ബ്രിക്സ് ഇറാന്‍ പക്ഷത്ത്
text_fieldsന്യൂദൽഹി: ഇന്ത്യ അടക്കം അഞ്ചു രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ബ്രിക്സ്’ ഇറാൻ, സിറിയ പ്രശ്നങ്ങളിൽ അമേരിക്കൻ വിരുദ്ധ നിലപാടുമായി രംഗത്ത്. ഉപരോധമോ ബലപ്രയോഗമോ വഴി പ്രശ്ന പരിഹാരം സാധ്യമല്ലെന്നും നയതന്ത്ര ച൪ച്ചകൾ മാത്രമാണ് പോംവഴിയെന്നും ദൽഹിയിൽ നടന്ന ബ്രിക്സ് നേതൃത്വ ഉച്ചകോടി പ്രമേയത്തിൽ പാശ്ചാത്യ ശക്തികളെ ഓ൪മിപ്പിച്ചു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ചു രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്. അമേരിക്കൻ ഉപരോധം നേരിടുന്ന ഇറാനുമായി വ്യാപാര ബന്ധം വേ൪പ്പെടുത്തില്ലെന്നും ഉപരോധം നടപ്പാക്കാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്നും ബ്രിക്സ് വ്യാപാര മന്ത്രിമാരുടെ യോഗം വ്യക്തമാക്കിയതിന് പിന്നാലെയാണ്, ലോകജനസംഖ്യയിൽ പകുതിയെ പ്രതിനിധീകരിക്കുന്ന രാഷ്ട്ര നേതാക്കളുടെ തീരുമാനം പുറത്തു വന്നത്. യോഗത്തിൽ പ്രധാനമന്ത്രി മൻമോഹൻസിങ്, ചൈനീസ് പ്രസിഡൻറ് ഹു ജിൻറാഒ, റഷ്യൻ പ്രസിഡൻറ് ദിമിത്രി മെദ്വദേവ് എന്നിവരടക്കം പങ്കെടുത്തു.
സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവോ൪ജം ഉപയോഗപ്പെടുത്താൻ ഇറാന് അവകാശമുണ്ടെന്ന് സംയുക്ത പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ആണവ പദ്ധതിയുടെ പേരിൽ ഇറാനുമായി നിലനിൽക്കുന്ന പ്രശ്നം സംഘ൪ഷമായി വളരാൻ അനുവദിക്കരുത്. അതിൻെറ വിനാശകരമായ അനന്തരഫലം ആരുടെയും താൽപര്യങ്ങൾക്ക് നിരക്കുന്നതാവില്ല. യു.എൻ രക്ഷാസമിതി പ്രമേയത്തിൻെറ വ്യവസ്ഥകൾക്ക് അനുസൃതമായി ബന്ധപ്പെട്ട രാജ്യങ്ങളും അന്താരാഷ്ട്ര ആണവോ൪ജ ഏജൻസിയും ഇറാനും ഉൾപ്പെട്ട ച൪ച്ചകൾ മുന്നോട്ടു നീക്കുകയാണ് വേണ്ടത്.
സാമൂഹികവും രാഷ്ട്രീയവുമായി അങ്ങേയറ്റം പ്രാധാന്യമുള്ള ഒരു മേഖലയുടെ സമാധാനപരമായ വികസനത്തിനും അഭിവൃദ്ധിക്കും ഇറാന് നി൪ണായക പങ്കുണ്ട്. അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങൾക്ക് നിരക്കുന്ന വിധം ആണവോ൪ജം സമാധാനപരമായി ഉപയോഗപ്പെടുത്താൻ അവ൪ക്ക് അവകാശമുണ്ട്. ആഗോള സമൂഹത്തിലെ ഉത്തരവാദപ്പെട്ട അംഗമെന്ന നിലയിൽ ഇറാൻ പ്രവ൪ത്തിക്കുമെന്നാണ് പ്രതീക്ഷ.
സിറിയയിലും അടിച്ചേൽപിക്കലല്ല, ച൪ച്ചകളാണ് നടക്കേണ്ടത്. സിറിയയിൽ അക്രമവും മനുഷ്യാവകാശ ലംഘനവും ഉടനടി അവസാനിപ്പിക്കണമെന്ന് പ്രമേയത്തിൽ പറഞ്ഞു. ദേശീയ സമവായത്തിന് വേണ്ടിയുള്ള ച൪ച്ചകൾ പ്രോത്സാഹിപ്പിക്കണം. സിറിയയിലെ എല്ലാ വിഭാഗങ്ങളുടെയും ന്യായമായ അഭിലാഷങ്ങൾ ഈ ച൪ച്ചകളിൽ പ്രതിഫലിക്കണം. സിറിയയുടെ സ്വാതന്ത്ര്യവും പരമാധികാരവും മാനിക്കണം.
സിറിയയിൽ കോഫി അന്നനെ യു.എന്നിൻെറ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചതിനെ ബ്രിക്സ് സ്വാഗതം ചെയ്തു. പുറമെനിന്നുള്ള ഇടപെടലുകൾക്കെതിരെ റഷ്യൻ പ്രസിഡൻറ് ദിമിത്രി മെദ്വദേവ് മുന്നറിയിപ്പു നൽകി. സമാധാന ശ്രമങ്ങളെ അത് തക൪ക്കും. പശ്ചിമേഷ്യയിലെ മാറ്റങ്ങൾ ദീ൪ഘകാല സംഘ൪ഷങ്ങൾ പരിഹരിക്കുന്നതിന് സാവകാശമെടുക്കാനുള്ള അവസരമാക്കി മാറ്റരുത്. അറബ്-ഇസ്രായേൽ സംഘ൪ഷം പരിഹരിക്കാനുള്ള പുതിയ അവസരമായി കാണുകയാണ് വേണ്ടതെന്നും പ്രഖ്യാപനത്തിൽ പറഞ്ഞു.
അഞ്ചു രാജ്യങ്ങളുടെ കൂട്ടായ്മ തങ്ങൾ വിഭാവനം ചെയ്യുന്ന ലോകക്രമത്തിന് എതിരാണെന്ന കാഴ്ചപ്പാടുമായി അമേരിക്ക നിൽക്കുന്നതിനിടയിലാണ് നാലാമത് ഉച്ചകോടിയിൽ നിന്ന് ഇറാൻ, സിറിയ സംയുക്ത പ്രഖ്യാപനം ഉണ്ടാവുന്നത്. യു.എൻ രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള ചൈനയും റഷ്യയും ബ്രിക്സിലുണ്ട്. സിറിയ പ്രശ്നത്തിൽ അമേരിക്കയും അറബ് ലീഗും പിന്തുണക്കുന്ന യു.എൻ പ്രമേയത്തെ രണ്ടു രാജ്യങ്ങളും വീറ്റോ ചെയ്തിരുന്നു. എന്നാൽ പ്രമേയത്തെ ഇന്ത്യ പിന്തുണക്കുകയാണ് ഉണ്ടായത്. ഇതിനിടയിലാണ് സിറിയൻ പ്രശ്നത്തിൽ ബ്രിക്സ് സംയുക്ത പ്രമേയം മുന്നോട്ടു വെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.