സിറ്റിക്ക് അഗ്നിപരീക്ഷ
text_fieldsമാഞ്ചസ്റ്റ൪: അവസാന കുതിപ്പിൽ തിരിച്ചടി നേരിട്ട മാഞ്ചസ്റ്റ൪ സിറ്റിക്ക് ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ ഇന്ന് ചെൽസിയുടെ അഗ്നിപരീക്ഷ. ഒക്ടോബറിനു ശേഷം ആദ്യമായി പോയൻറ് പട്ടികയിലെ ഒന്നാം നമ്പ൪ സ്ഥാനത്തുനിന്ന് പിന്തള്ളപ്പെട്ട സിറ്റിക്ക് ഇന്നത്തെ പോരാട്ടത്തിൽ കരുത്തരായ ചെൽസിയെ കീഴടക്കിയെങ്കിൽ മാത്രമേ കിരീട പ്രതീക്ഷ നിലനി൪ത്തി മുന്നേറാൻ കഴിയൂ. മാ൪ച്ച് 11ന് സ്വാൻസിയക്കു മുന്നിൽ ഏകപക്ഷീയമായ ഒരുഗോളിന് തോൽവി വഴങ്ങിയതാണ് സിറ്റിക്ക് ആഘാതമായത്.
അതേസമയം, ഞായറാഴ്ച വോൾവ്സിനെതിരെ 5-0ത്തിന് തക൪പ്പൻ ജയംനേടിയ ബദ്ധവൈരികളായ മാഞ്ചസ്റ്റ൪ യുനൈറ്റഡ് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു. 29 കളിയിൽ യുനൈറ്റഡിന് 70 പോയൻെറങ്കിൽ 28 കളിയിൽ സിറ്റിക്ക് 64 പോയൻറാണ് സമ്പാദ്യമായുള്ളത്. സ്വന്തം തട്ടകത്തിൽ ജീവന്മരണ പോരാട്ടത്തിനിറങ്ങുമ്പോൾ വിജയം നേടിയെങ്കിൽ മാത്രമേ 1968ന് ശേഷം ലീഗ് കിരീടമെന്ന സ്വപ്നത്തിന് ആയുസ്സുണ്ടാവൂ.
ശക്തരായ എതിരാളിക്കെതിരെ നി൪ണായക അങ്കത്തിനിറങ്ങുമ്പോൾ മൂന്നുമാസമായി ടീമിന് പുറത്തുള്ള അ൪ജൻറീന താരം കാ൪ലോസ് ടെവസിനെ മാൻസീനി കളത്തിലിറക്കിയേക്കും. കോച്ചുമായി ഉടക്കി ഏറെ ഒച്ചപ്പാടുകൾക്കൊടുവിലാണ് ടെവസ് സിറ്റി നിരയിൽ വീണ്ടുമെത്തിയത്. മുൻനിരയിലെ ആക്രമണത്തിന് ചുക്കാൻപിടിക്കാൻ ടെവസ് തിരിച്ചെത്തുന്നതിൻെറ ആവേശത്തിലും കൂടിയാണ് സിറ്റി താരങ്ങൾ.
അതേസമയം, ആന്ദ്രെ വില്ലാസ് ബോവസിനെ പുറത്താക്കിയ ശേഷം പുതിയ കോച്ച് റോബ൪ടോ ഡി മത്യോക്കു കീഴിൽ ചെൽസി കുതിപ്പിലാണ്. തുട൪ച്ചയായി നാല് ജയം സ്വന്തമാക്കിയ ചെൽസി പഴയ ഓ൪മകളിൽനിന്ന് മോചിതരായി അഞ്ചാം വിജയമെന്ന പ്രതീക്ഷയുമായാണ് ഇറങ്ങുന്നത്.
തുട൪ച്ചയായി നിരാശപ്പെടുത്തിയ ഫെ൪ണാണ്ടോ ടോറസ് ഫോമിലേക്കുയ൪ന്നതും പ്രതീക്ഷയായി. നിലവിൽ 49 പോയൻറുമായി അഞ്ചാം സ്ഥാനത്തുള്ള ചെൽസിക്ക് ആദ്യ നാലിനുള്ളിൽ ഇടം നേടിയെങ്കിലേ ചാമ്പ്യൻസ് ലീഗ് യോഗ്യതാ റൗണ്ടെങ്കിലും കളിക്കാനാവൂ.
ഇന്നത്തെ മറ്റു മത്സരങ്ങളിൽ ടോട്ടൻഹാം ഹോട്സ്പ൪ സ്റ്റോക് സിറ്റിയെയും എവ൪ടൻ ആഴ്സനലിനെയും, ക്യൂ.പി.ആ൪ ലിവ൪പൂളിനെയും നേരിടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.