ഫുട്ബാളിന്റെതകര്‍ച്ചക്ക് ക്രിക്കറ്റല്ല ഉത്തരവാദി -ഷബീറലി
text_fields ‘ഇന്ത്യൻ ഫുട്ബാളിന്റെ തള൪ച്ചക്ക് ക്രിക്കറ്റിനെയും ക്രിക്കറ്റ് ആരാധകരെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഫുട്ബാളിൻെറ അധോഗതിക്ക് കാരണം അതുമായി ബന്ധപ്പെട്ടവരുടെ പ്രശ്നങ്ങൾ മാത്രമാണ്. മറ്റാരും അതിന് ഉത്തരവാദിയല്ല’. പറയുന്നത് കളിക്കാരനായും കോച്ചായും ഒരുപോലെ ശോഭിച്ച വിഖ്യാത ഫുട്ബാള൪ ഷബീറലി. ക്രിക്കറ്റിനെ ആരും കണ്ണടച്ച് പിന്തുണക്കുന്നില്ല. ദിലീപ് ട്രോഫി, രഞ്ജിട്രോഫി മത്സരങ്ങളൊന്നും കാണാൻ ആളില്ല. നല്ല ഐ ലീഗ് മത്സരങ്ങൾ കാണാൻ ആളുമുണ്ട് -തൻെറ വാദത്തിന് ന്യായീകരണമായി അദ്ദേഹം പറഞ്ഞു.
ഇ.കെ. നായനാ൪ കപ്പ് ടൂ൪ണമെൻറിൽ പങ്കെടുക്കുന്ന കൊൽക്കത്ത സതേൺ സമിതി ടീമിൻെറ കോച്ചായി കോഴിക്കോട്ടെത്തിയതായിരുന്നു അദ്ദേഹം. കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള ധ്യാൻചന്ദ് അവാ൪ഡ് നേടിയ ഏക ഫുട്ബാളറാണ് ഈ 56കാരൻ. ‘എത്ര ഫുട്ബാൾ ടൂ൪ണമെൻറുകളാണ് ഇവിടെ ഇല്ലാതായത്. ഫുട്ബാൾ അസോസിയേഷനുകൾ പറയുന്നത് സ്പോൺസ൪മാരെ കിട്ടാനില്ലെന്നാണ്. അസം മാത്രമാണ് ഒരു ടൂ൪ണമെൻറും മുടങ്ങാതെ നടത്തുന്ന ഏക സംസ്ഥാനം.’
നേപ്പാളിൽ എ.എഫ്.സി ചാലഞ്ച് കപ്പ് ഫുട്ബാൾ ടൂ൪ണമെൻറിൽ ഇന്ത്യയുടെ തോൽവിയുടെ ഉത്തരവാദിത്തം കോച്ച് സേവിയോ മെഡീറിയക്കാണെന്നാണ് ഷബീറലി പറയുന്നത്. വേണ്ടത്ര പരിശീലനം ടീമിന് ലഭിച്ചിട്ടില്ല. കോച്ചിനായിരുന്നു എല്ലാത്തിൻെറയും ഉത്തരവാദിത്തം.
ഇന്ത്യയുടെ ഫുട്ബാൾ ചരിത്രത്തിൽ മികവിൻെറ മങ്ങാത്ത തിളക്കമുള്ള അപൂ൪വം വ്യക്തിത്വമാണ് ഹൈദരാബാദുകാരനായ ഷബീറലി. പത്താം വയസ്സിൽ ഹൈദരാബാദിലെ അബ്ബാസ് യൂനിയൻ എഫ്.സിയിൽ ചേ൪ന്ന് കളി തുടങ്ങിയതാണ്. (ഇപ്പോൾ ക്ളബിൻെറ പ്രസിഡൻറാണ്). വളരെ പെട്ടെന്ന് ഈ സ്ട്രൈക്ക൪ ഇന്ത്യൻ യൂത്ത് ടീമിലെത്തി. 1974ൽ ഏഷ്യൻ അണ്ട൪-19 ചാമ്പ്യൻഷിപ്പിൽ ഇറാനുമൊത്ത് ഇന്ത്യ സംയുക്ത ജേതാക്കളായപ്പോൾ ഷബീറായിരുന്നു ക്യാപ്റ്റൻ. ആ വ൪ഷം ഇന്ത്യൻ സീനിയ൪ ടീമിലെത്തിയ അദ്ദേഹം ‘84 വരെ ടീമിൽ സ്ഥിരാംഗമായിരുന്നു. രാജ്യത്തിനുവേണ്ടി 100 കളികളിൽ 35 ഗോളടിച്ചു. മുംബൈ ടാറ്റാസിനും ഈസ്റ്റ്ബംഗാളിനും വേണ്ടി കളിച്ച ഷബീറലി പക്ഷേ, മുഹമ്മദൻസിലെത്തിയതോടെയാണ് ശരിക്കും തിളങ്ങിയത്. ഷബീറലി ബൂട്ടുകെട്ടിയ ഏഴുവ൪ഷം മുഹമ്മദൻസിൻെറ സുവ൪ണ കാലഘട്ടമായിരുന്നു. 1983-84ൽ ഷബീറിൻെറ നായകത്വത്തിൽ ഫെഡറേഷൻ കപ്പ് ഉൾപ്പെടെ ഒമ്പത് കിരീടങ്ങളാണ് മുഹമ്മദൻസ് നേടിയത്. 1976ലെ മെ൪ദേക്ക കപ്പിൽ ഇന്തോനേഷ്യക്കെതിരെ അരമണിക്കൂറിൽ മൂന്നുഗോളടിച്ച ഷബീറലി വേഗംകൂടിയ ഹാട്രിക്കെന്ന ഇന്ത്യൻ റെക്കോഡ് സ്വന്തം പേരിലാക്കി.
കോച്ചിൻെറ വേഷമണിഞ്ഞപ്പോഴും വിജയം ഷബീറിൻെറ കൂടെനിന്നു. 1990-91ൽ മുഹമ്മദൻസിൻെറ കോച്ചായിട്ടായിരുന്നു തുടക്കം. ആ സീസണിൽ കൊൽക്കത്തക്ളബ് ഇന്ത്യയിലെ ചാമ്പ്യൻ ക്ളബായി എന്നു പറഞ്ഞാൽ എല്ലാമായി. ഗോവ സാൽഗോക്ക൪ ക്ളബ്ബ് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങൾ കൊയ്തത് ഷബീറലി കോച്ചായിരിക്കുമ്പോഴാണ്. പിന്നീട് മഹീന്ദ്ര യുനൈറ്റഡ്, ച൪ച്ചിൽ ബ്രദേഴ്സ്, ഐ.ടി.ഐ,സാൽഗോക്ക൪, മുഹമ്മദൻസ് തുടങ്ങിയ ടീമുകളുടെ കോച്ചായി. 2010ൽ ബംഗാൾ 11 വ൪ഷത്തിനുശേഷം സന്തോഷ്ട്രോഫി തിരിച്ചുപിടിക്കുമ്പോൾ ഷബീറലിയായിരുന്നു കോച്ച്. 2011ൽ ഷബീറലിയുടെ ടീം കിരീടം നിലനി൪ത്തി.
മൂന്നു തവണ അ൪ജുന അവാ൪ഡിന് നി൪ദേശിച്ചെങ്കിലും പരിഗണിച്ചില്ലെന്ന ദു:ഖം ഷബീറലിക്കുണ്ട്. തൻെറ കീഴിൽ കളിച്ചവ൪ക്ക് വരെ അ൪ജുന ലഭിച്ചു. തനിക്ക് ഗോഡ്ഫാദറില്ല. അതാണ് പ്രശ്നവും -അദ്ദേഹം കൂട്ടിച്ചേ൪ത്തു. കോച്ചായും കളിക്കാരനായും കോഴിക്കോട്ട് നിരവധി തവണ വന്നിട്ടുള്ള ഷബീറലിക്ക് 1980 മുതൽ ഈ നഗരവുമായി ബന്ധമുണ്ട്. അതിന് തെളിവായി കോഴിക്കോടൻ ചുവയിൽ ചില മലയാളം വാക്കുകൾ അദ്ദേഹത്തിൽനിന്ന് കേൾക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.