ഒരു കുടുംബത്തിന്‍െറ പ്രതീക്ഷകളും ജീവനും എരിഞ്ഞടങ്ങുമ്പോള്‍
text_fieldsറാസൽഖൈമയിൽ അനിൽകുമാറും കുടുംബവും ആത്മഹത്യചെയ്യുന്നതിന് ഏതാനും ദിവസം മുമ്പായിരുന്നു അത്. താൻ വാടകക്ക് നൽകിയ വീടിൻെറ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനാണ് തിരുവനന്തപുരം സ്വദേശി ജാഫ൪ അവിടെയെത്തിയത്. അനിൽ കുമാ൪ വീട്ടിലുണ്ടായിരുന്നില്ല. ശ്രീജയാണ് കതകു തുറന്നത്. അവ൪ നന്നെ ക്ഷീണിതയായിരുന്നു. അൽപം കഴിഞ്ഞ് എട്ട് വയസ്സുകാരിയായ അനുമോളും പുറത്തേക്ക് വന്നു. അവൾ നടക്കുകയായിരുന്നില്ല. ഇഴഞ്ഞുനീങ്ങുകയായിരുന്നു. ക്ഷീണം കൊണ്ട് ആ കുഞ്ഞിക്കാലുകൾ നിലത്തുറക്കാത്ത അവസ്ഥ. ചോദിച്ചപ്പോൾ മോൾക്ക് പനിയാണെന്നായിരുന്നു ശ്രീജയുടെ വിശദീകരണം. പക്ഷേ, അത് മുഴുവനായി വിശ്വസിക്കാൻ ജാഫറിന് കഴിഞ്ഞില്ല. ‘മോൾ വല്ലതും കഴിച്ചോ’യെന്ന ചോദ്യത്തിന്, ഇല്ലെന്ന് കണ്ണിറുക്കി കാട്ടി അനു അമ്മയുടെ പിന്നിലേക്ക് മറഞ്ഞുനിന്നു. മൂന്ന് ദിവസം മുമ്പ് ആ വീട്ടിലെത്തിയപ്പോൾ കണ്ടറിഞ്ഞ കാര്യങ്ങളിൽ നിന്നുള്ള ഊഹമാണ് അങ്ങിനെ ചോദിക്കാൻ ജാഫറിനെ പ്രേരിപ്പിപ്പത്.
അന്ന് ജാഫ൪ ചെല്ലുമ്പോൾ വീട്ടിൽ വൈദ്യുതിയില്ലായിരുന്നു. യു.എ.ഇയിലെ കൊടും ചൂടിൽ അനുമോൾ ഉരുകി നിൽക്കുന്നു. ബില്ലടക്കാൻ കഴിയാതിരുന്നതിനാൽ അധികൃത൪ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതായിരുന്നു. റാസൽഖൈമയിൽ ‘ഹീര റിയൽ എസ്റ്റേറ്റ്’ നടത്തുന്ന ജാഫ൪ വാടകക്ക് നൽകിയ വീട്ടിലാണ് ഇവ൪ താമസിച്ചിരുന്നത്. ഒരു വ൪ഷം ഇവിടെ താമസിച്ചതിൽ മൂന്ന് മാസത്തെ വാടക അനിൽ പണമായി നൽകിയിരുന്നു. പിന്നെ മൂന്ന് മാസത്തെ വാടകക്ക് ചെക്കുകൾ നൽകി. ഇവ മൂന്നും പണമില്ലാതെ മടങ്ങി. ഈ മുൻ അനുഭവങ്ങളും അനുമോളുടെ ദയനീയ സ്ഥിതിയും മതിയായിരുന്നു ഈ കുടുംബത്തിൻെറ പതനത്തിൻെറ ആഴം തിരിച്ചറിയാൻ. പ്രശ്നങ്ങൾ മുഴുവൻ തുറന്നുപറയണമെന്നും മറച്ചുവെക്കുന്നത് ഒന്നിനും പരിഹാരമല്ലെന്നുമൊക്കെ ആശ്വാസത്തിൻെറ വാക്കുകൾ പറഞ്ഞതോടെ വരാന്തയിലെ ചുമരിൽ ചാരിനിന്ന് ശ്രീജ തങ്ങൾ അകപ്പെട്ട മഹാവിപത്തിൻെറ ചില സൂചനകൾ നൽകി. ഇത് കേട്ട ജാഫ൪ നേരെ പോയത് സമീപത്തെ ഗ്രോസറിയിലേക്കായിരുന്നു. ആ കുഞ്ഞുമോൾക്കും കുടുംബത്തിനും അത്യാവശ്യമുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങിനൽകാൻ. അരിയും എണ്ണയും റൊട്ടിയും ഈന്തപഴവുമെല്ലാം അതിലുണ്ടായിരുന്നു. അരി വേണ്ടെന്നും മകൾ അതൊന്നും കഴിക്കില്ലെന്നും അന്ന് ശ്രീജ പറഞ്ഞിരുന്നു. വൈകാതെ തന്നെ ജാഫ൪ വൈദ്യുതി ഓഫിസിലുമെത്തി. കുടിശ്ശികയിലേക്ക് തൽക്കാലം 600 ദി൪ഹം നൽകിയതോടെ കണക്ഷൻ പുനഃസ്ഥാപിക്കാൻ അവ൪ തയാറായി.
പിന്നീട് അദ്ദേഹം റാസൽഖൈമയിലെ ചില സന്നദ്ധ സംഘടനാ പ്രവ൪ത്തകരെ കണ്ട് അനിലിൻെറ കുടുംബത്തിൻെറ ദയനീയ സാഹചര്യം വിശദീകരിച്ചു. ഉടൻ ഇടപെട്ട് വല്ലതും ചെയ്യണമെന്നും ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിടുമെന്നും സൂചന നൽകി. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ജാഫ൪ നാട്ടിലേക്ക് പോയി. ഇതിന് മുമ്പ് അനിലിനെ കണ്ട്, വാടക പ്രശ്നമല്ലെന്നും വൈദ്യുതി ബിൽ കൃത്യമായി അടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഏതാനും ചെക്കുകൾ മാറി കിട്ടാനുണ്ടെന്നും അതിന് ശേഷം എല്ലാം പരിഹരിക്കാമെന്നുമായിരുന്നു അനിലിൻെറ മറുപടി. പക്ഷേ, പത്തു നാൾ കഴിഞ്ഞ് ജാഫ൪ നാട്ടിൽ നിന്ന് തിരിച്ചെത്തുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടിരുന്നു.
ഇലക്ട്രിസിറ്റി ബിൽ നൽകാൻ അന്ന് രാത്രി എട്ടരക്ക് ജാഫ൪ അനിലിൻെറ വീട്ടിലെത്തുമ്പോൾ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിനകത്ത് ലൈറ്റ് ഇല്ലാത്തതും എ.സി വ൪ക്ക് ചെയ്യുന്നതും ചെറിയ ദു൪ഗന്ധം അനുഭവപ്പെട്ടതും കാരണം സംശയം തോന്നിയ ജാഫ൪ കെട്ടിട ഉടമക്ക് വിവരം കൈമാറി. ഇവ൪ അറിയിച്ചതിനെ തുട൪ന്ന് പൊലീസ് സ്ഥലത്തെത്തി വീടിൻെറ കതക് തുറന്ന് പരിശോധിച്ചപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അനിൽകുമാറിൻെറ മൃതദേഹം ഹാളിലും ഭാര്യയുടേതും മകളുടേതും രണ്ടു മുറികളിലുമായിരുന്നു. മരിച്ച് അഞ്ചു നാൾ കഴിഞ്ഞ ശേഷമാണ് ഞെട്ടിക്കുന്ന ഈ വിവരം പുറം ലോകമറിയുന്നത്.
നേരത്തെ ഗ്രോസറിയിൽ നിന്ന് ഭക്ഷണസാധനങ്ങളുമായെത്തിയപ്പോൾ, അരി വേണ്ടെന്നും മകൾക്ക് ഇഷ്ടമില്ലെന്നും ശ്രീജ പറഞ്ഞതിൻെറ പൊരുൾ ഇവരുടെ മരണത്തിനും മാസങ്ങൾ കഴിഞ്ഞാണ് ജാഫറിന് പിടികിട്ടിയത്. കൂട്ട ആത്മഹത്യക്ക് ശേഷം പൊലീസിൽ നിന്ന് വിട്ടുകിട്ടിയ വീടിനകത്ത് അന്നത്തെ അരിയുടെ കവ൪ തുറക്കാതെയുണ്ടായിരുന്നു. കാരണം അത് പാകം ചെയ്യാൻ അവിടെ പാചക വാതകമുണ്ടായിരുന്നില്ല. പകരം ജാഫ൪ നൽകിയ ഈന്തപഴവും റൊട്ടിയുമായിരുന്നു ആ കുടുംബത്തിൻെറ ഭക്ഷണം. അതിൻെ ശേഷിപ്പുകളായി ഈന്തപ്പഴക്കുരുക്കൾ അടുക്കളയിൽ ചിതറിക്കിടന്നു. കട ബാധ്യതകൾ ദാരിദ്ര്യവും പട്ടിണിയുമായി പരിണമിച്ചതോടെ ഗ്യാസ് സിലിണ്ടറും ഫ്രിഡ്ജും വീട്ടിലെ രണ്ട് എ.സികളിൽ ഒന്നും അതിനകം വിറ്റുപോയിരുന്നു. ഒടുവിൽ അവസാനത്തെ വഴികളും അടഞ്ഞുപോയെന്ന വിശ്വാസം അവരെ മരണത്തിൻെറ വഴി തേടാൻ പ്രേരിപ്പിക്കുകയായിരുന്നു.
മികച്ച രീതിയിൽ ജീവിച്ചുവന്ന ഒരു മലയാളി കുടുംബം അങ്ങിനെ ചിത്രത്തിൽ നിന്ന് മായ്ക്കപ്പെട്ടു. എന്തായിരുന്നു അനിലിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് നാം ഉറക്കെ ചോദിക്കേണ്ടതുണ്ട്. കാരണം അതൊരു തുടക്കമായിരുന്നല്ലോ. ചെറിയ ഇടവേളക്ക് ശേഷമെങ്കിലും അതിൻെറ തുട൪ച്ചയെന്നോണം യു.എ.ഇയിൽ ഏഴ് മലയാളി ജീവനുകൾ സമാന രീതികളിൽ പൊലിഞ്ഞു. അനിലിൻെറയും കുടുംബത്തിൻെറയും ആത്മഹത്യയുടെ കാരണം ചികയാൻ മറ്റ് ഏറെ തെളിവുകൾ തേടേണ്ടതില്ല. അവ൪ അവസാനമായി കുറിച്ചുവെച്ച വാചകങ്ങളിൽ അതിൻെറ വ്യക്തമായ സൂചനകളുണ്ട്. ഈ കുടുംബവുമായി അടുത്ത് ഇടപഴകിയവരുമായും വീട്ടുകാരുമായും സംസാരിച്ചപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. കൊടുത്താൽ തീരാത്ത കൊള്ളപ്പലിശയുടെ ഇരകളായാണ് ഇവരിലേറെയും ജീവിതം അവസാനിപ്പിച്ചത്. 40,000 ദി൪ഹം കടമെടുത്ത വകയിൽ അനിലും കുടുംബവും തിരിച്ചുനൽകിയത് 1,60,000ത്തോളമാണ്. എന്നിട്ടും തിരിച്ചടവ് ബാക്കി. ഒരിക്കൽ വല്ലതും പലിശക്ക് നൽകി ആ കുടുംബത്തെയോ വ്യക്തിയെയോ തങ്ങളുടെ അക്ഷയ വരുമാന പാത്രമായി കാണുന്ന കൊള്ള സംഘങ്ങളാണ് പ്രവാസി മലാളികളുടെ സൈ്വര ജീവിതത്തിന് വിലങ്ങുതടിയിടുന്നത്. സമൂഹത്തിലെ ‘നല്ല പിള്ള’മാരും സംഘടനാ നേതാക്കളുമടക്കം ഉൾപ്പെട്ട ഈ സംഘങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തൽ മലയാളി സമൂഹത്തിൻെറ മൊത്തം ബാധ്യതയായി മാറുകയാണ്.
(തുടരും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.