വീണ്ടും വിരാട ഗാഥ
text_fieldsമി൪പൂ൪: വമ്പൻ വിജയലക്ഷ്യവും വിരാട് കോഹ്ലിയും വീണ്ടും നേ൪ക്കുനേ൪ ഏറ്റുമുട്ടിയപ്പോൾ റെക്കോഡ് ബുക്കുകളിലേക്ക് റണ്ണൊഴുക്കി ഇന്ത്യക്ക് മറ്റൊരു ആവേശ ജയം. ഏഷ്യാകപ്പിൽ ബദ്ധവൈരികളായ പാകിസ്താനെതിരെ വിജയം അനിവാര്യമായ മത്സരത്തിൽ 329 റൺസ് ലക്ഷ്യം പിന്തുട൪ന്ന് ടീം ഇന്ത്യ വീണ്ടും വിസ്മയം വിതറിയപ്പോൾ 148 പന്തിൽ 183 റൺസെടുത്ത് കോഹ്ലി ഒരിക്കൽകൂടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ആധികാരിക ജയം. ബോണസ് പോയൻറ് വഴങ്ങാതെ തോറ്റതിനാൽ പാകിസ്താൻ ഫൈനൽ ഉറപ്പിച്ചു.
ആദ്യം ബാറ്റുചെയ്ത് മുഹമ്മദ് ഹഫീസും (105) നസീ൪ ജംഷിദും (112) നേടിയ സെഞ്ച്വറികളുടെ ബലത്തിൽ ആറു വിക്കറ്റിന് 329 റൺസടിച്ച പാകിസ്താൻെറ ബാറ്റിങ് പ്രകടനത്തെ നിഷ്പ്രഭമാക്കി ഷേരെ ബംഗ്ളാ സ്റ്റേഡിയത്തിൽ കോഹ്ലി വീണ്ടും കരുത്തുകാട്ടി. സചിൻ ടെണ്ടുൽകറും (48 പന്തിൽ 52), രോഹിത് ശ൪മയും (83 പന്തിൽ 68) നൽകിയ നിറഞ്ഞ പിന്തുണയിൽ കളംവാണ കോഹ്ലിയുടെ മികവിൽ ആധികളില്ലാതെ 13 പന്ത് ബാക്കിയിരിക്കെയാണ് ഇന്ത്യ വിജയതീരമണഞ്ഞത്. ഇതോടെ ഫൈനൽ പ്രതീക്ഷ നിലനി൪ത്താൻ മഹേന്ദ്രസിങ് ധോണിക്കും കൂട്ടുകാ൪ക്കും കഴിഞ്ഞു. ചൊവ്വാഴ്ച ശ്രീലങ്ക ബംഗ്ളാദേശിനെ കീഴടക്കിയാൽ ഇന്ത്യയും പാകിസ്താനും വീണ്ടും ഫൈനലിൽ ഏറ്റുമുട്ടും. ബംഗ്ളാദേശ് ജയിച്ചാൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്താകും.
22 ഫോറും ഒരു സിക്സുമുതി൪ത്ത് അനിവാര്യഘട്ടത്തിൽ അതിഗംഭീര ഫോമിലേക്കുയ൪ന്ന കോഹ്ലിയാണ് കളിയിലെ കേമൻ. ടൂ൪ണമെൻറിൽ ദൽഹിക്കാരൻെറ രണ്ടാം സെഞ്ച്വറിയാണിത്. ഈയിടെ ആസ്ട്രേലിയയിൽ നടന്ന ത്രിരാഷ്ട്ര ടൂ൪ണമെൻറിൽ ലങ്കക്കെതിരെ 36.4 ഓവറിൽ 321 റൺസ് പിന്തുട൪ന്ന് ഇന്ത്യ ജയിച്ചുകയറിയ കളിയിൽ തക൪ത്തടിച്ചതിനു പിന്നാലെയാണ് വീണ്ടുമൊരു വിരാട വിസ്മയം. സചിനൊപ്പം ഒന്നാം വിക്കറ്റിൽ 133 റൺസ് കൂട്ടുകെട്ടിലും രോഹിതിനൊപ്പം 172 റൺസ് കൂട്ടുകെട്ടിലും പങ്കാളിയായാണ് കോഹ്ലി അപ്രാപ്യമെന്നു കരുതിയ ലക്ഷ്യത്തിലേക്ക് ടീമിനെ നയിച്ചത്. ഏകദിനത്തിൽ കോഹ്ലിയുടെ ഏറ്റവും മികച്ച സ്കോറാണ് പാകിസ്താനെതിരെ പിറന്നത്.
വമ്പൻ വിജയലക്ഷ്യത്തിലേക്ക് ഗാ൪ഡെടുത്ത ഇന്ത്യയെ കാത്തിരുന്നത് അതിദയനീയ തുടക്കമായിരുന്നു. മുഹമ്മദ് ഹഫീസ് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ ഗൗതം ഗംഭീ൪ വിക്കറ്റിനു മുന്നിൽ കുടുങ്ങുമ്പോൾ സ്കോ൪ബോ൪ഡ് ശൂന്യം. പിന്നീട് കീസിലൊത്തുചേ൪ന്ന സചിൻ-കോഹ്ലി കൂട്ടുകെട്ട് പതിയെ ബൗള൪മാ൪ക്കെതിരെ മേധാവിത്വം നേടിത്തുടങ്ങി. കഴിഞ്ഞ കളിയിൽ പാകിസ്താൻ നിരയിലെ കേമനായിരുന്ന അയ്സാസ് ചീമയുടെ ആദ്യ ഓവറിൽ 12 റൺസ് നേടിയ ഇന്ത്യ റൺനിരക്കുയ൪ത്തി. ചീമയുടെ അടുത്ത ഓവറിൽ തേ൪ഡ്മാൻ ബൗണ്ടറിക്കു പുറത്തേക്ക് സചിൻ സിക്സറുതി൪ത്തു. നിറഗാലറിയുടെ ആരവങ്ങൾ ഇന്ത്യൻ റണ്ണൊഴുക്കിനൊപ്പവും കനത്തുതുടങ്ങി. ആദ്യ ആറോവറിനിടെ രണ്ടുതവണ ഉറച്ച റണ്ണൗട്ടിൽനിന്ന് സചിൻ രക്ഷപ്പെട്ടപ്പോൾ പാ൪ട്ടൈം വിക്കറ്റ് കീപ്പറുടെ വേഷത്തിൽ ഏറെ പിഴവുകൾ വരുത്തിയ ഉമ൪ അക്മലിൻെറ കൈകളിൽനിന്ന് കോഹ്ലിക്ക് ഒരു തവണ ‘ജീവൻ’ ലഭിച്ചു.
ബംഗ്ളാദേശിനെതിരെ അൽപം പ്രതിരോധാത്മകമായി കളിച്ച സചിനായിരുന്നില്ല പാകിസ്താനെതിരെ ക്രീസിൽ. കൃത്യമായ ടൈമിങ്ങും പദചലനങ്ങളുമൊക്കെയായി തൻെറ നല്ല കാലത്തെ ഓ൪മിപ്പിക്കുന്ന രീതിയിൽ മനോഹര ഷോട്ടുകളുതി൪ത്ത സചിൻ നേരിട്ട പന്തിനേക്കാൾ മുകളിൽ റണ്ണടിച്ചു മുന്നേറി. 49 പന്തിൽ ടീം സ്കോ൪ 50 കടന്നതിനു പിന്നാലെ സഈദ് അജ്മലിൻെറ ആദ്യ ഓവറിൽ സചിനെതിരെ സ്റ്റംപിങ്ങിനുള്ള അപ്പീലിൽ താരത്തിന് അനുകൂലമായിരുന്നു മൂന്നാം അമ്പയറുടെ വിധി.
പാകിസ്താൻ പ്രതീക്ഷയോടെ അവതരിപ്പിച്ച ശാഹിദ് അഫ്രീദിക്കും റണ്ണൊഴുക്കിന് തടയിടാനായില്ല. വഹാബ് റിയാസിൻെറ ആദ്യ ഓവറിൽ 11 റൺസടിച്ച ഇന്ത്യ 15.4 ഓവറിൽ നൂറിലെത്തി. അജ്മലിനാണ് സചിനെയും കോഹ്ലിയെയും അൽപമെങ്കിലും കുഴക്കാനായത്.
സ്കോറിങ് ത്വരിതപ്പെടുത്തിയ കോഹ്ലി 52 പന്തിൽ ആറു ഫോറടക്കം അ൪ധശതകം തികച്ചപ്പോൾ 45 പന്തിൽ അഞ്ചു ഫോറും ഒരു സിക്സുമടക്കം സചിനും 50 കടന്നു.
സ്കോ൪ 133ൽ നിൽക്കെ പാകിസ്താൻ കാത്തിരുന്ന ബ്രേക് ത്രൂ ലഭിച്ചു. തക൪പ്പൻ ഫോമിൽ കളിച്ചുവന്ന സചിനെ തിരിച്ചയച്ചത് തരക്കേടില്ലാതെ പന്തെറിഞ്ഞ അജ്മൽ. മുന്നോട്ടാഞ്ഞു പ്രതിരോധിക്കാൻ ശ്രമിച്ച സചിൻെറ ബാറ്റിലുരുമ്മി ഗതിമാറിയ പന്തിനെ സ്ളിപ്പിൽ മിസ്ബാഹ് നിലംപറ്റെ കൈയിലൊതുക്കി. പിന്നീടെത്തിയ രോഹിത് ശ൪മയെ ശേഷിക്കുന്ന പന്തുകളിൽ അജ്മൽ വിറപ്പിക്കുകയും ചെയ്തു.
വിക്കറ്റ് കളയാതിരിക്കാൻ മുൻതൂക്കം നൽകി കോഹ്ലിയും രോഹിതും ജാഗ്രതയോടെ മുന്നേറി. സ്പിന്ന൪മാ൪ രംഗത്തെത്തിയതോടെ സിംഗിളുകളിലൂന്നിയായിരുന്നു സ്കോറിങ്. 29ാം ഓവറിൽ ഹഫീസിനെതിരെ മിഡോണിലേക്ക് സിംഗിളെടുത്ത് 97 പന്തിൽ 11 ഫോറടക്കം കോഹ്ലി തൻെറ 11ാം ഏകദിന സെഞ്ച്വറി തികച്ചു. ഇതിന് പിന്നാലെ 32.3 ഓവറിൽ ഇന്ത്യ 200 കടന്നു. ചീമയെ ഡീപ് സ്ക്വയ൪ ലെഗിലൂടെ സിക്സിന് പറത്തിയ രോഹിത് 62 പന്തിൽ അ൪ധ സ്വഞ്ചറി തികച്ചു. കളി അന്ത്യഘട്ടത്തിലേക്ക് നീങ്ങവെ ആക്രമണം കനപ്പിച്ച ഇന്ത്യൻ നിരയിൽ 131 പന്തിൽ കോഹ്ല 150 കടന്നു. 41ാം ഓവറിൽ ഗുല്ലിൻെറ ഓവറിൽ 16 റൺസ് പിറന്നതിനു പിന്നാലെ റിയാസിൻെറ അടുത്ത ഓവറിൽ കോഹ്ലി തുടരെ മൂന്നു ബൗണ്ടറിയടിച്ചു. റണ്ണൊഴുക്കിന് ഗതിവേഗം കൂടിയതോടെ 44.5 ഓവറിൽ നീലപ്പട 300ൽ തൊട്ടു. അവസാന അഞ്ചോവറിൽ ജയിക്കാൻ 30 റൺസെന്നതായിരുന്നു പിന്നീടുള്ള നില.
ജയിക്കാൻ 26 പന്തിൽ 25 റൺസ് വേണ്ടിയിരിക്കെ 83 പന്തിൽ അഞ്ചു ഫോറും ഒരു സിക്സുമടക്കം 68ലെത്തിയ രോഹിത് മടങ്ങി. 158 പന്തിൽ 172 റൺസ് പിറന്ന ഗംഭീര കൂട്ടുകെട്ടിനാണ് ഇതോടെ പര്യവസാനമായത്. ഗുല്ലിനെതിരെ കൂറ്റനടിക്ക് ശ്രമിച്ച രോഹിത് മിഡ്വിക്കറ്റിൽ അഫ്രീദിക്ക് ക്യാച്ച് നൽകുകയായിരുന്നു.
ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കോഹ്ലിക്ക് വിജയറൺ കുറിക്കുമ്പോൾ ക്രീസിൽ നിൽക്കാൻ ഭാഗ്യമുണ്ടായില്ല. ജയിക്കാൻ 18 പന്തിൽ 12 റൺസ് വേണ്ടിയിരിക്കെ ഗുല്ലിൻെറ ഇരയായി കോഹ്ലിയും മടങ്ങി. ഓൺസൈഡിലൂടെ ബൗണ്ടറി കൊതിച്ച കോഹ്ലിയുടെ നീക്കം പാളിയപ്പോൾ ഉയ൪ന്നുപൊങ്ങിയ പന്ത് പോയൻറിൽ ഹഫീസ് കൈകളിലൊരുക്കി. രണ്ടു പന്തിനുശേഷം ഗുല്ലിനെ സിക്സിന് പറത്തി റെയ്ന കാര്യങ്ങൾ എളുപ്പമാക്കി. ക്യാപ്റ്റൻ ധോണി നേരിട്ട ആദ്യ പന്തിനെ കവ൪പോയൻറിലൂടെ അതി൪ത്തി കടത്തി വിജയറൺ കുറിച്ചു.
സ്കോ൪ബോ൪ഡ്
പാകിസ്താൻ: ഹഫീസ് എൽ.ബി.ഡബ്ള്യൂ ബി ദിൻഡ 105, ജംഷിദ് സി ഇ൪ഫാൻ ബി അശ്വിൻ 112, അക്മൽ സി ഗംഭീ൪ ബി പ്രവീൺ 28, യൂനുസ് സി റെയ്ന ബി പവീൺ 32, അഫ്രീദി സി കോഹ്ലി ബി ഇ൪ഫാൻ 9, ഹമദ് ആസാം സി കോഹ്ലി ബി ദിൻഡ 4, മിസ്ബാഹുൽ ഹഖ് നോട്ടൗട്ട് 4, ഉമ൪ഗുൽ നോട്ടൗട്ട് 0, എക്സ്ട്രാസ് 15. ആകെ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 329.
വിക്കറ്റ് വീഴ്ച 1-224, 2-225, 3-273, 4-313, 5-323, 6-326.
ബൗളിങ്: പ്രവീൺ കുമാ൪ 10-0-77-2, ഇ൪ഫാൻ പത്താൻ 10-0-69-1, ദിൻഡ 8-0-47-2, റെയ്ന 2.2-0-15-0, രോഹിത് ശ൪മ 3-0-19-0, യൂസുഫ് പത്താൻ 5-0-30-0, ആ൪. അശ്വിൻ 10-0-56-1, സചിൻ 1.4-0-12-0.
ഇന്ത്യ: ഗംഭീ൪ എൽ.ബി.ഡബ്ള്യൂ ബി ഹഫീസ് 0, സചിൻ സി യൂനുസ് ബി അജ്മൽ 52, കോഹ്ലി സി ഹഫീസ് ബി ഉമ൪ഗുൽ 183, രോഹിത് ശ൪മ സി അഫ്രീദി ബി ഗുൽ 68, റെയ്ന നോട്ടൗട്ട് 12, ധോണി നോട്ടൗട്ട് 4, എക്സ്ട്രാസ് 11, ആകെ 47.5 ഓവറിൽ നാലിന് 330. വിക്കറ്റ് വീഴ്ച: 1-0, 2-133, 3-305, 4-318.
ബൗളിങ്: ഹഫീസ് 9 0 42 1, ഗുൽ 8.5 0 65 2, ചീമ 8 0 60 0, അജ്മൽ 9 0 49 1, അഫ്രീദി 9 0 58 0, വഹാബ് റിയാസ് 4-0-50-0.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.