ഭട്ട് കെണിയില്‍ വീഴ്ത്തി -ആമിര്‍
text_fieldsലണ്ടൻ: സഹോദരനെ പോലെ കരുതിയ ക്യാപ്റ്റൻ സൽമാൻ ഭട്ടും ഏജൻറ് മസ്ഹ൪ മജീദും ഒരുക്കിയ കെണിയിൽ വീണുപോവുകയായിരുന്നുവെന്ന് ഒത്തുകളി വിവാദത്തിൽ ശിക്ഷ അനുഭവിച്ച് പുറത്തുവന്ന പാകിസ്താൻ പേസ് ബൗള൪ മുഹമ്മദ് ആമി൪. 2010ൽ ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടയിൽ വാതുവെപ്പുകാരിൽ നിന്നും പണം വാങ്ങി നോബോൾ എറിഞ്ഞെന്ന ആരോപണത്തിൽ കുരുങ്ങിയ ആമി൪ ആറു മാസത്തെ ജയിൽ ശിക്ഷയും കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
പാകിസ്താനിലെ ജനങ്ങളോടും ക്രിക്കറ്റിനെ സ്നേഹിക്കുന്നവരോടും മാപ്പ് ചോദിക്കുന്നു. എൻെറ അറിവില്ലായ്മ കെണിയിൽ വീഴ്ത്തുകയായിരുന്നു -ആമി൪ ടെലിവിഷൻ അഭിമുഖത്തിൽ ഏറ്റുപറഞ്ഞു. മുൻ ഇംഗ്ളണ്ട് ക്യാപ്റ്റൻ മൈക്കൽ ആത൪ടനുമായി നടത്തിയ അഭിമുഖത്തിലാണ് ജ്യേഷ്ഠ സഹോദരനെ പോലെ കരുതിയ സൽമാൻ ഭട്ട് തൻെറ അറിവില്ലായ്മ മുതലെടുത്ത് കെണിയിൽ വീഴ്ത്തിയെന്ന് ആമി൪ തുറന്നു പറഞ്ഞത്. ഭട്ടും ഏജൻറ് മജീദും നി൪ദേശിച്ചതിൻെറ അടിസ്ഥാനത്തിൽ പരിചയമില്ലാത്ത അലി എന്ന വാതുവെപ്പുകാരന് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ നൽകിയിരുന്നു. പിന്നീട് എന്തിനാണ് അക്കൗണ്ട് വിവരങ്ങൾ തേടിയതെന്ന് അലിയോട് ചോദിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനു പിന്നാലെയാണ് താൻ കെണിയിൽ പെട്ടെന്നും വാതുവെപ്പുകാരുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ഫോൺ സംഭാഷണവും ഐ. സി. സി രഹസ്യാന്വേഷണ വിഭാഗത്തിൻെറ കൈകളിലെത്തിയെന്നും ഭീഷണിപ്പെടുത്തി മജീദ് ചതിക്കുന്നത്. ഇംഗ്ളണ്ടിനെതിരായ ടെസ്റ്റിൽ രണ്ട് നോബോളുകൾ എറിഞ്ഞാൽ സ്വാധീനമുപയോഗിച്ച് കേസിൽ നിന്നും രക്ഷപ്പെടുത്താമെന്നായിരുന്നു മജീദിൻെറ വാഗ്ദാനം. ലോഡ്സ് ടെസ്റ്റിന് തലേ ദിവസം കാറിനകത്തുവെച്ച് മജീദ് ആവശ്യപ്പെടുമ്പോൾ പിൻ സീറ്റിൽ ഭട്ടും ഉണ്ടായിരുന്നു. പലതവണ ഇക്കാര്യം നിരസിച്ചെങ്കിലും അവസാനം കെണിയിൽ വീണു-ആമി൪ പറഞ്ഞു.
സൽമാൻെറ സുഹൃത്തെന്ന നിലയിലാണ് അലിയുമായി ബന്ധപ്പെട്ടത്. ഓവൽ ടെസ്റ്റിൻെറ സമയത്ത് 40 തവണ അലി ആമിറിനെ വിളിച്ചപ്പോൾ രണ്ട് തവണ തിരിച്ചുവിളിച്ചു. ഒരുതവണ അക്കൗണ്ട് വിവരങ്ങൾ നൽകാനും രണ്ടാംതവണ അവ എന്തിനാണെന്ന് അന്വേഷിക്കാനുമായിരുന്നു ആമി൪ തിരിച്ചു വിളിച്ചത്.
ചുറ്റിലും സംഭവിക്കുന്നത് എന്തെന്ന് അറിയാതെ കുരുങ്ങിയതാണ് കെണിയിൽ. മുതി൪ന്ന സഹോദരനെപോലെ കരുതിയ സൽമാൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ എൻെറ കരിയ൪ തക൪ക്കുകയും നാട്ടുകാരെ വഞ്ചിക്കുകയും ചെയ്ത നടപടിയിൽ പങ്കാളിയാവുമായിരുന്നില്ല. ഇക്കാര്യങ്ങൾ ഐ.സി.സി അധികൃതരെ അറിയിച്ചിരുന്നെങ്കിൽ ഈ സംഭവങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു. എൻെറ മണ്ടത്തരത്തിൽ സ്വയം ലജ്ജിക്കുന്നു -കുറ്റബോധത്തോടെ ആമി൪ പറഞ്ഞു.
ഐ.സി.സിക്കു മുന്നിൽ തുറന്നു പറയാനുള്ള ധൈര്യമോ അറിവോ തനിക്കുണ്ടായിരുന്നില്ലെന്ന് പറഞ്ഞ ആമി൪ അനുഭവത്തിൻെറ പാഠത്തിൽ യുവതാരങ്ങൾക്ക് നൽകുന്ന ഉപദേശവും ഇതു തന്നെ. ‘അസ്വാഭാവികമായി വല്ലതും നേരിട്ടാൽ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കുക. നിങ്ങളുടെ കരിയ൪ സുരക്ഷിതമാക്കാം’.
കുറ്റകൃത്യം ചെയ്യുന്ന സമയത്ത് 18 വയസ്സ് പൂ൪ത്തിയവാതിരുന്ന ആമി ൪ ദു൪ഗുണ പരിഹാര പാഠശാലയിലെ ആറ് മാസത്തെ ശിക്ഷയും കഴിഞ്ഞ് ഫെബ്രുവരി ഒന്നിനാണ് മോചിതനായത്. സൽമാൻ ഭട്ടിന് രണ്ടര വ൪ഷവും മുഹമ്മദ് ആസിഫിന് ഒരു വ൪ഷവുമാണ് ശിക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.