വേണാട് കോളനിയെ കുരുതിക്കളമാക്കിയത് ഇടതുമുന്നണിയിലെ വടംവലി
text_fieldsമൂന്നാ൪: പഞ്ചായത്ത് ഭരണം നിലനി൪ത്താനും തിരിച്ചുപിടിക്കാനുമുള്ള ഇടതുമുന്നണിക്കുള്ളിലെ വടംവലിയാണ് ചിന്നക്കനാലിലെ വേണാട് കോനളിയെ കുരുതിക്കളമാക്കിയത്. സി.പി.എം നേതൃത്വത്തിൻെറ പക്കൽനിന്ന് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ഭരണം സി.പി.ഐ നേടിയതാണ് അണികളെ കൈയാങ്കളിയിലെത്തിച്ചതെന്നാണ് വിലയിരുത്തൽ.
ഇടത് ഭരണകാലത്ത് ജില്ലാ കലക്ട൪ തയാറാക്കിയ കൈയേറ്റക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് സി.പി.എം നേതാവായ ആൽബിൻെറ പേരായിരുന്നു. റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐ മന്ത്രിയും കലക്ടറും ചേ൪ന്ന് രാഷ്ട്രീയ വൈരാഗ്യം തീ൪ക്കുന്നതാണ് തനിക്കെതിരെയുള്ള ആരോപണമെന്ന് ആൽബിൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെ ഇരു കക്ഷിയും അന്നുമുതൽ ചിന്നക്കനാലിൽ രണ്ട് ചേരിയായി.
നിയമസഭാ തെരഞ്ഞെടുപ്പിലും വേണ്ടത്ര ഐക്യമില്ലാതിരുന്നതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് രമ്യതയിലാക്കിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.ഐ പ്രസിഡൻറ് പദവി എടുത്തതും മുന്നണിക്കുള്ളിൽ കല്ലുകടിയായി.
ഇരുകക്ഷിയും എതി൪ പ്രചാരണം പഞ്ചായത്തിൽ ശക്തമാക്കിയതോടെ ആഴ്ചകൾക്കുമുമ്പ് 30കുടുംബങ്ങൾ സി.പി.എമ്മിലേക്ക് മാറിയത് സി.പി.ഐക്ക് തിരിച്ചടിയായി.
ഇതിനെതിരെ നീക്കം നടത്തുന്നതിനിടെയാണ് വേലുസാമിയെ തിങ്കളാഴ്ചപുല൪ച്ചെ ആക്രമിക്കുന്നത്. കൈകാലുകൾക്ക് മാരകമായി വെട്ടേറ്റ വേലുസാമി ഇനിയും അപകടനില തരണംചെയ്തിട്ടില്ല.
പകരം വീട്ടാനെത്തിയ സി.പി.ഐ സംഘം പാ൪ട്ടി മാറിയവരുടെ വീടുകൾ തിരഞ്ഞുപിടിച്ചാണ് തക൪ത്തത്. വീടുകളിലെ ടി.വികളും മറ്റ് ഉപകരണങ്ങളും നിശ്ശേഷം തക൪ത്തു.
മുറ്റത്ത് പാ൪ക്ക് ചെയ്തിരുന്ന കാറുകൾ, ബൈക്കുകൾ, ഓട്ടോകൾ തുടങ്ങി ആറോളം വാഹനങ്ങളും തക൪ത്തു.
ഉടൻ സ്ഥലത്തെത്തിയ മാധ്യമപ്രവ൪ത്തകരെയും അക്രമികൾ തടഞ്ഞുവെച്ചു. വീട്ടിലുണ്ടായിരുന്ന വൃദ്ധരും സ്ത്രീകളും കുട്ടികളും ചെറിയ പരിക്കുകളോടെ ഓടിരക്ഷപ്പെട്ടു. കൂടുതൽ പൊലീസ് എത്തിയതോടെയാണ് സ്ഥിതി നിയന്ത്രണവിധേയമായത്.
ഇരു പാ൪ട്ടിയുടെയും ഏറെ സ്വാധീനമുള്ള നേതാക്കൾക്കുനേരെയുണ്ടായ ആക്രമണം കൂടുതൽ സംഘ൪ഷത്തിലേക്ക് വഴിവെക്കുമെന്ന ഭീതിയിലാണ് നാട്ടുകാ൪. ഇരു പാ൪ട്ടികളിലാണെങ്കിലും പരസ്പരം ബന്ധുക്കളാണ് ആക്രമിച്ചവരും പരിക്കേറ്റവരുമെന്നാണ് വിവരം. തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരുമായ സാധാരണക്കാ൪ താമസിക്കുന്ന വേണാട് കോളനി പഴയ നിലയിലാകുന്നതും കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
ശാന്തമ്പാറ പൊലീസ് നാല് കേസ് രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 30ഓളം പേ൪ക്കെതിരെ കേസുണ്ട്. അടുത്ത ദിവസങ്ങളിലും മേഖലയിൽ കനത്ത പൊലീസ് കാവൽ ഏ൪പ്പെടുത്തിയിട്ടുണ്ടെന്ന് ഡിവൈ.എസ്.പി വി.എൻ. സജി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.