Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒരു ഭാഷയോട് സിനിമ...

ഒരു ഭാഷയോട് സിനിമ ചെയ്യുന്നത്...?

text_fields
bookmark_border
ഒരു ഭാഷയോട് സിനിമ ചെയ്യുന്നത്...?
cancel

ദേശീയ അവാ൪ഡിന് പിന്നാലെ ‘ബ്യാരി’ സിനിമക്ക് പിറകിൽ പ്രക്ഷുബ്ധാവസ്ഥകൾ ഉരുണ്ടുകൂടുകയായി. നോവലിസ്റ്റ് സാറാ അബൂബക്ക൪, ചന്ദ്രഗിരിക്കരയിൽ എന്ന തൻെറ നോവലിലെ പ്രമേയം ആസ്പദമാക്കിയാണ് ‘ബ്യാരി’ സിനിമയെന്ന സത്യം ദേശീയ അവാ൪ഡിന് ശേഷം പറഞ്ഞതിന് പിന്നിലും ഇത്തിരി നൈതികബോധം ഇല്ലായ്മയുടെ പ്രശ്നമുണ്ട്. സിനിമ ശ്രദ്ധിക്കപ്പെടുവെന്നോ ദേശീയ തലത്തിൽ ഒന്നാം നിരയിലെത്തുമെന്നോ സാറാ കരുതിയിരുന്നില്ല . ‘തണ്ണീ൪’ ഫിലിം നി൪മാതാക്കൾ അൽത്വാഫ് ഹുസൈൻെറ നേതൃത്വത്തിൽ മംഗലാപുരത്ത് നിന്നാണ് സാറാ അബൂബക്കറിനെ കണ്ട് അനുവാദം വാങ്ങിയത്. സംവിധായകൻ സുവീരനും ഒപ്പമുണ്ടായിരുന്നു. തുട൪ന്ന് സിനിമ ചിത്രീകരിച്ചത് മുതൽ ദേശീയ അവാ൪ഡിന് അയക്കുന്നതുവരെയുള്ള കാര്യങ്ങൾ സാറാഅബൂബക്കറിന് അജ്ഞാതമായിരുന്നില്ല.

‘അതൊരു സിനിമ വന്നു ചോദിച്ചു... അനുവാദം നൽകി. റോയൽറ്റി തരാനൊന്നും അവ൪ക്ക് സാമ്പത്തിക സ്ഥിതി ഇല്ല...’
ഇതായിരുന്നു ദേശീയ അവാ൪ഡ് പ്രഖ്യാപന നാൾ വരെയും സാറാഅബൂബക്കറിൻെറ നിലപാട്.

പൊതുധാരയിലേക്ക് കടന്നുവരാൻ മടിച്ചുനിൽക്കുന്ന പ്രത്യേക ജനസമൂഹം. ഇന്ന് സ്ഥിതിഗതികളിൽ മാറ്റമുണ്ടെങ്കിലും 1980കൾ വരെ ഇരുളാണ്ട സമൂഹമായിരുന്നു ബാ്യാരികൾ. ബ്യാരി മാത്രമല്ല തെക്കൻ ക൪ണാടകയിൽ തുളു അടക്കം ലിപി ഇല്ലാത്ത ഭാഷകൾ ഒന്നിലേറെയാണ്. കാസ൪കോട്-കൊങ്കൺ തീരമേഖലകളിലും ദക്ഷിണ ക൪ണാടകയിലുമായി യാഥാസ്ഥിതിക മുസ്ലിം വിഭാഗങ്ങളിൽ ഒതുങ്ങിനിൽക്കുകയാണ് ബ്യാരി എന്ന സംസാരഭാഷ. ഈ സംസാരഭാഷ ഒരു സിനിമയിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നു.



ബ്യാരി സമുദായംഗമായ അൽത്വാഫ് ഹുസൈൻെറ അത്യന്തം വിചിത്രമായൊരു സാഹസികതക്കുള്ള മറുപടികൂടിയാണ് ‘ബ്യാരി...’ ഈ സാഹസികതയുടെ മറുപുറമാണ് ബ്യാരി സമുദായാംഗവും ബ്യാരി സാഹിത്യ അക്കാദമി പ്രസിഡൻറുമായ റഹീം ഉച്ചിലിനെ 2012 മാ൪ച്ച് 15ന് മംഗലാപുരത്തെ ഓഫീസിൽ കയറി ഒരു സംഘം ആക്രമിച്ചത്. റഹീം ‘ബ്യാരി’ സിനിമയിൽ നടനുമായിരുന്നു.

മുസ്ലിം സമുദായത്തെ അവമതിക്കാൻ സാറാ അബൂബക്കറിനെ പോലുള്ള ‘പ൪ദവിരോധികൾ’ സംഘ്പരിവാറിനെപ്പോലും കൂട്ടുപിടിച്ച് ഇറങ്ങിത്തിരിച്ചതിനെതിരായാണ് റഹീം ഉച്ചിലിനെ ആക്രമിച്ചതെന്ന് ചില യാഥാസ്ഥിക ബ്യാരികൾ പറയുന്നു. റഹീം സംഘ്പരിവാ൪ അനുകൂലി ആണത്രെ. എല്ലാം ‘ബ്യാരി’ സിനിമക്ക് ദേശീയ പുരസ്കാരവിജ്ഞാപനം വന്നതിനുശേഷമായി എന്നത് പലതിലേക്കും വിരൽ ചൂണ്ടുന്നു.

ബ്യാരി മുസ്ലിം സമൂഹത്തിൻെറ അന്തസ്സത്ത എന്നാൽ തുളു, കൊടവ, തമിഴ്, അറബ്, ഉ൪ദു പദങ്ങളുടെ ‘ബ്യാരി’ ഭാഷയിലുള്ള സങ്കലനമാണ്. ‘തുളു’ ഭാഷയെപ്പോലെ ലിപിരഹിതമാകയാൽ ബ്യാരി കന്നഡയിലാണ് വരമൊഴി സാധ്യമാക്കുന്നത്.



സുവീരൻ എന്ന മലയാള നാടകപ്രവ൪ത്തകൻ ‘ബ്യാരി’ സിനിമയിലേക്കെത്തുന്നത് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നടക്കം താൻ പഠിച്ചെടുത്ത ദൃശ്യകലാബോധങ്ങൾ അജ്ഞാതമായൊരു സമൂഹത്തിൻെറ ജീവിതചിത്രമെന്ന വെല്ലുവിളി കയ്യാളുന്നതോടെയാകുന്നു. കുറഞ്ഞ ബജറ്റ് എന്നൊക്കെ പറഞ്ഞാലും ‘തിരിഞ്ഞുനോക്കുന്നിട’ത്തെല്ലാം കടം കേറിയാണ് ഈ അവാ൪ഡ് മന്ദസ്മിതവേളയിലും ‘ബ്യാരി’യുടെ സുവീരനും ശ്വാസം കഴിക്കുന്നത്.

ബ്യാരി സമുദായാംഗങ്ങൾക്കിടയിൽ യാഥാസ്ഥിതിക൪ സൃഷ്ടിക്കുന്ന വിഷമുനകൾ നേറെയും... ചില മലയാള സിനിമകളിൽ ഉപജീവനാ൪ഥം ചെയ്തുകൂട്ടിയ ചില സഹസംവിധാന ക൪മങ്ങളും ഒന്നോ രണ്ടോ മിനിസ്ക്രീൻ ഡോക്യുമെൻററികളും... അത്രയൊക്കെയേ സുവീരന് സിനിമാശ്രമങ്ങളുള്ളൂ. സ്വസമുദായത്തിൻെറ ദുഷിച്ച വശങ്ങൾക്ക് സിനിമാറ്റിക് ഭാഷ്യം ഉണ്ടാക്കുമ്പോൾ ധീരനായൊരു ദൃശ്യകലാബോധമുള്ള ആക്ടിവിസ്റ്റിനെ തേടുകയായിരുന്നു അൽതാഫ് ഹുസൈൻ എന്ന ബ്യാരി. പരീക്ഷണ സിനിമയാകുമ്പോൾ കൈപൊള്ളുമെന്നറിഞ്ഞുതന്നെയാണ് ബ്യാരി അക്കാദമിയും സുവീരനും ഈ സാഹസത്തിന് ഇറങ്ങിത്തിരിച്ചത്.

ഭ൪ത്താവിൻെറയും സ്വന്തം ഉപ്പയുടെയും ഇരുണ്ട ബോധങ്ങൾക്കുള്ളിൽ ഞെരിഞ്ഞമരാൻ വിധിക്കപ്പെട്ട മുസ്ലിം പെൺകുട്ടിയുടെ പാരതന്ത്ര്യങ്ങളും അവളതൊക്കെയും തക൪ത്ത് എറിയുന്നതുമാണ് ‘ബ്യാരി’ സിനിമ. മാമുക്കോയ എന്ന സിനിമാ നടൻ ഇതിലെ മുഖ്യ വേഷം ഒന്നാന്തരമായി തന്നെ ഉൾക്കൊണ്ടവതരിപ്പിച്ചു. ഇതിലെ നായിക നാദിറക്ക് വേഷപ്പക൪ച്ച നൽകി മലയാള നടി മല്ലികയും ദേശീയ ജൂറിയുടെ പരാമ൪ശത്തിന് അ൪ഹനായതും നല്ലൊരു നേട്ടമായി ‘ബ്യാരി’ക്ക് വരവുണ്ട്.

തുളുവിനും കൊങ്കിണിക്കുമൊക്കെ ക൪ണാടക-മലയാള സ൪ക്കാറുകൾ മാന്യമായ ചില ചെയറുകൾ നൽകി. പക്ഷെ, അത്രത്തോളം വരുന്ന ജനതതി സംസാരിക്കുന്ന ‘ബ്യാരി’ ഭാഷ അ൪ഹിക്കുന്നതൊന്നും നേടിയില്ല. ഒരു സംഘം ചെറുപ്പക്കാരുടെ സാഹസിക യത്നങ്ങളിലൂടെ ‘ബ്യാരി’ എത്തുമെന്നുറപ്പില്ല. കാരണം, അത്രക്കുണ്ട് ബ്യാരി സമുദായങ്ങളുടെ തന്നെ എതി൪പ്പുകൾ.. നോവലിസ്റ്റ് സാറാ അബൂബക്കറിൻെറ പരിഭവങ്ങളും ബ്യാരി അക്കാദമിയുടെ സാമ്പത്തിക പരാധീനതകളും സുവീരൻ എന്ന സിനിമാ സംവിധായകന് മലയാള സിനിമ കൽപിച്ച ‘അയിത്ത’ങ്ങളും ഒക്കെക്കൂടി വരും നാളുകളിലും ‘ബ്യാരി’ കലാ-സാംസ്കാരിക രംഗങ്ങളിൽ നല്ലൊരു ച൪ച്ചാവിഷയമാവുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story