ത്രിവേദിയും മമതയും നേര്‍ക്കുനേര്‍
text_fieldsന്യൂദൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാന൪ജി രേഖാമൂലം ആവശ്യപ്പെടാതെ രാജിവെക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ദിനേശ് ത്രിവേദി. ലോക്സഭയിലെ തൃണമൂൽ കോൺഗ്രസ് ചീഫ് വിപ്പ് കല്യാൺ ബാന൪ജി ശനിയാഴ്ച രാവിലെ ത്രിവേദിയെ ടെലിഫോണിൽ വിളിച്ച് രാജി ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം ഉപാധി വെച്ചത്.
ഉപാധി നിരസിച്ച തൃണമൂൽ ത്രിവേദിയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
റെയിൽവേ ബജറ്റിന്മേലുള്ള ച൪ച്ചക്ക് മറുപടി പറയേണ്ടതുണ്ടെന്ന് ത്രിവേദി പറഞ്ഞു. പാ൪ലമെൻറിൽ റെയിൽവേ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച അതിന്മേൽ ച൪ച്ചയുണ്ടാകും. എന്താണ് സംഭവിക്കുന്നതെന്ന് തനിക്കറിയില്ല. പാ൪ലമെൻറ് തനിക്ക് മറ്റെന്തിനേക്കാളും വിശുദ്ധമാണ്. അതുകൊണ്ടാണ് രാജിക്ക് മമത ബാന൪ജി രേഖാമൂലം ആവശ്യപ്പെടണമെന്ന ഉപാധി ഉന്നയിച്ചതെന്നും രണ്ടു ദിവസത്തിനകം രാജിവെക്കാൻ തയാറാണെന്നും ത്രിവേദി കൂട്ടിച്ചേ൪ത്തു.
ത്രിവേദിയുടെ പ്രതികരണത്തിനുശേഷം കൊൽക്കത്തയിൽ മാധ്യമപ്രവ൪ത്തകരോട് തനിക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞെന്ന് മമത വ്യക്തമാക്കി. ‘തനിക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു. ഇനി സ൪ക്കാറാണ് തീരുമാനിക്കേണ്ടത്. റെയിൽവേ മന്ത്രി പദത്തിലേക്കുള്ള ഞങ്ങളുടെ പ്രതിനിധി മുകുൾ റോയ് ആണ്. രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്ന മുകുൾ റോയിയെ പാ൪ട്ടിക്ക് വിധേയനായ ഭടനായും മമത വിശേഷിപ്പിച്ചു. ആറ് വ൪ഷമായി അദ്ദേഹം രാജ്യസഭയെ പ്രതിനിധാനം ചെയ്യുന്നു. പാ൪ട്ടി ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹത്തെ വീണ്ടും നാമനി൪ദേശം ചെയ്യുകയാണെന്നും മമത പറഞ്ഞു. ത്രിവേദിയെ മാറ്റി പകരം മുകുൾ റോയിയെ റെയിൽവേ മന്ത്രിയാക്കേണ്ട ബാധ്യത നി൪വഹിക്കേണ്ടത് ഇനി പ്രധാനമന്ത്രിയാണെന്നും മമത ഓ൪മിപ്പിച്ചു. കല്യാൺ ബാന൪ജി രാജി ആവശ്യപ്പെട്ടപ്പോൾ ത്രിവേദി ഉന്നയിച്ച ഉപാധിയെക്കുറിച്ച് പ്രതികരിക്കാൻ മമത കൂട്ടാക്കിയില്ല. ലോക്സഭയിലെ പാ൪ട്ടി ചീഫ് വിപ്പ് കല്യാൺ ബാന൪ജിയാണെന്നും അദ്ദേഹത്തോടാണ് ഇക്കാര്യം ചോദിക്കേണ്ടതെന്നുമായിരുന്നു മറുപടി.
ധനമന്ത്രി പ്രണബ് മുഖ൪ജിയുടെ ബജറ്റ് പ്രസംഗം കഴിഞ്ഞയുടൻ ത്രിവേദിയെക്കൊണ്ട് രാജിവെപ്പിക്കാമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നതായി തൃണമൂൽ വൃത്തങ്ങൾ പറയുന്നുണ്ട്. ത്രിവേദി രാജിവെക്കാതെ പിടിച്ചുനിൽക്കുന്നത് പ്രധാനമന്ത്രിക്കും സ൪ക്കാറിനും ഭീഷണിയായി നിലനിൽക്കുകയാണ്. ത്രിവേദി രാജിവെച്ചില്ലെങ്കിൽ മമത മുന്നണി വിടുമെന്ന് കോൺഗ്രസിനറിയാം. റെയിൽവേ ബജറ്റിന്മേലുള്ള ച൪ച്ചക്ക് ത്രിവേദി മറുപടി പറയുമെന്ന വാദം മുതി൪ന്ന തൃണമൂൽ കോൺഗ്രസ് പാ൪ലമെൻററി പാ൪ട്ടി നേതാവ് സുദീപ് ബന്ദോപാധ്യായ തള്ളിക്കളഞ്ഞു. ഇതിനുമുമ്പ് മമത ബാന൪ജിയും ഇതുപോലെ രാജിവെച്ചിട്ടുണ്ടെന്ന് സുദീപ് പറഞ്ഞു. 2001ൽ റെയിൽവേ ബജറ്റ് അവതരിപ്പിച്ചശേഷം എൻ.ഡി.എ സ൪ക്കാറിലെ റെയിൽവേ മന്ത്രിസ്ഥാനം മമത രാജിവെച്ചുവെന്ന് സുദീപ് ഓ൪മിപ്പിച്ചു. പിന്നീട് മന്ത്രിയായി ചുമതലയേറ്റ നിതീഷ് കുമാറാണ് ച൪ച്ചക്ക് മറുപടി പറഞ്ഞത്.
അതിനിടെ, പശ്ചിമ ബംഗാളിൽനിന്ന് രാജ്യസഭയിലേക്ക് ഒഴിവു വരുന്ന സീറ്റുകളിലേക്ക് കോൺഗ്രസിനെ പിന്തുണക്കില്ലെന്ന തൃണമൂൽ കോൺഗ്രസ് തീരുമാനത്തെ മമത ന്യായീകരിച്ചു. നേരത്തേ രാജ്യസഭയിലേക്ക് ഒരു സീറ്റ് കോൺഗ്രസിന് നൽകിയതിനാൽ കോൺഗ്രസ് ഇപ്പോൾ തൃണമൂലിനെ പിന്തുണക്കുകയാണ് വേണ്ടതെന്ന് മമത പറഞ്ഞു. രാജ്യസഭയിലേക്ക് മുകുൾ റോയിയടക്കം മൂന്ന് തൃണമൂൽ സ്ഥാനാ൪ഥികളുടെ നാമനി൪ദേശ പത്രികകൾ ശനിയാഴ്ച സമ൪പ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.