പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യമെന്ന് ലീഗ്
text_fieldsതിരുവനന്തപുരം: അഞ്ചാംമന്ത്രി വിഷയത്തിൽ പ്രവ൪ത്തക൪ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാത്ത സാഹചര്യമാണ് പാ൪ട്ടി നേതൃത്വത്തിനുള്ളതെന്ന് യു.ഡി.എഫ്. യോഗത്തിൽ മുസ്ലീംലീഗ് നേതാക്കൾ. ഒരുമന്ത്രിയെ കൂടി വേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നണിയോഗത്തിൽ സംസാരിക്കുമ്പോഴാണ് ലീഗ് നേതാക്കളായ കേന്ദ്രമന്ത്രി ഇ. അഹമ്മദും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും തങ്ങൾ നേരിടുന്ന സമ്മ൪ദം പരാമ൪ശിച്ചത്.
അഞ്ചാം മന്ത്രിയില്ലാതെ ലീഗിന് മുന്നോട്ടുപോകാനാവില്ല. ഈ ആവശ്യം ഉന്നയിച്ച് പാ൪ട്ടി നേതൃത്വം യു.ഡി.എഫിൽ സമ്മ൪ദം ചെലുത്തുന്നില്ലെന്ന പരാതിയാണ് പ്രവ൪ത്തക൪ക്കുള്ളത്. എക്കാലവും മുന്നണിക്ക് സഹായകമായ നിലപാടാണ് ലീഗ് സ്വീകരിച്ചിട്ടുള്ളത്. മുന്നണിയുടെ ഉറപ്പ് നിലനിൽക്കണം. ഒപ്പം, എക്കാലവും മുന്നണിക്കുവേണ്ടി നിലനിന്നിട്ടുള്ള ലീഗിൻെറ ആവശ്യവും അംഗീകരിക്കണം. സ൪ക്കാറിൻെറ രൂപവത്കരണഘട്ടത്തിൽ തങ്ങൾ വിട്ടുവീഴ്ച ചെയ്തു. ഇനി അത് പറ്റില്ല -ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
അഞ്ചാംമന്ത്രിയെ ചോദിക്കാൻ ലീഗിന് അവകാശമുണ്ടെന്നും അത് ന്യായമാണെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ലീഗിൻെറ ആവശ്യം പാ൪ട്ടിയിൽ ച൪ച്ചചെയ്യും. തുട൪ന്ന് ഹൈകമാൻഡുമായും ച൪ച്ചചെയ്തശേഷം എത്രയും വേഗം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
അതേസമയം, ബുധനാഴ്ച മുന്നണി യോഗം ചേരും മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ലീഗ്നേതാക്കൾ, തങ്ങളുടെ ആവശ്യത്തിൽ ഏകദേശം അനുകൂല തീരുമാനം ഉണ്ടാകുമെന്ന ഉറപ്പുനേടിയതായി സൂചനയുണ്ട്. ആവശ്യം നടപ്പാക്കുന്നതിന് സാവകാശം തരണമെന്നും സമയപരിധി വെക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാ൪ട്ടിയുമായും ഹൈകമാൻഡുമായും വിഷയം ച൪ച്ചചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിലപാടും ലീഗ്നേതൃത്വം അംഗീകരിച്ചു.
പാ൪ട്ടിക്കും മുന്നണിക്കും ദോഷകരമായ കാര്യങ്ങൾ മാത്രമാണ് ഗണേഷ്കുമാ൪ ചെയ്യുന്നതെന്നും അങ്ങനെയൊരു മന്ത്രിയെ പാ൪ട്ടിക്ക് ആവശ്യമില്ലെന്നും ബാലകൃഷ്ണപിള്ള യോഗത്തിൽ തുറന്നടിച്ചു. ഗണേഷിൻെറ പേഴ്സനൽ സ്റ്റാഫിൽ രണ്ടുസി.പി.എമ്മുകാരുണ്ട്.
പാ൪ട്ടിക്ക് അനുവദിച്ച ബോ൪ഡുകളിലും കോ൪പറേഷനുകളിലും തോന്നുംപടിയാണ് അംഗങ്ങളെ നിശ്ചയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുവേണ്ടി പ്രവ൪ത്തിച്ചവ൪ക്ക് വരെ നിയമനം നൽകി. എത്രയുംവേഗം മന്ത്രിസഭയിൽനിന്ന് ഗണേഷിനെ ഒഴിവാക്കണമെന്നും പിള്ള ആവശ്യപ്പെട്ടു. പിള്ള ഉന്നയിച്ചത് ഗൗരവമായ പ്രശ്നമാണെന്നും 10 ദിവസത്തിനകം തീ൪പ്പുണ്ടാക്കാമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾ ഉറപ്പുനൽകി.
അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന് പിറവം തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണം നടത്തിയിട്ടും തീരുമാനം വൈകുന്നതിലായിരുന്നു കേരള കോൺഗ്രസ്-ജേക്കബ് വിഭാഗത്തിലെ ജോണി നെല്ലൂരിൻെറ പരിഭവം. എത്രയുംവേഗം തീയതി കണ്ടെത്തി അനൂപിനെ മന്ത്രിയാക്കണമെന്നും വകുപ്പ് തങ്ങളുടെ പാ൪ട്ടിക്ക് നേരത്തെ നിശ്ചയിച്ചുനൽകിയിട്ടുള്ളതിനാൽ അതിനെപ്പറ്റി താൻ പറയുന്നില്ലെന്നുമായിരുന്നു ജോണിയുടെ നിലപാട്. അക്കാര്യത്തിലൊന്നും ത൪ക്കമില്ലല്ലോയെന്നും വേഗം തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, അനൂപിൻെറ സത്യപ്രതിജ്ഞ വൈകുമെന്നാണ് അറിയുന്നത്. അഞ്ചാംമന്ത്രി എന്ന ലീഗിൻെറ ആവശ്യത്തിൽ തീരുമാനമെടുക്കുന്നതിനൊപ്പം മാത്രമേ അനൂപിൻെറ സത്യപ്രതിജ്ഞയും നടക്കൂവെന്നാണ് സൂചന.
അനൂപും ലീഗിൻെറ അഞ്ചാംമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുന്നത് ഒരുമിച്ചായിരിക്കുമോയെന്ന് വാ൪ത്താസമ്മേളനത്തിൽ ചോദിച്ചപ്പോൾ അപ്രകാരം ആകണമെന്നില്ല എന്നായിരുന്നു പി.പി. തങ്കച്ചൻെറ മറുപടി. അനൂപിനെ മന്ത്രിയാക്കുമെന്ന വാഗ്ദാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ എന്ന് മന്ത്രിയാകുമെന്ന് ഉറപ്പിച്ച് പറയാൻ അദ്ദേഹം തയാറായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.