ഹിറ്റ് സിനിമകളുടെ സ്രഷ്ടാവ്
text_fieldsഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു ബുധനാഴ്ച വിടവാങ്ങിയ ടി. ദാമോദരൻ. ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടി, 1921, മീൻ, കാന്തവലയം, കരിമ്പന, ഏഴാംകടലിനക്കരെ, അഹിംസ, തുഷാരം, ജോൺ ജാഫ൪ ജനാ൪ദനൻ, ഈനാട്, ഇന്നല്ലെങ്കിൽ നാളെ, വാ൪ത്ത, ഇനിയെങ്കിലും, അങ്ങാടിക്കപ്പുറത്ത്, ഇൻസ്പെക്ട൪ ബൽറാം തുടങ്ങി ദാമോദരൻ തിരക്കഥയെഴുതിയ ഭൂരിഭാഗം സിനിമകളും ബോക്സ് ഓഫിസ് ചരിത്രമെഴുതി. പ്രിയദ൪ശനൊപ്പം മേഘം (1999), കാലാപാനി (1996), അദൈ്വതം (92), അഭിമന്യു (91), ആര്യൻ (88), ഭരതൻെറ ഇത്തിരിപ്പൂവേ ചുവന്നപൂവേ (84), കാറ്റത്തെ കിളിക്കൂട് (83), ഷാജി കൈലാസിൻെറ മഹാത്മ (96), ജോമോൻെറ ജാക്പോട്ട് (93), ജി.എസ്. വിജയൻെറ ആനവാൽ മോതിരം (90), വിജിതമ്പിയുടെ ജനം (93) എന്നീ തിരക്കഥകളെല്ലാം ദാമോദരൻ മാസ്റ്ററുടേതാണ്. മണിരത്നത്തിൻെറ ഏക മലയാള ചിത്രം ഉണരൂ (1984), ദാമോദരൻെറ തിരക്കഥ അടിസ്ഥാനമാക്കിയാണ്.
ബേപ്പൂ൪ സ്കൂളിൽ കായികാധ്യാപകനായിരുന്ന അദ്ദേഹം 70കളിലാണ് തിരക്കഥാ രചന ആരംഭിച്ചത്. 60കളുടെ അവസാനത്തിൽ നാടക രംഗത്ത് സജീവമായിരുന്നു. തിക്കോടിയൻ, കുതിരവട്ടം പപ്പു, ഹരിഹരൻ, കുഞ്ഞാണ്ടി തുടങ്ങിയ പ്രതിഭകൾക്കൊപ്പമായിരുന്നു പ്രവ൪ത്തനം.
സാമൂഹിക പ്രശ്നങ്ങൾ കുത്തിനിറച്ച അദ്ദേഹത്തിൻെറ നാടകരചനയിൽ ആകൃഷ്ടനായി 73ൽ ഹരിഹരൻ കഥയെഴുതാൻ ചുമതലപ്പെടുത്തുകയായിരുന്നു. സമകാലിക സാമൂഹിക സംഭവങ്ങൾ വിവരിക്കുന്ന തക൪പ്പൻ ഡയലോഗുകളുമായി ഇറങ്ങിയ സിനിമകൾ 80കളിൽ തിയറ്ററുകളിൽ ഭൂകമ്പങ്ങൾ സൃഷ്ടിച്ചു. വ്യവസ്ഥാപിത സമ്പ്രദായങ്ങളെ വിമ൪ശിക്കുന്ന ഡയലോഗുകൾ നിറഞ്ഞ പടങ്ങൾ സാധാരണക്കാ൪ നെഞ്ചിലേറ്റി. കഥാപാത്രങ്ങളുടെ പെരുപ്പവും നി൪മാണച്ചെലവും ഒരുകാലത്ത് ദാമോദരൻ ചിത്രങ്ങളുടെ മുഖമുദ്രയായിരുന്നു. മലബാ൪ കലാപത്തിൻെറ കഥപറയുന്ന അദ്ദേഹത്തിൻെറ സ്വപ്നപദ്ധതി ‘1921’ ബോക്സ് ഓഫിസ് ഹിറ്റായി.
യുഗസന്ധിയാണ് ആദ്യത്തെ പ്രഫഷനൽ നാടകം. ഉടഞ്ഞ വിഗ്രഹങ്ങൾ, ആര്യൻ, അനാര്യൻ, നിഴൽ എന്നിവ ജനപ്രിയ നാടകങ്ങളാണ്. യുക്തിവാദ പ്രസ്ഥാനത്തിൻെറ സജീവ പ്രവ൪ത്തകനായിരുന്നു അദ്ദേഹം. സി. പി.എം അനുഭാവിയായിരിക്കെതന്നെ പാ൪ട്ടിയിലെ അരുതായ്മകളെ വിമ൪ശിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.