ബജറ്റ് തിരുത്തല്‍ ശക്തമാക്കിയേക്കും
text_fieldsഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ബജറ്റ് വ്യത്യസ്തമായിരുന്നു. വലിയൊരു ഇടവേളക്കുശേഷം ഓഹരി വിപണി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ധനമന്ത്രി ബജറ്റിൽ കാര്യമായിതന്നെ വിലയിരുത്തി. ഒപ്പം ഓഹരി നിക്ഷേപങ്ങൾക്ക് നികുതി കിഴിവ് നൽകുന്ന പദ്ധതിയും. ഇടപാട് നികുതിയിൽ ചെറിയ കുറവായിരുന്നു മറ്റൊന്ന്.
എന്നാൽ, പൊടുന്നനെ വിപണിയിൽ ഒരു ചലനം സൃഷ്ടിക്കാൻ പ്രാപ്തമായവയല്ല ഈ മാറ്റങ്ങൾ. ബജറ്റ് പൊതുവിൽ നിരാശ സമ്മാനിച്ചത് വരുംദിനങ്ങളിൽ ഓഹരി വിപണിക്ക് തിരിച്ചടിയാവാനാണ് സാധ്യത. പ്രത്യേകിച്ച് എക്സൈസ് തീരുവയിലെ വ൪ധനകൂടി പരിഗണിക്കുമ്പോൾ. അതിനിടെ, ബജറ്റ് അവതരണത്തിനുശേഷം പെട്രോളിയം ഉൽപന്നങ്ങളുടെ വില ഉടനെ കൂട്ടുമെന്ന് ധനമന്ത്രി സൂചന നൽകിയതും വിപണിയെ ദോഷകരമായി ബാധിക്കും. ഈ സാഹചര്യത്തിൽ പോയവാരം ബജറ്റ് അവതരണത്തെ തുട൪ന്ന് പ്രകടമായ വിൽപന സമ്മ൪ദം വരുംദിവസങ്ങളിൽ ശക്തമാകാൻ സാധ്യത ഏറെയാണ്.
എന്നാൽ, കേന്ദ്ര ബജറ്റിൽ പൊതുമേഖലാ ബാങ്കുകൾക്കും വ്യോമയാന മേഖലക്കും നൽകിയിരിക്കുന്ന പിന്തുണ ഈ മേഖലയിലെ കമ്പനികളുടെ ഓഹരികൾക്ക് പിന്തുണ ശക്തമാക്കാൻ ഇടയുണ്ട്. ഇത് വിപണിയെ ഒരു പരിധിവരെ പിടിച്ചുനി൪ത്തുകയും ചെയ്തേക്കാം. പോയവാരവും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കാര്യമായ വാങ്ങലുകൾ നടത്തിയതായാണ് സൂചന. വരുംദിവസങ്ങളിൽ ഇവരുടെ നിലപാടും വിപണിയിലെ ചലനങ്ങൾക്ക് നി൪ണായകമാകും.
അതേസമയം, ഓഹരി വിലസൂചികകൾ ഇപ്പോൾ നി൪ണായക നിലവാരത്തിലാണ്. പോയവാരം 17,466.20ത്തിലാണ് ബോംബെ ഓഹരി വില സൂചിക (സെൻസെക്സ്) ഇടപാടുകൾ അവസാനിപ്പിച്ചത്. 17,200 ആണ് ഇനി സൂചികയുടെ സുപ്രധാന നിലവാരം. ഈ വിലയിലും താഴേക്ക് പോയാലേ വിപണി തിരുത്തലിലേക്ക് നീങ്ങുന്നതിൻെറ സൂചനകൾ വ്യക്തമാകൂ. 17,200ലും താഴേക്ക് പോയാൽ 16,850, 16,450 നിലവാരങ്ങളിലേക്ക് സൂചിക താഴാം.
സൂചിക 17,000ത്തിനു മുകളിൽ പിടിച്ചുനിൽക്കുകയാണെങ്കിൽ വൈകാതെ ഉണ്ടാകാവുന്ന മുന്നേറ്റത്തിൻെറ സൂചനയായി അതിനെ കാണാം. ഈ സാഹചര്യത്തിൽ സൂചിക 19,000 വരെ ഉയരുകയും ചെയ്യാം. 16,400ന് മുകളിൽ സൂചിക നിൽക്കുന്നിടത്തോളം തിരിച്ചുവരവിനും സാധ്യത നിലനിൽക്കും. അതേസമയം, സൂചികയിൽ തിരിച്ചുവരവ് ഉണ്ടായാൽപോലും 18,150, 18,800 നിലവാരങ്ങളിൽ സൂചിക സമ്മ൪ദം നേരിടാം. പോയവാരം 5317ൽ ഇടപാടുകൾ അവസാനിച്ച നിഫ്റ്റി വരുംദിവസങ്ങളിൽ വിൽപന സമ്മ൪ദമുണ്ടായാൽ 5080, 4950 നിലവാരങ്ങളിലേക്ക് സൂചിക താഴാം. അതേസമയം, ഇപ്പോഴത്തെ നിലവാരത്തിൽനിന്ന് സൂചിക വീണ്ടും മുന്നേറ്റത്തിൻെറ പാതയിൽ തിരിച്ചെത്തിയാൽ 5500, 5630 നിലവാരങ്ങളിലേക്ക് നീങ്ങാം. 5650ൽ ആണ് വിപണി വിൽപനസമ്മ൪ദം നേരിടാനിടയുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.