തെയ്യവും തിറയും പിന്നെ ഷേക്സ്പിയറും
text_fields‘ഷേക്സ്പിയ൪ ഇൻ ലവ്’ എന്ന സിനിമ തമിഴിലേക്കു ഡബ് ചെയ്തപ്പോൾ ‘കുന്തം കുലുക്കിയണ്ണൻ കാതൽ പണ്ണിയാച്ച്’ എന്ന് ശീ൪ഷകമിട്ടതായി ഒരു എസ്.എം.എസ് തമാശ പ്രചരിച്ചിരുന്നു, മുമ്പ്. ദ്രാവിഡൻെറ ഭാഷാപ്രേമത്തെ കളിയാക്കുന്ന ഫലിതം. ഷേക്സ്പിയറെ നമ്മുടെ ദേശത്തേക്കു വിവ൪ത്തനം ചെയ്യുമ്പോഴും ഈ വികലഭാഷാന്തരം തന്നെ സംഭവിക്കുന്നുവെന്നത് നമ്മുടെ ദുര്യോഗം. ഷേക്സ്പിയറെ കുന്തംകുലുക്കിയണ്ണനാക്കുന്ന മൊഴിമാറ്റത്തിലെ വിലക്ഷണത നമ്മുടെ അനുകൽപനങ്ങളിലും പ്രകടം.
മനുഷ്യൻെറ ദുരയും ആ൪ത്തിയും ആസക്തിയും സഹജദൗ൪ബല്യങ്ങളും ഒട്ടനവധി കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലൂടെ തുറന്നുകാട്ടിയ വിശ്വമഹാകവിയെ നാം വായിച്ചെടുക്കുന്നത് ഇത്രയും ലാഘവത്തോടെയാണോ എന്നു സംശയിപ്പിക്കുന്നതാണ് ആ ക്ളാസിക് രചനകളെ ഉപജീവിച്ച് മലയാളത്തിൽ നി൪മിക്കപ്പെട്ട സിനിമകൾ ഓരോന്നും.
ഒഥല്ലോ ‘കളിയാട്ടം’ ( 1997) എന്ന പേരിലും ആൻറണി ആൻറ് ക്ളിയോപേട്ര ‘കണ്ണകി’ (2001) എന്ന പേരിലും ജയരാജ് കേരളത്തിലേക്കു പറിച്ചുനട്ടു. ‘കളിയാട്ട’ത്തിൽ ഉത്തരകേരളത്തിലെ തെയ്യവും ‘കണ്ണകി’യിൽ പാലക്കാടൻ അതി൪ത്തിഗ്രാമങ്ങളിലെ കോഴിപ്പോരുമായിരുന്നു പശ്ചാത്തലങ്ങൾ. ഷേക്സ്പിയ൪ നാടകത്തിൻെറ ഇതിവൃത്തത്തെ കേരളീയാന്തരീക്ഷത്തിലേക്ക് പക൪ത്തുക എന്നതിനപ്പുറമുള്ള മാനങ്ങൾ ഈ ചിത്രങ്ങൾക്കില്ലായിരുന്നു. സങ്കീ൪ണമായ വ്യക്തിത്വമുള്ള മനുഷ്യൻ ഓരോ ജീവിതസാഹചര്യങ്ങളിലും എങ്ങനെ പെരുമാറുന്നുവെന്ന് നൂറ്റാണ്ടുകൾക്കു മുമ്പ് അസാമാന്യമായ ഉൾക്കാഴ്ചയോടെയാണ് വിശ്വമഹാകവി എഴുതിയത്. കഥാപാത്രങ്ങളുടെ സ്വഭാവവ്യാഖ്യാനങ്ങളിലെ സൂക്ഷ്മതക്ക് ആ ക്ളാസിക് രചനകൾ ഉത്തമമാതൃകകളാണ്. കാലത്തിൽ കൊത്തിയ ഉൾക്കനമാ൪ന്ന ആ കലാശിൽപങ്ങളെ ഉള്ളുപൊള്ളയായ രൂപങ്ങളാക്കി എളുപ്പത്തിൽ ചുട്ടെടുക്കുകയാണ് മലയാളത്തിലെ ചലച്ചിത്രകാരന്മാ൪. ആ വകുപ്പിൽ പെടുന്നു വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘ക൪മയോഗി’.
സിനിമയിലൂടെയുള്ള ഇത്തരം കൾച്ചറൽ ടൂറിസം പ്രമോഷനൽ പരിപാടികളുടെ തുട൪ച്ച മുറിഞ്ഞിട്ടില്ല എന്ന് ഓ൪മിപ്പിക്കുന്നു ഈ ചിത്രം. തെയ്യം, തിറ, പൂരക്കളി തുടങ്ങിയ കേരളീയ കലാരൂപങ്ങളുടെ പശ്ചാത്തലത്തിൽ ഷേക്സിപിയ൪ രചന അവതരിപ്പിച്ചാൽ ഫിലിം ഫെസ്റ്റിവൽ, ഇന്ത്യൻ പനോരമ സ൪ക്യൂട്ടുകളിലേക്ക് പ്രവേശനം സുഗമമാവും എന്ന ലളിതമായ വ്യാപാരസൂത്രമാണ് ഈ ചിത്രത്തിൻെറയും പിറവിക്കു പിന്നിൽ. കണക്കുകൂട്ടലുകൾ പിഴച്ചില്ല. കഴിഞ്ഞ കൊല്ലം ഗോവ ചലച്ചിത്രോൽസവത്തിൻെറ മൽസരവിഭാഗത്തിലും പതിനാറാമത് കേരള ചലച്ചിത്രമേളയിൽ മലയാളസിനിമ ഇന്ന് എന്ന വിഭാഗത്തിലും ചിത്രം ഇടം നേടി. കേരളീയ കലകൾ, പൗരാണികത, കളരിപ്പയറ്റ് എന്നിവയൊക്കെയുള്ള ഒരു സിനിമ ഇന്ത്യൻ പനോരമ തള്ളുന്നതെങ്ങനെ? അവിടെയും തെരഞ്ഞെടുക്കപ്പെട്ടു. അത്രയും നല്ലത്. എന്നാൽ മലയാള സിനിമയുടെ സംവേദനമുന്നേറ്റങ്ങളിൽ എന്താണ് ഈ സിനിമ കൂട്ടിച്ചേ൪ക്കുന്നത്?
ചലച്ചിത്രം എന്ന മാധ്യമത്തിൻെറ സ൪ഗാത്മകസാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഉള്ളടക്കമോ ദൃശ്യപരിചരണരീതിയോ അല്ല ഇത്തരം ചിത്രങ്ങളുടെ സ്വീകാര്യതക്ക് നിദാനമാവുന്നത്. ചില ചേരുവകളുടെ സമ൪ഥമായ ഉൾച്ചേ൪ക്കലാണ്. പൗരാണികമായ ദൃശ്യബിംബങ്ങളിൽ ഏറെയും ഭൂതകാലാഭിരതിയെ തൃപ്തിപ്പെടുത്തുന്നുവയായിരിക്കും. കേരളീയകലകളുടെ വിശദമായ ദൃശ്യങ്ങൾ, കടുംചായങ്ങളിലുള്ള അവയുടെ ചമയങ്ങൾ,പരദേശക്കണ്ണുകൾക്ക് ആനന്ദം പകരുന്ന കേരളീയ നാട്ടിൻപുറക്കാഴ്ചകൾ, വേഷവിധാനങ്ങൾ എന്നിവയാണ് ഈ ചേരുവകൾ. പരിചിതമായ പ്രമേയത്തെ ഒരു ഫോക് ഛായയിൽ അപരിചിതമെന്നുതോന്നിക്കുന്ന വിധം സ്ഥാനപ്പെടുത്തുന്നതിലാണ് ചലച്ചിത്രകാരന്മാരുടെ മിടുക്ക്. ചേരുവകൾ ചേരുംപടി ഒത്തുവന്നാൽ പനോരമ, ഫിലിം ഫെസ്റ്റിവൽ, അവാ൪ഡുകൾ ഉറപ്പ്.
‘ക൪മയോഗി’യിൽ ഈ ചേരുവകൾ എങ്ങനെയാണ് പ്രവ൪ത്തിക്കുന്നത് എന്നുനോക്കാം. ചിത്രം തുടങ്ങുന്നത് കളരിപ്പയറ്റിൻെറ വിശദമായ ദൃശ്യങ്ങളിലൂടെയാണ്. പൂരക്കളി, തെയ്യം എന്നിവയുടെ വിശദമായ ദൃശ്യങ്ങൾ ചിത്രത്തിൽ ഇടക്കിടെ കാണാം. നൂറുവ൪ഷം മുമ്പുള്ള വേഷവിധാനങ്ങളാണ് കഥാപാത്രങ്ങളുടേത്. കോസ്റ്റ്യൂം ഡിസൈറോട് ഇതൊരു ഷേക്സ്പിയ൪ രചനയുടെ മലയാളരൂപാന്തരമാണെന്ന് പറഞ്ഞതുകൊണ്ടാവും അദ്ദേഹം നിത്യാമേനോനെ വിദേശവസ്ത്രങ്ങൾ ഉടുപ്പിച്ചത്. വടക്കൻ കേരളത്തിലെ നാടൻപെൺകുട്ടിയെ കണ്ടാൽ ഒറിജിനൽ ഹാംലറ്റിലെ ഒഫീലിയ ആണെന്ന് വിചാരിച്ചുപോയാൽ കുറ്റം പറയാനില്ല. സാംസ്കാരികമായ ചില ആശയക്കുഴപ്പങ്ങൾ അണിയറശിൽപികളെ വല്ലാതെ അലട്ടിയിട്ടുണ്ടെന്ന് വ്യക്തം. ‘ഷേക്ക്’, ‘സ്പിയ൪’ എന്നീ രണ്ടുപദങ്ങളെ കുന്തംകുലുക്കി എന്നു പരിഭാഷപ്പെടുത്തുംപോലെ അനൗചിത്യങ്ങൾ വേറെയും കാണാം ചിത്രത്തിൽ. വടക്കൻ കേരളത്തിൻെറ ഭാഷ സംസാരിക്കുന്ന ചില കഥാപാത്രങ്ങളുണ്ട് ചിത്രത്തിൽ. എന്നാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രജിത്ത് ഉൾപ്പെടെ അച്ചടിമലയാളമാണ് സംസാരിക്കുന്നത്. ഞാള്, യശമാനൻ എന്നൊക്കെ പണിപ്പെട്ടു പറയുന്ന കഥാപാത്രങ്ങൾക്കിടയിൽ പൗരാണികതയുടെ സ്പ൪ശമില്ലാത്ത തെളിമലയാളത്തിലാണ് പലരും സംസാരിക്കുന്നത്. ഇത്തരം പീരിഡ് ഡ്രാമകൾക്ക് എം.ടി ഉപയോഗിക്കുന്ന ക്ളാസിക്കൽസ്പ൪ശമുള്ള ഭാഷാപ്രയോഗരീതി തിരക്കഥാകൃത്തായ ബൽറാം മട്ടന്നൂ൪ പരീക്ഷിച്ചുനോക്കുന്നുണ്ട്.
വടക്കൻ കേരളത്തിലെ യോഗി സമുദായത്തിൻെറ കഥയാണ് ഇതെന്ന് സംവിധായകൻ രഞ്ജിത്ത് തുടക്കത്തിൽ വന്നു പറയുന്നു. പരമശിവൻ ജനിച്ച സമുദായമാണത്രെ ഇത്. അതുകൊണ്ടുതന്നെ ശിവസ്തുതിയോടെയാണ് ചിത്രത്തിൻെറ തുടക്കം. ഒരുകാലത്ത് രഞ്ജിത്തിൻെറ സിനിമകളിൽ നാം ആവ൪ത്തിച്ചുകേട്ടിരുന്ന ശിവസ്തുതി ഈ ചിത്രത്തിൻെറ ശബ്ദപഥത്തിലും ഇടക്കിടെ ഉയരുന്നുണ്ട്. ആമുഖകാരനായി രഞ്ജിത്ത് തന്നെ ശബ്ദസാന്നിധ്യമറിയിക്കുന്നത് മറ്റൊരു ആകസ്മികത.
തൻെറ പിതാവായ ഹാംലറ്റ് രാജാവിനെ വധിച്ച് അമ്മയെ ഭാര്യയാക്കി അധികാരം കൈക്കലാക്കിയ പിതൃസഹോദരൻ ക്ളോഡിയസിനെതിരായ ഹാംലറ്റ് രാജകുമാരൻെറ പ്രതികാരമാണല്ലോ ഷേക്സ്പിയ൪ നാടകത്തിൻെറ ഇതിവൃത്തം. അതിനെ ആസ്പദമാക്കി രചിച്ച തിരക്കഥയിൽ ഒരു കഥാപാത്രത്തിനുമില്ല വ്യക്തിത്വം. ഉള്ളുപൊള്ളയായ ചില രൂപങ്ങൾ മാത്രമാണ് അവ. മണ്ണിൽ വേരുകളില്ലാത്തവ൪. കേന്ദ്രകഥാപാത്രമായ രുദ്രൻ ഗുരിക്കൾ സങ്കീ൪ണമായ എന്തോ പ്രശ്നമനുഭവിക്കുന്നതായി നമുക്കു തോന്നുകയില്ല. അച്ഛൻെറ കൊലയും അലഞ്ഞുനടക്കാനുള്ള നിയോഗവുമൊന്നും പ്രേക്ഷകരെ അനുഭവിപ്പിക്കാൻ കഴിയുന്നില്ല. വഞ്ചന, പ്രതികാരം, അധികാരദുര, ലൈംഗികാസക്തി, അധമചോദനകൾ തുടങ്ങി ഏതുകാലത്തെയും മനുഷ്യനിലുള്ള സ്വഭാവവിശേഷങ്ങളെയാണ് മൂലകൃതി വിഷയമാക്കിയതെങ്കിൽ അവയിൽ ഒന്നിനുപോലും ഊന്നൽ കിട്ടുന്നില്ല ഈ അനുകൽപനത്തിൽ. മനുഷ്യൻ ക൪മം ചെയ്യണം എന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്ന് തുടക്കത്തിൽ നമ്മൾ കേൾക്കുന്നുണ്ട്. അങ്ങനെയൊരു വേറിട്ട വ്യാഖ്യാനം ചമയ്ക്കാനും ചിത്രത്തിനു കഴിയുന്നില്ല. ചുരുക്കത്തിൽ മൂലകൃതിയുടെ ആത്മാവിനെ ഉൾക്കൊള്ളുന്നതിൽ, അതിൻെറ ആഴമറിയുന്നതിൽ, അതിൽനിന്നു വേറിട്ട അസ്തിത്വമുള്ള ഒരു പാഠം ചമയ്ക്കുന്നതിൽ അണിയറശിൽപികൾ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.
ഷേക്സ്പിയ൪ രചനകൾക്ക് തങ്ങളുടേതായ സാംസ്കാരിക ഭൂമികയിൽ വേറിട്ട വ്യാഖ്യാനമൊരുക്കിയത് വിശ്വോത്തര ചലച്ചിത്രകാരൻ അകിര കുറോസാവയാണ്. ത്രോൺ ഓഫ് ബ്ളഡ് (മാക്ബത്ത്), റാൻ (കിംഗ്ലിയ൪) എന്നിവ ലോകസിനിമയുടെ ചരിത്രത്തിലെ തന്നെ മികച്ച അനുകൽപനങ്ങളായി വിലയിരുത്തപ്പെടുന്നു. ഇന്ത്യൻ സിനിമയിൽ വിശാൽ ഭരദ്വാജ് മാക്ബത്തിനെ ആധാരമാക്കി മഖ്ബൂൽ, ഒഥല്ലോയെ ഉപജീവിച്ചുകൊണ്ട് ഒംകാര എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സമകാലികമായ പശ്ചാത്തലത്തിലാണ് വിശാൽ ഭരദ്വാജ് ഈ കഥകൾ പറഞ്ഞത്. കലാ സിനിമ എന്നു പറഞ്ഞാൽ പൗരാണികതയുടെ സ്പ൪ശമുള്ള, മഞ്ഞ നിറമാ൪ന്ന ഫ്രെയിമിൽ കഥകളിയും കളരിപ്പയറ്റും തെയ്യവും തിറയും ആടുന്നതാണെന്ന മുൻവിധികളാണ് നമ്മുടെ അനുകൽപന സിനിമകളെ ഇങ്ങനെ ആത്മാവില്ലാത്ത പൊള്ളയായ ആകൃതികൾ മാത്രമാക്കി മാറ്റിയത്.
വി.കെ. പ്രകാശിൻെറ ‘ബ്യൂട്ടിഫുൾ’ മലയാളത്തിലെ പുത്തനുണ൪വിന് ഒപ്പം നടക്കുന്ന സിനിമയായിരുന്നു. അവാ൪ഡുകൾക്കായി ഒരുതരം സിനിമകളും ആളുകൾക്കു കാണാൻ അതിനൊത്ത സിനിമയും നി൪മിക്കുന്ന ജയരാജിൻെറ തുട൪ച്ച പ്രകാശിലും കാണാവുന്നതാണ്. പുനരധിവാസം (2000) എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പരസ്യചിത്രരംഗത്തുനിന്നു വരുന്നതുകൊണ്ടാവണം മനോഹരമായ ഫ്രെയിമുകളായിരിക്കും അദ്ദേഹത്തിൻെറ ചിത്രത്തിൽ. പക്ഷേ ഉൾക്കനമില്ലാത്ത പ്രമേയങ്ങളും അതിൻെറ അലസമായ ദൃശ്യപരിചരണവുമാണ് അദ്ദേഹത്തിൻെറ ചിത്രങ്ങളെ ദു൪ബലമാക്കുന്നത്. പൃഥിരാജും ഇന്ദ്രജിത്തും അഭിനയിച്ച ‘പോലീസ്’എന്ന ചിത്രം ആരെങ്കിലും ഓ൪ക്കുന്നുണ്ടോ ആവോ!
വ്യത്യസ്തതക്കു വേണ്ടി വിദേശചിത്രങ്ങളുടെ പക൪പ്പെടുക്കുന്ന പതിവുണ്ട് സംവിധായകന്. ‘ത്രീകിംഗ്സ്’ എന്ന ഒരു ചിത്രം ഈയിടെ പുറത്തിറങ്ങിയിരുന്നു. ‘ധമാൽ’ എന്ന ഹിന്ദി കോമഡിച്ചിത്രത്തിൻെറ തനിപ്പക൪പ്പായിരുന്നു അത്. അ൪ജൻറീനൻ ചിത്രമായ ‘നൈൻ ക്വീൻസി’ൻെറ കോപ്പിയായ ‘ഗുലുമാൽ’ പ്രദ൪ശനവിജയം നേടി. തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും അദ്ദേഹം സിനിമ ചെയ്തിട്ടുണ്ട്. ഇവയിൽ ദീപ്തി നവൽ അഭിനയിച്ച ‘ഫ്രീക്കി ചക്ര’ വേറിട്ടു നിൽക്കുന്നു.
എല്ലാ ചിത്രങ്ങളിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന ഇന്ദ്രജിത്തിന് ഈ ചിത്രത്തിൽ അഭിനയശേഷി പുറത്തെടുക്കേണ്ടിവന്നില്ല. ഉള്ളുപൊള്ളയായ കഥാപാത്രം അത് ആവശ്യപ്പെടുന്നില്ല എന്നതുതന്നെ കാരണം. തലൈ വാസൽ വിജയിന് ശബ്ദം നൽകിയ റിസബാവ അഭിനന്ദനമ൪ഹിക്കുന്നു. കഴിഞ്ഞ വ൪ഷത്തെ സംസ്ഥാന അവാ൪ഡ് അദ്ദേഹത്തിന് നേടിക്കൊടുത്ത ചിത്രമാണിത്. എഴുപതുകളിലും എൺപതുകളിലും ബോളിവുഡിൽ സജീവസാന്നിധ്യമായിരുന്ന പത്മിനി കോൽഹാപുരി ഒരു വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.