Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാന്‍കൂവറിലേക്ക്

വാന്‍കൂവറിലേക്ക്

text_fields
bookmark_border
വാന്‍കൂവറിലേക്ക്
cancel

ഓട്ടവയിലെ പരിപാടികൾ കഴിഞ്ഞ് ഞങ്ങൾ നേരെപോ യത് കാനഡയിലെ മറ്റൊരു പ്രധാന നഗരമായ വാൻകൂവറിലേക്കായിരുന്നു. ഓട്ടവ കാനഡയുടെ കിഴക്കേ അറ്റത്താണെങ്കിൽ നേരെ എതിരെ പടിഞ്ഞാറേ അറ്റത്താണ് വാൻകൂവ൪. അങ്ങനെ രാജ്യത്തിനു കുറുകെയായി രണ്ടായിരത്തഞ്ഞൂറ് മൈൽ ദൂരവും നാലു മണിക്കൂ൪ നേരത്തെ വിമാനയാത്രയും. ഈ രണ്ടു നഗരങ്ങളും തമ്മിൽ ഒരു മണിക്കൂ൪ നേരത്തെ സമയവ്യത്യാസവുമുണ്ട്. ഏതാണ്ട് അമേരിക്കയിലെ ന്യൂയോ൪ക്കും കാലിഫോ൪ണിയയുംപോലെ ഒരേ രാജ്യത്തിനകത്തുള്ള രണ്ടു വ്യത്യസ്ത സമയമേഖലകൾ.
ബ്രിട്ടീഷ് കൊളംബിയയിൽ, ഫ്രേസ൪ നദിക്കരികിലുള്ള മനോഹരമായ നഗരമാണ് വാൻകൂവ൪. അന്താരാഷ്ട്ര വ്യാപാരത്തിൻെറ, സമ്മേളനങ്ങളുടെ, കുടിയേറ്റങ്ങളുടെ നഗരം. കുടിയേറ്റക്കാ൪ക്ക്, പ്രത്യേകിച്ച് ഏഷ്യക്കാ൪ക്ക് വാൻകൂവ൪ പ്രിയപ്പെട്ടതാകുന്നത് പ്രധാനമായും അവിടത്തെ ഇണക്കമുള്ള കാലാവസ്ഥകൊണ്ടാണ്. ടൊറൻേറാ, ഓട്ടവ, മോൺട്രിയാൽ തുടങ്ങിയ കിഴക്കൻ പ്രദേശങ്ങളിൽ ശൈത്യകാലം കഠിനമാകുമ്പോൾ വാൻകൂവറിലെ തണുപ്പ് താങ്ങാവുന്നതാണ്. മഞ്ഞുവീഴ്ചയാകട്ടെ അപൂ൪വവും. ഏതാണ്ട് ആറുലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള, കാടും മലയും പുഴയും പുൽമൈതാനങ്ങളുമുള്ള വാൻകൂവ൪ സഞ്ചാരികളുടെയും പ്രിയപ്പെട്ട താവളമാണ്. ഇന്ത്യക്കാരുടെയും ചൈനക്കാരുടെയും പ്രധാന കുടിയേറ്റ കേന്ദ്രമായതുകൊണ്ട് ഇവിടെ ചൈനീസ് കോളനിയും പഞ്ചാബി മാ൪ക്കറ്റുമുണ്ട്. പഞ്ചാബികൾ കൂടുതലായി പാ൪ക്കുന്ന സറി പ്രദേശത്തെ പല കടകളിലും ഹോട്ടലുകളിലും പഞ്ചാബിയിലുള്ള ബോ൪ഡുകളും കാണാമായിരുന്നു.
ഞങ്ങൾ ചെന്നിറങ്ങിയ ദിവസം ദീപാവലിനാളായിരുന്നു. വടക്കും തെക്കും ഒരുപോലെ ആഘോഷിക്കുന്ന ഈ ഉത്സവദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയാത്തതിൻെറ നിരാശ ഞങ്ങളുടെ കൂട്ടത്തിൽപെട്ട പല൪ക്കുമുണ്ടായിരുന്നു. എന്തായാലും, വൈകീട്ട് നഗരത്തിലെ ഉത്തരേന്ത്യൻ സമൂഹം ഞങ്ങൾക്കായി വിപുലമായൊരു ദീപാവലി ആഘോഷം ഏ൪പ്പെടുത്തിയിരുന്നു. ആ ചടങ്ങുകളിലും വിരുന്നിലും നഗരത്തിലെ ഒട്ടേറെ പ്രമുഖ ഇന്ത്യക്കാ൪ പങ്കെടുത്തു. ഒരു മഹാരാഷ്ട്രിയൻ സംഗീതജ്ഞയുടെ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരിയും പഞ്ചാബി ചെറുപ്പക്കാരുടെ ഭാംഗ്ഡാനൃത്തവും അതിഥികളുടെ കവിതാപാരായണവുമൊക്കെയായി അരങ്ങ് കൊഴുത്തു. ആതിഥേയരുടെ കൂട്ടത്തിൽ നഗരത്തിലെ ഏറ്റവും വലിയ പലഹാരക്കടക്കാരനും ഉണ്ടായിരുന്നതുകൊണ്ട് തീൻമേശപ്പുറത്ത് അപൂ൪വമായ മധുരപലഹാരങ്ങളുടെ വലിയൊരു നിരതന്നെയുണ്ടായിരുന്നെങ്കിലും എഴുത്തുകാരുടെ സംഘത്തിൽ ആ വശത്തേക്ക് തിരിഞ്ഞുനോക്കാൻ ധൈര്യമുള്ളവ൪ കുറവായിരുന്നു.
കാനഡയിലെ രണ്ടാമത്തെ സ൪വകലാശാലയായി കണക്കാക്കപ്പെടുന്ന ബ്രിട്ടീഷ് കൊളംബിയ സ൪വകലാശാലയിലെ (യു.ബി.സി) ഓഡിറ്റോറിയത്തിലാണ് ഞങ്ങളുടെ ആദ്യദിവസത്തെ സമ്മേളനങ്ങൾ നടന്നത്. ഒരു നൂറ്റാണ്ടുകാലത്തെ പാരമ്പര്യമുള്ള യു.ബി.സിയിലെ വിശാലമായ കാമ്പസും വശ്യമായ അന്തരീക്ഷവും ഞങ്ങളെ പെട്ടെന്ന് കീഴ്പ്പെടുത്തി. ഈ പരിപാടികൾ ചിട്ടയായി ഒരുക്കുന്ന കാര്യത്തിൽ സംഘാടക൪ കാണിച്ച ശുഷ്കാന്തിയും ആതിഥ്യമര്യാദയുമൊക്കെ അദ്ഭുതകരമായിരുന്നു. സമ്മേളനസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകാനുള്ള വാഹനവുമായി സമയത്തിനുമുമ്പേ ഹോട്ടലിൽ ഹാജരാകുന്ന വിദ്യാ൪ഥിനികളും ഞങ്ങളുടെ താമസവും ആഹാരവും നഗരയാത്രകളും തൊട്ട് എല്ലാ കൊച്ചുകാര്യങ്ങളിലും വളരെയേറെ ശ്രദ്ധചെലുത്തിയിരുന്ന ചില ഫാക്കൽറ്റി അംഗങ്ങളുമെല്ലാം വാൻകൂവറിലെ താമസം മറക്കാനാവാത്തൊരു അനുഭവമാക്കി മാറ്റി. ആ൪ട്സ് ഫാക്കൽറ്റിയുടെ ഡീനടക്കം ചില വകുപ്പ് തലവന്മാരും പ്രമുഖ അധ്യാപകരും പല സെഷനുകളിലും കേൾവിക്കാരായുണ്ടായിരുന്നു.
‘പെണ്ണെഴുത്തി’നെക്കുറിച്ചുള്ള ആദ്യസെഷൻ പ്രതീക്ഷിച്ചപോലെ എരിവും ചൂടുമുള്ളതായിരുന്നു. ഞങ്ങളുടെ സംഘത്തിലെ എഴുത്തുകാരികളായ തരന്നും റിയാസും ശെവന്തിഘോഷും ഇക്കാര്യത്തിൽ പൊതുവെ പതിഞ്ഞ നിലപാടാണ് എടുത്തതെങ്കിലും ഇന്ത്യൻ സ്ത്രീയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി വളരെ ആവേശത്തോടെ സംസാരിച്ചത് ച൪ച്ചയിൽ പങ്കെടുത്ത രണ്ടു പ്രവാസി അധ്യാപികമാരായിരുന്നു. കാനഡയിലെപോലത്തെ ഒരു തുറന്ന സമൂഹത്തിൽ ഏറെനാളായി കഴിയുന്നവ൪ക്ക്, പ്രത്യേകിച്ചും അവിടെ ജനിച്ചുവള൪ന്നവ൪ക്ക്, ഇന്ത്യൻ സമൂഹത്തിലെ ഇന്നത്തെ പെണ്ണവസ്ഥകളെക്കുറിച്ച്, മാധ്യമങ്ങളിലൂടെ കിട്ടുന്ന വിവരങ്ങൾ സ്വാഭാവികമായും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവയായിരുന്നു. സ്ത്രീകളുടെ നേ൪ക്കുള്ള പെരുകിവരുന്ന അതിക്രമങ്ങളും നിയമവ്യവസ്ഥകളെ കാറ്റിൽപറത്തുന്ന ‘ഖാപ് പഞ്ചായത്ത്’ വിധികളും കുപ്രസിദ്ധമായ ‘അഭിമാന വധങ്ങളും’ ഇരകളുടെ വശം കേൾക്കാത്ത ഏകപക്ഷീയമായ കോടതിവിധികളുമൊക്കെ ച൪ച്ചയിൽ കടന്നുവന്നു. ലോകത്തെ ഏറ്റവും വലിയ ജനായത്ത വ്യവസ്ഥയിൽ ഇപ്പോഴും എന്തേ ഇങ്ങനെ? സ്വതന്ത്ര ഇന്ത്യയിൽ സ്ത്രീയുടെ ശരിയായ ഇടം എന്താണ്? പിഞ്ചുകുഞ്ഞുങ്ങൾതൊട്ട് വൃദ്ധകൾവരെ സുരക്ഷിതരല്ലെന്നോ? അവരുടെ മുനവെച്ച ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തുക എളുപ്പമായിരുന്നില്ല. സാമാന്യസ്വഭാവമുള്ള എല്ലാതരം വിശദീകരണങ്ങൾക്കുമപ്പുറമായി ഇത്തരം കാര്യങ്ങളിൽ സാഹിത്യകാരന്മാരുടെ നിലപാടുകളും ചോദ്യംചെയ്യപ്പെട്ടു.
ഇതേവിഷയം സ്വാഭാവികമായും അടുത്ത സെഷനിലെ വിഷയമായ ‘സമകാലിക ഇന്ത്യൻ ഫിക്ഷ’നിലേക്കും കടന്നുകയറി, പ്രത്യേകിച്ചും സൃഷ്ടിച്ചുവിട്ട ചില സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് എനിക്ക് പറയേണ്ടിവന്നപ്പോൾ സ്്ത്രീത്വത്തിനെതിരെയുള്ള അതിക്രമങ്ങളെ നിരക്ഷരതയും ഗ്രാമീണജീവിതത്തിൻെറ പരിമിതികളുമായി ബന്ധപ്പെടുത്തിയാണ് ഒരുകാലത്ത് കണ്ടിരുന്നതെങ്കിലും ഇന്നത് ഏറക്കുറെ അപ്രസക്തമായിരിക്കുന്നു. ഇത്തരം കാര്യങ്ങളിൽ ഇന്ന് പട്ടണങ്ങളും ഗ്രാമങ്ങളും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന നില വന്നിരിക്കുന്നു.
എന്തായാലും ചന്ദ്രശേഖര കമ്പാറും ഗോവിന്ദ്മിശ്രയും പ്രബോധ്പാരേഖും ഞാനും പങ്കെടുത്ത ഈ ച൪ച്ചകൾ വളരെയേറെ സജീവമായിരുന്നു. സാഹിത്യരംഗത്തെ മാറിമാറി വരുന്ന ചലനങ്ങൾക്കിടയിൽ സമകാലിക ഇന്ത്യൻ അവസ്ഥ കഥാസാഹിത്യത്തിൽ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവെന്നത് ച൪ച്ചാവിഷയമായി. പ്രാദേശിക സാഹിത്യം വെറും കഥപറച്ചിലിനപ്പുറമായി എങ്ങനെ ജനജീവിതത്തിലേക്ക്, പ്രത്യേകിച്ചും ഗ്രാമീണജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നുവെന്നതിനെപ്പറ്റിയുള്ള സംവാദങ്ങൾ നടന്നു. സ്വാഭാവികമായും പെണ്ണെഴുത്ത്, ദലിത് സാഹിത്യം, സൈബ൪കഥകൾ, മറ്റു മാധ്യമങ്ങളുമായുള്ള സമവായം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ സംവാദങ്ങൾ നടന്നു.
പിന്നീട് നടന്ന കവിതാ പാരായണത്തിൽ പഞ്ചാബിയിലെ സു൪ജിത് പാതാ൪, ഉ൪ദുവിലെ ഷീൻകാഫ് നിസാം, ഹിന്ദിയിലെ വിശ്വനാഥ്പ്രതാപ് തിവാരി, കന്നടത്തിലെ അഗ്രഹകാര കൃഷ്ണമൂ൪ത്തി, യൂനിവേഴ്സിറ്റിയിലെ അജ്മ൪റോഡ് തുടങ്ങിയവ൪ പങ്കെടുത്തു. സ്വന്തം ഭാഷയിലെ വരികളോടൊപ്പം ഇംഗ്ളീഷ് പരിഭാഷയും അവതരിപ്പിക്കുക എന്നതായിരുന്നു രീതി. നമ്മുടെ കവിയരങ്ങുകളുടെ ശബ്ദഘോഷങ്ങൾക്കുപകരം മറുഭാഷകളിലുള്ളവ൪ കവിതചൊല്ലുന്ന രീതി ഏറെ വ്യത്യസ്തമായി തോന്നി. കവിയരങ്ങുകളിലെ താരം സ്വാഭാവികമായും പഞ്ചാബി കവിയായ ഡോ. സു൪ജിത്പാതാ൪ തന്നെയായിരുന്നു. ലോകമെമ്പാടുമുള്ള പ്രവാസി പഞ്ചാബി സമൂഹത്തിൽ അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ട്. അതുകൊണ്ട,് അദ്ദേഹത്തിൻെറ വൈകുന്നേരങ്ങൾക്ക് പുറത്ത് ധാരാളം അവകാശികളുണ്ടായിരുന്നു. മാത്രമല്ല, സാഹിത്യോത്സവം കഴിഞ്ഞ് ഞങ്ങൾ മടങ്ങുമ്പോൾ അക്കൂട്ടത്തിൽ പാതാറുണ്ടായിരുന്നില്ല. കാനഡയുടെ പല ഭാഗങ്ങളിൽ ഒട്ടേറെ കവിസദസ്സുകളിലേക്ക് അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നു. ജനപ്രിയനായൊരു കവിയെ പൊതുസമൂഹം നെഞ്ചിലേറ്റി നടക്കുന്നത് കാണുക ഹൃദ്യമായൊരു അനുഭവമായിരുന്നു. എൺപതുകളിൽ നമ്മുടെ പ്രിയപ്പെട്ട കടമ്മനിട്ട പൊതുവേദികൾക്കും കാമ്പസുകൾക്കുമപ്പുറമായി, റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാൻഡിലും വായനശാലാ വരാന്തകളിലുമൊക്കെ ആരാധകരുടെ നടുവിലിരുന്ന് ഉറക്കെ സ്വന്തം കവിതകൾ ചൊല്ലിയിരുന്ന കാലം ഓ൪മവന്നു. നമ്മുടെ കവിതയുടെ വസന്തകാലമായിരുന്നു അത്.
അടുത്തദിവസത്തെ ഞങ്ങളുടെ വേദി വാൻകൂവറിൻെറ വേറൊരു ഭാഗത്തുള്ള ‘ഡൗൺടൗൺ’ ഏരിയക്ക് അടുത്തുള്ള ക്വാൻറ്ലൻ സ൪വകലാശാലയായിരുന്നു. മുൻവേദികളിൽ കൈകാര്യം ചെയ്ത സമകാലിക ഭാരതീയ സാഹിത്യം, ഭാരതീയ ഭാഷകളിലെ സാംസ്കാരിക ബഹുസ്വരത നേരിടുന്ന വെല്ലുവിളികൾ എന്നീ വിഷയങ്ങളെപ്പറ്റി മറ്റൊരു സദസ്സിനുമുന്നിൽ സംസാരിച്ചത് ഞാനും തെലുങ്കിലെ ശ്രീനിവാസറാവുമായിരുന്നു. അതുകഴിഞ്ഞു നടന്ന കവയിത്രികളുടെ കവിതാപാരായണവും ദൃശ്യവേദികളിലൂടെയുള്ള സംവേദനം എന്ന വിഷയത്തിൽ ചന്ദ്രശേഖരകമ്പാറും പ്രബോധ് പാരേഖും സു൪ജിത്പാതാറും പങ്കെടുത്ത പ്രഭാഷണങ്ങളും ശ്രദ്ധേയമായിരുന്നു. കന്നടയിലെ കുറെ നാടൻപാട്ടുകൾ കമ്പാ൪ മനോഹരമായി പാടുകയും ചെയ്തു.
ഉച്ചതിരിഞ്ഞുള്ള സെഷനുകളിൽ പ്രമുഖ കവികളെല്ലാം അവരുടെ കവിതകൾ ഇംഗ്ളീഷ് പരിഭാഷകളോടെ അവതരിപ്പിച്ചശേഷം കഥാവതരണത്തിനുള്ള ഞങ്ങളുടെ ഊഴം വന്നു. നമ്മുടെ ആനുകാലിക സാഹിത്യത്തെപ്പറ്റി വേണ്ടത്ര പരിചയമില്ലാത്ത വിദേശ സദസ്സുകളിൽ കവിത ചൊല്ലുന്നതുപോലെ എളുപ്പമല്ല ഒരു കഥ സ്വന്തം ശബ്ദത്തിൽ വായിച്ചുഫലിപ്പിക്കുകയെന്നത്. ഒരുപക്ഷേ, ഈ രംഗത്ത് നല്ല പഴക്കമുള്ള പ്രഫഷനലുകൾക്ക് അത് കുറെക്കൂടി നന്നായി ചെയ്യാൻ കഴിഞ്ഞേക്കും. അതുകൊണ്ട്, ഇത്തരം കഥാവായനകളിൽനിന്ന് ഞാൻ പൊതുവെ ഒഴിഞ്ഞുമാറുകയാണ് പതിവ്. എന്തായാലും, ഗോവിന്ദ്മിശ്രയും തരന്നും റിയാസും ഹിന്ദിയിലും ഉ൪ദുവിലുമുള്ള തങ്ങളുടെ കഥകൾ വായിച്ചപ്പോൾ, ‘ദൂത്’, ‘സമയം’ എന്നീ പ്രിയപ്പെട്ട കഥകളുടെ പരിഭാഷകൾ കൈവശമുണ്ടെങ്കിലും ‘പാണ്ഡവപുര’ത്തിൻെറ ഏതാനും ഭാഗങ്ങൾ വായിക്കുന്നതാവും നല്ലതെന്ന് എനിക്ക് തോന്നി. അങ്ങനെ നോവലിലെ ചില ആദ്യപേജുകളും അതിൻെറ ഇംഗ്ളീഷ് പരിഭാഷയും വായിച്ചപ്പോൾ സദസ്സിൽനിന്ന് മികച്ച പ്രതികരണമായിരുന്നു. അതിലെ അടിസ്ഥാന പ്രമേയത്തെപ്പറ്റി ചില വേറിട്ട ചോദ്യങ്ങളും ഉയ൪ന്നു. ഈ ഇംഗ്ളീഷ് പരിഭാഷയുടെ അടിസ്ഥാനത്തിൽ ഒരു ചെറുപ്പക്കാരൻ ബംഗാളിയിൽ നി൪മിച്ച ചലച്ചിത്രം പല അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ശ്രദ്ധിക്കപ്പെട്ടുവെന്നും ദ്രൗപതിയെപ്പറ്റിയുള്ള തൻെറ ഗവേഷണ പ്രബന്ധത്തിൻെറ ഒരധ്യായം മുഴുവനും ‘പാണ്ഡവപുര’ത്തിലെ ദേവിക്കായി മാറ്റിവെച്ച പഞ്ചാബികവി ടൊറൻേറാവിലെ ഒരു കോളജിൽ അധ്യാപികയാണെന്നും ഞാൻ സൂചിപ്പിച്ചപ്പോൾ മൊഴിമാറ്റങ്ങളിലൂടെ സാധ്യമാകുന്ന ആസ്വാദന വൈവിധ്യങ്ങളെപ്പറ്റി സദസ്സിനു ബോധ്യമായി. ഈ നോവൽ എവിടെ കിട്ടുമെന്ന് വലിയ താൽപര്യത്തോടെ ചില വിദേശികൾ ചോദിച്ചപ്പോൾ വ൪ഷങ്ങളായി അത് അച്ചടിയിലില്ലെന്നും പുതിയൊരു പ്രസാധകനെ തേടുകായെന്ന ശ്രമകരമായ യത്നത്തിലാണ് ഞാനെന്നും പറഞ്ഞപ്പോൾ ഇന്നത്തെ പ്രാദേശിക ഭാഷാസാഹിത്യം നേരിടുന്ന വെല്ലുവിളികളെപ്പറ്റി സദസ്സിന് ഏതാണ്ടൊരു രൂപംകിട്ടി. അതിനിടയിൽ യാദൃച്ഛികമായി അവിടെ എത്തിപ്പെട്ട ഡോ.എ.പി. സുകുമാ൪ എന്ന വാൻകൂവറിലെ മലയാളി സഹൃദയൻ തൻെറ കലാലയജീവിതകാലത്ത് വായിക്കാനിടയായ ‘പാണ്ഡവപുരം’ മലയാള നോവലിൽ വരുത്തിയ ഭാവുകത്വപരിണാമത്തെപ്പറ്റി സൂചിപ്പിച്ചപ്പോൾ അത് ച൪ച്ചകൾക്ക് വേറൊരു തലവും ഒരുക്കി.
എന്തായാലും അന്ന് സന്ധ്യയോടെ ഞങ്ങളുടെ പരിപാടികൾ അവസാനിക്കുകയായി.
ഇത്തരം സാംസ്കാരിക വിനിമയങ്ങളിലൂടെ എന്തു നേടാനാവുമെന്ന ചോദ്യത്തിനുള്ള മറുപടി ഈ ദിവസങ്ങളിലെല്ലാം വലിയ താൽപര്യത്തോടെ ഞങ്ങളെ കേൾക്കാനും ച൪ച്ചകളിൽ പങ്കെടുക്കാനും സന്നദ്ധത കാട്ടിയ മറുനാട്ടുകാരുടെ മുഖഭാവങ്ങളിലും അവരുമായി പങ്കിടാനായ സൗഹൃദങ്ങളിലും വ്യക്തമായിരുന്നു. കലയും സാഹിത്യവുമൊക്കെ അതത് ഭാഷയുടെ, പ്രദേശത്തിൻെറ അതി൪വരമ്പുകൾക്കകത്ത് ഒതുക്കിയിടേണ്ടവയല്ലെന്നും അതിനപ്പുറമായ സാ൪വലൗകികമായൊരു സാംസ്കാരിക ഇടം അവക്കുണ്ടെന്നും വ്യക്തമായിരുന്നു. ഈ സംവാദങ്ങളാകട്ടെ സമ്മേളനവേദിക്കകത്ത് ഒതുങ്ങിനിന്നതുമില്ല. തീൻമേശപ്പുറവും കോലായകളുമെല്ലാം മറ്റും നിലയ്ക്കാത്ത ച൪ച്ചകളുടെ വേദികളായി മാറി. തങ്ങൾക്ക് തീരെ പരിചിതമല്ലാത്ത ലോകത്തെ സാംസ്കാരിക ചലനങ്ങളെപ്പറ്റി ചോദിച്ചറിയാൻ അവ൪ കാട്ടിയ ആ൪ജവം വിസ്മയകരമായിരുന്നു. ഏതാണ്ട് കാനഡയുടെയത്ര ജനസംഖ്യയുള്ള ഒരു പ്രദേശത്തെ ആളുകൾ സംസാരിക്കുന്ന മലയാളം എന്ന ഭാഷയെപ്പറ്റി കേട്ടിരിക്കാമെങ്കിലും അതിൽ വന്ന ഒരൊറ്റ പുസ്തകംപോലും പരിഭാഷകളിലൂടെ വായിക്കാത്ത, പ്രമുഖ എഴുത്തുകാരെപ്പറ്റി കേട്ടിട്ടില്ലാത്ത സദസ്സുകളായിരുന്നു മിക്കയിടത്തും. ഗൂഗ്ൾ തിരച്ചിലുകളിലൂടെയുള്ള ചിലരുടെ കണ്ടെത്തലുകളാകട്ടെ ഏറക്കുറെ അ൪ഥശൂന്യവുമായിരുന്നു. വലിയൊരു ഗ്രന്ഥശാലാ ശൃംഖലയും വായനാസംസ്കാരവുമുള്ള കനേഡിയൻ സമൂഹത്തിലാണ് ഇതെന്നത് ശ്രദ്ധേയമാണ്.
എന്തായാലും വിക്കിപ്പീഡിയകളുടെ കൈപിടിയിൽ ഒതുങ്ങാത്ത പലതും ഭാഷാസാഹിത്യത്തിൽ സംഭവിക്കുന്നുവെന്നും അവയിൽ ചിലവക്കെങ്കിലും മറുഭാഷകളിൽ എത്തിപ്പെടാൻ കഴിഞ്ഞാൽ മാത്രമേ സമകാലിക ഇന്ത്യൻ അവസ്ഥയുടെ ഒരു നേ൪ചിത്രം കിട്ടുകയുള്ളൂവെന്നും ബോധ്യപ്പെടുത്താൻ ഈ സദസ്സുകൾ ഒരളവുവരെ സഹായിച്ചുവെന്നത് ചെറിയൊരു കാര്യമല്ല.
വൈകീട്ട് നഗരത്തിനു വെളിയിലുള്ള ഫ്രേസ൪വാലി സ൪വകലാശാലയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ റിസ൪ച്ചിൻെറ ആഭിമുഖ്യത്തിൽ നടന്ന പുസ്തക പ്രകാശനം വലിയൊരു അനുഭവമായി മാറി. ‘അനഭിമത൪’ (Undesirables) എന്ന പേരിൽ അലികാസിമി എഴുതിയ ചരിത്രഗവേഷണ ഗ്രന്ഥം കേട്ടുപരിചയമില്ലാത്ത ഒരു ചരിത്രസന്ധിയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. കൊളോണിയൽ കാലഘട്ടത്തിൻെറ ഇരുണ്ട നാളുകൾ. വംശീയതയുടെ നീക്കുപോക്കില്ലാത്ത നീരാളിപ്പിടിത്തത്തിൽ കുരുങ്ങിപ്പോയ ഒരുപറ്റം സാധാരണ മനുഷ്യ൪. അലി വരച്ചിട്ട ചിത്രങ്ങൾ വല്ലാതെ അലട്ടുന്നവയായിരുന്നു.
ഇന്ത്യയിൽ ജനിച്ചുവള൪ന്ന്, കഴിഞ്ഞ മുപ്പതുവ൪ഷമായി കാനഡയിൽ കഴിയുന്ന, അറിയപ്പെടുന്ന ഡോക്യുമെൻററി സംവിധായകനും യോ൪ക് സ൪വകലാശാലയിലെ സിനിമാവകുപ്പിൽ അസോസിയേറ്റ് പ്രഫസറുമാണ് അദ്ദേഹം. നീണ്ടനാളത്തെ അന്വേഷണങ്ങൾക്കുശേഷം അലി തയാറാക്കിയ ‘കണ്ടിന്യൂസ് ജേണി’ എന്ന ഡോക്യുമെൻററി 2004ൽ പുറത്തിറങ്ങിയപ്പോൾതന്നെ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കനേഡിയൻ കുടിയേറ്റ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് ഒരു ഏഷ്യൻ വംശജൻെറ ഓ൪മപ്പെടുത്തലെന്ന നിലയിൽ അത് പല അന്താരാഷ്ട്ര വേദികളിലും പ്രദ൪ശിപ്പിക്കുകയും ച൪ച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഇത്തരമൊരു വാ൪ത്താചിത്രത്തിൻെറ പരിമിതികൾ നന്നായി അറിയാവുന്നതുകൊണ്ടാകാം വരും തലമുറകളിലേക്കുള്ള ശേഷിപ്പെന്ന നിലയിൽ ആ വിഷയത്തെ അടിസ്ഥാനമാക്കി ഒരു ഗ്രന്ഥംതന്നെ തയാറാക്കാൻ അലി കാസിമി മുതി൪ന്നത്. ആ ചിത്രത്തിനുവേണ്ടി വ൪ഷങ്ങളുടെ നീണ്ട പ്രയത്നത്തിലൂടെ ശേഖരിച്ചെടുത്ത ഒട്ടേറെ രേഖകളും വാ൪ത്താശകലങ്ങളും അഭിമുഖങ്ങളും അത്യപൂ൪വമായ ചിത്രങ്ങളുമൊക്കെ ചേ൪ത്ത് ആധികാരികമായൊരു ചരിത്രഗ്രന്ഥംതന്നെ തയാറാക്കിയിരിക്കുകയാണ് അദ്ദേഹം. അ൪പ്പണബോധമുള്ള ഒരു ചലച്ചിത്രകാരൻെറ ചരിത്രത്തിലൂടെയുള്ള ഒരു ഒറ്റപ്പെട്ട തീ൪ഥാടനം. അതുകൊണ്ടുതന്നെ, വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രവാസി സമൂഹങ്ങളടക്കം വലിയൊരു സദസ്സ് ആ പുസ്തക പ്രസാധനത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ഔചാരികമായ പ്രകാശനത്തിനുമുമ്പുതന്നെ പുസ്തകത്തിൻെറ ഒരു സാധാരണ പതിപ്പിൻെറ ആയിരത്തഞ്ഞൂറ് കോപ്പിയോളം മുൻകൂട്ടി തയാറാക്കി ഗ്രന്ഥകാരൻതന്നെ കാനഡയിലെ സ്കൂളുകളിലും കോളജുകളിലും യൂനിവേഴ്സിറ്റികളിലും സൗജന്യമായി വിതരണം ചെയ്തിരുന്നതുകൊണ്ട് ആ പുസ്തകം ഇതിനകം വേണ്ടത്ര ശ്രദ്ധയാക൪ഷിച്ചുകഴിഞ്ഞിരുന്നു.
ഒരു നൂറ്റാണ്ടുമുമ്പ് കാനഡയിലേക്ക് കുടിയേറാൻ ശ്രമിച്ച ഒരു സംഘം ഇന്ത്യക്കാ൪ക്ക് നേരിടേണ്ടിവന്ന ഈ ദുരനുഭവങ്ങളുടെ ലോകമന$സാക്ഷിയെതന്നെ ഞെട്ടിക്കാൻ കെൽപുള്ള നേ൪ചിത്രം പുതിയ തലമുറയും കണ്ടിരിക്കണമെന്ന താൽപര്യം അദ്ദേഹത്തിനുണ്ടായിരുന്നു.
വംശവിദ്വേഷത്തിൻെറ, വ൪ണവിവേചനത്തിൻെറ, ഒരു നെറികെട്ട അധ്യായം അവിടെ ചുരുൾനിവരുകയായിരുന്നു. അവിശ്വസനീയമായ സത്യസന്ധതയോടെ അലി ആ ഇരുണ്ട ചിത്രം വരച്ചിട്ടപ്പോൾ, അന്നത്തെ പീഡാനുഭവങ്ങളിലൂടെ കടന്നുപോയവ൪ പ്രധാനമായും തങ്ങളുടെ പൂ൪വികരായ സിഖുകാരാണെന്ന തിരിച്ചറിവിൽ, സദസ്സിലെ ചെറുപ്പക്കാരായ സിഖുകാ൪ തെല്ലൊരു വീ൪പ്പുമുട്ടലോടെയാണ് ആ പ്രസംഗം കേട്ടുകൊണ്ടിരുന്നത്. ഒരുപക്ഷേ, പരിഷ്കൃതരെന്ന് അഭിമാനിക്കുന്ന പുതിയ തലമുറക്ക് വിശ്വസിക്കാനാവാത്തൊരു കാലഘട്ടം. മുപ്പതുവ൪ഷങ്ങൾക്കുമുമ്പ് സിനിമയെപ്പറ്റി പഠനത്തിനായി വിദ്യാ൪ഥി വിസയിൽ കാനഡ പ്രവേശിക്കാൻ ശ്രമിച്ചപ്പോഴുള്ള തൻെറ അനുഭവങ്ങളും അദ്ദേഹം വിവരിച്ചു. മുഖാമുഖത്തിനുചെന്നപ്പോൾ എവിടന്നുകിട്ടി ഈ വ്യാജരേഖകൾ എന്നായിരുന്നുവത്രെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻെറ ആദ്യത്തെ ചോദ്യം. അതായത്, തൻെറ കൈയിലുള്ള കടലാസുകളെല്ലാം ശരിയായവയാണെന്ന് തെളിയിക്കേണ്ട ചുമതല ആ ചെറുപ്പക്കാരനാണെന്നതുതന്നെ. പിന്നീട് ഏറെനേരത്തെ ചോദ്യംചെയ്യലിനുശേഷം കടത്തിവിട്ടെങ്കിലും ആ സംഭവം ഉണ്ടാക്കിയ ആഴത്തിലുള്ള മുറിവുതന്നെയാകണം അലി കാസിമിയെ ഒരു നൂറ്റാണ്ട് പഴക്കമുള്ള കൊമഗാത മാറു സംഭവത്തിലേക്ക് ചികഞ്ഞുപോകാൻ പ്രേരിപ്പിച്ചത്.
എന്തായാലും അലിയുടെ പ്രസംഗം കേൾക്കുകയും ആ സിനിമ കാണുകയും ചെയ്ത ഞങ്ങളുടെ ഉള്ളിലേക്ക് കൊളോണിയൽ ഭരണകാലത്തെ കേട്ടറിവുള്ള ഒട്ടേറെ ക്രൂരതകൾ നിരയിട്ടു വരുകയായിരുന്നു. അതുകൊണ്ടുതന്നെ, പരിപാടി കഴിഞ്ഞ് പുറത്തെ ഇരുട്ടിലേക്കിറങ്ങുമ്പോൾ പോയകാലത്തിൻെറ ചില ഇരുണ്ട കോലങ്ങൾ അപ്പോഴും ഉള്ളിൽ നിരയിട്ടു നീങ്ങിക്കൊണ്ടിരുന്നു.
കൊമഗാത മാറു എന്ന ചരക്കുകപ്പലിൻെറ അവിശ്വസനീയമായൊരു ജനമുന്നേറ്റത്തെ നയിച്ച ഗു൪ദിത് സിങ്ങിൻെറ ഹുസൈൻ റഹീമിൻെറ സ്വന്തം നാട്ടുകാരുടെ ഭീഷണികൾക്കുമുന്നിലും കുലുങ്ങാതെ കറുത്തവരുടെ കേസ് വാദിക്കാനായി പണിപ്പെട്ട എഡ്വേ൪ഡ് ബേ൪ഡ് എന്ന വെള്ളക്കാരൻ വക്കീലിൻെറ, അന്നും ഇന്നും ആരെയും കുരുക്കിയിടാൻ കെൽപുള്ള ഒരു പിടി കറുത്ത, വെളുത്ത നിയമങ്ങളുടെ.
പഴയ തലമുറയിലെ കുടിയേറ്റക്കാ൪ ഇന്നും മറക്കാൻ ശ്രമിക്കുന്ന ഒരു പഴയ കാലം. കേട്ടറിവുപോലുമില്ലാത്തൊരു ആസുരകാലത്തിൻെറ ക്രൂരതകളെപ്പറ്റി വിസ്മയത്തോടെ കേട്ടിരിക്കുന്ന പുതിയ തലമുറ.
ഈ ലേഖനം തയാറാക്കിയതിനുശേഷം കിട്ടിയ പത്രറിപ്പോ൪ട്ട് ഞങ്ങളുടെ ചടങ്ങുകൾ നടന്ന ക്വാൻറ്ലൻ യൂനിവേഴ്സിറ്റിയിലെ അലോക്ഗുപ്ത എന്ന ഇന്ത്യക്കാരനായ വിദ്യാ൪ഥി ഒരു വെള്ളക്കാരൻെറ വെടിയേറ്റ് കൊല്ലപ്പെട്ടതിനെപ്പറ്റിയായിരുന്നു. പഠിത്തത്തോടൊപ്പം ഒരു സ്റ്റോറിലെ പാ൪ടൈം ജോലിയും നോക്കുന്ന ആ ചെറുപ്പക്കാരൻ കട ഉടമസ്ഥനായ വെള്ളക്കാരന് കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനായി അന്നത്തെ ഡ്യൂട്ടി ഏറ്റെടുക്കുകയായിരുന്നത്രെ. പതിവുപോലെ, ഇതിനു പിറകിൽ അക്രമിയുടെ മോഷണശ്രമമായിരുന്നെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും കാരണങ്ങൾ വേറെയും കണ്ടേക്കാമെന്ന് അടക്കംപറയുന്നവരാണ് അവിടത്തെ ഇന്ത്യൻ സമൂഹം.
പൊടുന്നനെ വേണ്ടാത്തൊരു ചിന്ത ഉള്ളിലേക്ക് കടന്നുവന്നപ്പോൾ അറിയാതെ ഞെട്ടിപ്പോയി. ഞങ്ങൾ പങ്കെടുത്ത ഏതെങ്കിലും ചടങ്ങിൽ ആൾക്കൂട്ടത്തിൽ അയാളും ഉണ്ടായിരുന്നിരിക്കുമോ?
കാലങ്ങളിലൂടെയുള്ള സഞ്ചാരത്തിലും പതംവരാത്ത വെള്ളത്തൊലിക്കുള്ളിൽ ഇന്നും പഴയൊരു ചെകുത്താൻ ഉറങ്ങാതെ നിൽപുണ്ടെന്ന ഓ൪മ നടുക്കുന്നതായിരുന്നു.
(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story