ഏഷ്യാകപ്പ്: പാക്കിസ്താന്‍ X ബംഗ്ളാദേശ് ഫൈനല്‍
text_fieldsമി൪പൂ൪: ശ്രീലങ്കൻ ചെലവിൽ ഫൈനലെന്ന ഇന്ത്യൻ പ്രതീക്ഷകൾ കൊട്ടിയടച്ച് ആവേശോജ്വല പോരാട്ടത്തിലൂടെ ആതിഥേയരായ ബംഗ്ളാദേശ് ഏഷ്യാകപ്പ് ക്രിക്കറ്റിൻെറ ഫൈനലിൽ. നി൪ണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോൽപിച്ചാണ് ബംഗ്ളാദേശ് ചരിത്രത്തിലാദ്യമായി ഏഷ്യാകപ്പിൻെറ കലാശക്കളിക്ക് യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.5 ഓവറിൽ 232 റൺസെടുത്ത് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളാദേശിൻെറ ലക്ഷ്യം മഴയെ തുട൪ന്ന് 40 ഓവറിൽ 212ലേക്ക് നിശ്ചയിക്കുകയായിരുന്നു.
ടോസ് നേടിയ ബംഗ്ളാദേശ് ശ്രീലങ്കയെ ആദ്യം ബാറ്റിങ്ങിനയക്കാൻ തീരുമാനിക്കുകയായിരുന്നു. ജയിച്ചാൽ ഫൈനലെന്ന നിലയിൽ പിന്തുട൪ന്ന് കളിക്കാനുള്ള ആത്മവിശ്വാസമായിരുന്നു ക്യാപ്റ്റൻ മുഷ്ഫിഖിനെക്കൊണ്ട് ഈ തീരുമാനം മെടുപ്പിക്കാൻ കാരണം. ക്യാപ്റ്റൻെറ കണക്കുകൂട്ടലുകൾ ബൗള൪മാരും തെറ്റിച്ചില്ല. ലോകത്തെ ഏറ്റവും മികച്ച ബാറ്റിങ് നിരയായ ശ്രീലങ്കയും ഓപണ൪മാരെ ആദ്യ ഓവറുകളിൽ തന്നെ ചുരുട്ടിക്കെട്ടി ആതിഥേയ൪ ഇന്ത്യക്കും ലങ്കക്കും വ്യക്തമായ ഭീഷണി നൽകി. ഒന്നാം ഓവറിൽ തന്നെ ആക്രമിച്ചു കളിക്കാൻ തുനിഞ്ഞ തിലരത്ന ദിൽഷനെയും പിടിച്ചുനിൽക്കാൻ ശ്രമിച്ച കുമാ൪ സംഗക്കാരയെയുമായിരുന്നു ഇവ൪ ലക്ഷ്യമിട്ടത്. നാലാം ഓവറിലെ അവസാന പന്തിൽ നസ്മുൽ ഹുസൈൻെറ പന്തിൽ ക്ളീൻ ബൗൾഡായി ക്യാപ്റ്റൻ ജയവ൪ധനെ (5) കളം വിട്ടു. എട്ടാം ഓവറിൽ വീണ്ടുമെത്തിയ നസ്മുൽ ഹുസൈൻ ആറ് റൺസെടുത്ത കുമാര സംഗക്കാരയെ നസിമുദ്ദീൻെറ കൈകളിലെത്തിച്ചായിരുന്നു ലങ്കൻ ഇന്നിങ്സിന് രണ്ടാമത്തെ പ്രഹരം നൽകിയത്. പിടിച്ചുനിന്ന് കളിക്കാൻ ശ്രമിച്ച ദിൽഷനെ പത്താം ഓവറിലെ രണ്ടാം പന്തിൽ നസ്മുൽ തന്നെ പുറത്താക്കിയതോടെ പല്ല്കൊഴിഞ്ഞപോലെയായി സിംഹള വീര്യം. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ട ലങ്കൻ ബാറ്റിങ്ങിനെ തക൪ച്ചയുടെ പടുകുഴിയിൽനിന്ന് തിരികെ നടത്തിക്കുകയെന്നതായി പിൻനിരയിലെത്തിയവരുടെ ബാധ്യത. കപുഗദേര (62), ലാഹിര തിരിമണ്ണെ (48), ഉപുൽ തരംഗ (48) എന്നിവ൪ ഈ ഉത്തരവാദിത്വമേറ്റെടുത്ത് പോരാടുകയായിരുന്നു. വൻ തക൪ച്ചയിൽനിന്ന് ഇവ൪ ചെറുത്തുനിന്നതോടെ ലങ്കൻ ഇന്നിങ്സ് 100ഉം പിന്നെ 200ഉം കടന്ന് ഭേദപ്പെട്ട നിലയിലെത്തി. 32ൽനിന്നും നാലാം വിക്കറ്റിൽ 120ലെത്തിച്ചാണ് തിരിമണ്ണെ ലങ്കയെ തിരികെയെത്തിച്ചത്. മധ്യനിര താളംകണ്ടെത്തിയതോടെ രക്ഷപ്പെട്ടെന്ന് കരുതിയെങ്കിലും വാലറ്റം വീണ്ടും തക൪ന്നു.
നസ്മുൽ ഹുസൈൻ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ശാക്കിബുൽ ഹസനും അബ്ദുറസാഖും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മഷ്റഫെ മു൪തസയും ഷഹാദത്തും ഓരോ വിക്കറ്റും സ്വന്തമാക്കി.
ലങ്കൻ ഇന്നിങ്സ് അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് മഴയെത്തിയത്. രണ്ടു മണിക്കൂറോളം മഴ കളി മുടക്കിയതോടെ 7.30ന് ബംഗ്ളാദേശ് മറുപടി ബാറ്റിങ്ങാരംഭിച്ചപ്പോൾ വിജയ ലക്ഷ്യം 40 ഓവറിൽ 212 റൺസായി ചുരുക്കി. തുടക്കം മുതൽ ആഞ്ഞടിക്കുകയെന്നതായിരുന്നു ആതിഥേയ൪ക്കു മുന്നിലെ സാധ്യത. വെല്ലുവിളി ധീരമായി ഏറ്റെടുത്ത ബംഗ്ളാദേശ് കടുവകളെയും കാത്തിരുന്നത് ലങ്കയുടെ വിധിയായിരുന്നു. 40ലെത്തുമ്പോഴേക്കും ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. നസിമുദ്ദീൻ (6), ജഹ്റുൽ ഇസ്ലാം (2), ക്യാപ്റ്റൻ മുഷ്ഫിഖ് (1) എന്നിവരുടെ വിക്കറ്റുകളാണ് കുലശേഖരയും ലക്മലും ചേ൪ന്ന് വീഴ്ത്തിയത്. എന്നാൽ നാലാം വിക്കറ്റിൽ തമിം ഇഖ്ബാലും (59), ശകിബുൽ ഹസനും (56) ഒന്നിച്ചതോടെ മത്സര ഗതി മാറി. മിന്നൽവേഗത്തിൽ സ്കോ൪ ബോ൪ഡ് ചലിപ്പിച്ച ഇരുവരും ടീംടോട്ടൽ 116ലെത്തിച്ച ശേഷം മാത്രമേ വഴിപിരിഞ്ഞുള്ളൂ.
തമീമിൻെറ തുട൪ച്ചയായ മൂന്നാം അ൪ധസെഞ്ച്വറിയായിരുന്നു ഇത്. അധികം വൈകും മുമ്പ് ഷാകിബും കളം വിട്ടതോടെ പിന്നീട് ക്രീസിലെത്തിയ നാസി൪ ഹുസൈനും മഹ്മൂദുല്ലയും നാട്ടുകാരുടെ ആ൪പ്പുവിളികൾക്കിടയിൽ തിമി൪ത്താടിയപ്പോൾ ആതിഥേയ൪ക്ക് ചരിത്ര ഫൈനൽ പ്രവേശം സമ്മാനിച്ചു മാത്രമേ പിന്മാറിയുള്ളൂ.
സ്കോ൪ബോ൪ഡ്
ശ്രീലങ്ക: ജയവ൪ധനെ ബി നസ്മുൽ ഹുസൈൻ 5, തിലകരത്നെ ദിൽഷൻ ബി നസ്മുൽ ഹുസൈൻ 19, സംഗക്കാര സി നാസിമുദ്ദീൻ ബി നസ്മുൽ ഹുസൈൻ 6, കപുഗെദര സി ഷാക്കിബുൽ ഹസൻ ബി അബ്ദുറസാഖ് 62, തിരിമണ്ണെ സ്റ്റമ്പ്ഡ് മുശ്ഫിഖുറഹീം ബി അബ്ദുറസാഖ് 48, തരംഗ സി മുശ്ഫിഖ് ബി ശഹാദത്ത് ഹുസൈൻ 48, മഹ്റൂഫ് സി മുശ്ഫിഖ് ബി ശാക്കിബുൽ ഹസൻ 3, കുലശേഖര എൽ.ബി.ഡബ്ള്യൂ ശാക്കിബുൽ ഹസൻ 1, സേനാനായകെ നോട്ടൗട്ട് 19, മലിംഗ ബി മശ്റഫെ മു൪തസ 10, ലക്മൽ റണ്ണൗട്ട് 0. എക്സ്ട്രാസ് 11. ടോട്ടൽ 232.
വിക്കറ്റ് വീഴ്ച: 1-19, 2- 29, 3- 32, 4- 120, 5- 169, 6- 175, 7- 183, 8- 204, 9- 230, 10- 232.
ബൗളിങ്: മു൪തസ 9.5 1 30 1, നസ്മുൽ ഹുസൈൻ 8 1 32 3, ശഹാദത്ത് ഹുസൈൻ 8 0 51 1, അബ്ദുറസാഖ് 10 0 44 2, ശാകിബ് 10 1 56 2, മഹ്മൂദുല്ല 4 0 16 0.
ബംഗ്ളാദേശ്: തമീം ഇഖ്ബാൽ സി തിരിമണ്ണെ ബി സേനാനായകെ 59, നാസിമുദ്ദീൻ ബി കുലശേഖര 6, ജഹുറുൽ ഇസ്ലാം സി കപുഗെദര ബി ലക്മൽ 2, മുശ്ഫിഖുറഹീം ബി കുലശേഖര 1, ശാകിബുൽ ഹസൻ എൽ.ബി.ഡബ്ള്യൂ സേനാനായകെ 56, നാസി൪ ഹുസൈൻ നോട്ടൗട്ട് 36, മഹ്മൂദുല്ല നോട്ടൗട്ട് 32. എക്സ്ട്രാസ് 20. ആകെ 37.1 ഓവറിൽ 5 വിക്കറ്റിന് 212.
വിക്കറ്റ്വീഴ്ച: 1-8, 2- 39, 3- 40, 4- 116, 5-135,
ബൗളിങ്: മലിംഗ 8 0 29 0, കുലശേഖര 6 0 30 2, ലക്മൽ 7 0 40 1, സേനാനായകെ 8 0 38 2, മഹ്റൂഫ് 6 0 46 0, ദിൽഷൻ 1 0 6 0.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.