ തീരെ ഇല്ല. യാചകരില്ലാത്ത സംസ്ഥാനം എന്ന് ഷിയത പറഞ്ഞപ്പോൾ ഞാൻ നെറ്റി ചുളിച്ചുവെങ്കിലും ആരെയും കാണാതായപ്പോൾ വിശ്വസിക്കേണ്ടിവന്നു.
ഉച്ചസമയം, നല്ല വിശപ്പ്. കുറെയേറെ നടക്കേണ്ടിവന്നു ഒരു റസ്റ്റാറൻറ് കണ്ടെത്താൻ. മിസോകൾ രണ്ടു നേരം മാത്രം കഴിക്കുന്നതിനാലാവണം തിരക്ക് തുലോം കുറവായിരുന്നു.
ലിച്ചിയും മുന്തിരിയും വാറ്റിയുണ്ടാക്കിയ സോൾ ഐഡി (Zawl aldi) എന്ന ബിയ൪ മിസോകളുടെ ഇഷ്ട ലഹരിയാണ്. ഇതും അച്ഛനമ്മമാരുടെ അറിവോടെ ഇളംപ്രായക്കാ൪ അകത്താക്കുന്നു. വലിക്കാനും കുടിക്കാനുമുള്ള ഷിയതയുടെ നി൪ബന്ധം നിരസിക്കാൻ എനിക്ക് ഏറെ പാടുപെടേണ്ടിവന്നു.
യാത്രക്കിടെ ഷിയതയുടെ കൂട്ടുകാരി ജസീക്കയെ പരിചയപ്പെട്ടു. മിസോയിലെ പെൺജീവിതത്തെക്കുറിച്ച് ജസീക്ക ഏറെ സംസാരിച്ചു. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമായി മിസോ സ്ത്രീ പരിപൂ൪ണ സ്വാതന്ത്ര്യം അനുഭവിക്കുന്നവളാണ്. എല്ലാ സ്ത്രീകളും പഠിക്കാനോ ജോലിക്കോ വേണ്ടി ദിവസവും വീടിന് പുറത്തിറങ്ങുന്നു. സ്ത്രീകൾ മാത്രം നടത്തുന്ന തുണിക്കട മുതൽ ഇറച്ചിക്കടവരെ അവിടെ എനിക്ക് കാണാൻ സാധിച്ചു. രാത്രി ഏറെ വൈകിയും സ്ത്രീകൾ നഗരത്തിലൂടെ നടന്നുനീങ്ങുന്നു.
ഉയരം കുറഞ്ഞ് മെലിഞ്ഞ ശരീരപ്രകൃതിയായതിനാലാണോ എന്നറിയില്ല, എല്ലാ സ്ത്രീകളും ഹീലുള്ള ചെരിപ്പും ഇടുങ്ങിയ വസ്ത്രങ്ങളുമാണ് ധരിച്ചിരുന്നത്. ടീഷ൪ട്ടും ജീൻസുമാണ് വേഷം. ആരും ആഭരണങ്ങൾ, വിശിഷ്യ സ്വ൪ണാഭരണം അണിഞ്ഞുകണ്ടില്ല. ഒരു ദിവസം മുഴുവൻ നടന്നിട്ടും ഒറ്റ ജ്വല്ലറിയും ഐസോളിലെ തെരുവിൽ ഞാൻ കണ്ടതുമില്ല.
സ്ത്രീധനം എന്ന സമ്പ്രദായം മിസോറമിലില്ല. പകരം, കല്യാണവേളയിൽ ചെറുക്കൻ ച൪ച്ചിൽവെച്ച് അവളുടെ പിതാവിന് 420 രൂപ പെണ്ണിൻെറ വിലയായി നൽകും. എന്താണ് ഈ 420 രൂപയുടെ കണക്ക് എന്നുചോദിച്ചപ്പോൾ അത് കാലങ്ങളായി ച൪ച്ച് തിട്ടപ്പെടുത്തിയ സംഖ്യയാണ് എന്നായിരുന്നു മറുപടി. ‘മിസോറമിൽ വിവാഹമോചനം തീരെ കുറവാണ്. ഒരുമിച്ച് ജീവിച്ച് ഇഷ്ടപ്പെട്ടാൽ മാത്രമേ വിവാഹം എന്ന കടമ്പക്ക് ഞങ്ങൾ മുതിരൂ എന്നതിനാലാണത്!’ -ഷിയത അഭിമാനത്തോടെ പറഞ്ഞു.
അടുത്ത ദിവസം ദു:ഖവെള്ളിയായിരുന്നു. രാവിലെത്തന്നെ ഒരു അതിഥി വീട്ടിൽ വന്നു, മിസോറം മുൻ വിദ്യാഭ്യാസമന്ത്രി ഡോ. ലാൽ തഗ്ളിയാന (Dr. Lal Thagliana). പള്ളിയിൽ ദു:ഖവെള്ളിയോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക കു൪ബാനയിലേക്ക് വീട്ടുകാരെ ക്ഷണിക്കാൻ വന്നതാണദ്ദേഹം. കേരളത്തിൽ വന്നിട്ടുണ്ടെന്നും അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയെ അറിയാമെന്നും പറഞ്ഞപ്പോൾ ഞാൻ ഉടനെ പറഞ്ഞു, സൂപ്പിക്ക എൻെറ നാട്ടുകാരനാണെന്ന്.
ഇവിടെ മതം രാഷ്ട്രീയത്തിൽ കാതലായ സ്വാധീനം വഹിക്കുന്നുണ്ട്. ച൪ച്ചുമായി അടുത്ത ബന്ധമുള്ളവരായിരിക്കും മിക്ക സ്ഥാനാ൪ഥികളും. മുഖ്യമന്ത്രിയുൾപ്പെടെ സ൪വനേതാക്കളും ഞായറാഴ്ചകളിൽ ഉറപ്പായും പള്ളിയിൽ എത്തും. മിഷനറി പ്രവ൪ത്തനവുമായി ബന്ധപ്പെട്ട് വ൪ഷങ്ങളായി മിസോറമിൽ കഴിയുന്ന മലയാളികളുണ്ട്. പക്ഷേ, ആരെയും നേരിട്ട് കാണാനായില്ല. അവസാന രണ്ടു ദിവസം അസമിലെ ഗുവാഹതിയിലായിരുന്നു ക്യാമ്പ്. മിസോറമിൽനിന്ന് ഗുവാഹതിയിലേക്കുള്ള മീറ്റ൪ ഗേജ് വണ്ടിയിൽ കയറുമ്പോൾ മനസ്സു പറഞ്ഞു: ‘മംമ്ത... മിസോറം... മംമ്ത...’ (വിട... മിസോറം... വിട...).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.