മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു; മൂന്ന് തൊഴിലാളികളെ രക്ഷിച്ചു
text_fieldsകൊല്ലം: മത്സ്യബന്ധനത്തിനിടെ ഫൈബ൪ വള്ളം കടലിൽ മറിഞ്ഞു. അപകടസമയത്ത് വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരെ മറ്റ് വള്ളത്തിലുള്ളവരും കോസ്റ്റൽ പോലീസും ചേ൪ന്ന് രക്ഷപ്പെടുത്തി.
ഞായറാഴ്ച രാവിലെ അഞ്ചരയോടെ വാടി കടപ്പുറത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ‘അമ്പാടി’ എന്ന വള്ളമാണ് കൊല്ലം ബീച്ചിൽ നിന്ന് ഏകദേശം നാല് കിലോമീറ്റ൪ അകലെ കടലിൽ മറിഞ്ഞത്. വള്ളത്തിൻെറ ഉടമ, കോവിൽത്തോട്ടം ഐ.ആ൪.ഇ 132 പൂമുഖത്ത് വീട്ടിൽ രമേശൻ (42), ചവറ പൂമുഖത്ത് വീട്ടിൽ അഭയദേവ് (41), നീണ്ടകര പുത്തൻതുറ സ്വദേശി ഷാജി (41) എന്നിവരെയാണ് രക്ഷിച്ചത്. ഇവ൪ ബന്ധുക്കളാണ്.
ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കടലിൽ ഒപ്പമുണ്ടായിരുന്ന വലിയ വള്ളത്തിൽനിന്ന് മീൻ തങ്ങളുടെ വളത്തിലേക്ക് കയറ്റുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഇവ൪ പറയുന്നു. വലിയ വള്ളത്തിലെ വലയിൽ മീൻ നിറയുന്നതിനുസരിച്ച് ചെറിയ വള്ളത്തിലേക്ക് മാറ്റുകയാണ് പതിവ്.
ഇന്നലെ അധികവും മത്തിയായിരുന്നു ലഭിച്ചത്. ചെറിയ വള്ളത്തിൽ നിറഞ്ഞ മൽസ്യം ഒരു ഭാഗത്തേക്ക് നീങ്ങിയതോടെ ബാലൻസ് നഷ്ടമായി വള്ളം മറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ട രമേശൻ പറഞ്ഞു.വള്ളംമറിഞ്ഞ വിവരമറിഞ്ഞ് കോസ്റ്റൽ പൊലീസും സംഭവസ്ഥലത്തെത്തിയിരുന്നു. തുട൪ന്ന് അപകടത്തിൽ പെട്ട മൂന്നുപേരെയും പതിനൊന്നേകാലോടെ പൊലീസിൻെറ ബോട്ടിൽ വാടി കടപ്പുറത്തെത്തിച്ചു. തുട൪ന്ന് പള്ളിത്തോട്ടം പൊലീസിൻെറ സഹായത്തോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമേശൻെറ പിതൃസഹോദര പുത്രനാണ് ഷാജി. രമേശൻെറ പിതൃസഹോദരീ പുത്രനാണ് അഭയദേവ്. ഫൈബ൪ വള്ളത്തിന് മൂന്നരലക്ഷം വിലവരും.
വള്ളം മറിയുന്നതിനിടെ കേടുപാടുകൾ പറ്റിയതിന് പുറമേ 25000 രൂപ വിലവരുന്ന വയ൪ലസ് സെറ്റ് നഷ്ടപ്പെട്ടു.
വള്ളത്തിലെ രണ്ട് എൻജിനുകളിലും വെള്ളം കയറിയിട്ടുണ്ട്. ടോ൪ച്ചും നഷ്ടപ്പെട്ടു. അപകടത്തിൽ പെട്ട വള്ളം മറ്റൊരു വള്ളത്തിൻെറ സഹായത്തോടെ നീണ്ടകരയിലേക്ക് കൊണ്ടുപോയി. വ൪ഷങ്ങളായി മത്സ്യബന്ധനം നടത്തി കുടുംബം പോറ്റുന്നവരാണ് മൂവരും.
ബോട്ട് അപകടത്തിൽപെട്ടതറിഞ്ഞ് പ്രദേശമാകെ ഏറെനേരം ആശങ്കയിലായിരുന്നു. രക്ഷപ്പെടുത്തിയെന്ന സന്ദേശം വന്നതോടെയാണ് ആശ്വാസമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.