വ്യാജ ഡ്രൈവിങ് ലൈസന്‍സ്: പൊലീസില്‍ പരാതി നല്‍കാതെ ഒത്തുകളി
text_fieldsകോഴിക്കോട്: കോഴിക്കോട് ആ൪.ടി. ഓഫിസിൽ പത്തോളം വ്യാജ ഡ്രൈവിങ് ലൈസൻസുകൾ പിടികൂടിയ സംഭവത്തിൽ ഒന്നരമാസം കഴിഞ്ഞിട്ടും പൊലീസിൽ പരാതിനൽകിയില്ല. പുതുക്കാനായി കൊണ്ടുവന്ന ലൈസൻസുകൾ പരിശോധിക്കുന്നതിനിടെ മോട്ടോ൪ വെഹിക്കിൾ ഇൻസ്പെക്ട൪ അജയകുമാറാണ് വ്യാജ ലൈസൻസുകൾ പിടികൂടിയത്. അപേക്ഷകരുടെ വിലാസമടക്കം ഉടൻ പൊലീസിൽ പരാതിനൽകുമെന്ന് അധികൃത൪ മാധ്യമങ്ങളെ അറിയിച്ചെങ്കിലും സംഭവം ഒതുക്കാൻ ശ്രമം നടക്കുന്നതായാണ് സൂചന. ക്രിമിനൽ കേസ് ആണെന്നറിഞ്ഞിട്ടും ഇതുവരെ പൊലീസിൽ പരാതിനൽകാത്തതാണ് സംശയം ഉയ൪ത്തുന്നത്. ഫെബ്രുവരി 22നാണ് വ്യാജ ലൈസൻസുകൾ പിടികൂടിയത്. 1990 മുതൽ 2001 വരെ എടുത്തവയാണ് പിടികൂടിയ വ്യാജ ലൈസൻസുകൾ. 1990-95 കാലഘട്ടത്തിൽ കോഴിക്കോട്ട് മോട്ടോ൪ വെഹിക്കിൾ ഇൻസ്പെക്ടറായെത്തിയ എം. ഷംസുദ്ദീൻെറ വ്യാജ ഒപ്പും സീലുമാണ് പതിച്ചിരുന്നത്. ഡ്രൈവിങ് സ്കൂൾ മുഖേന തരപ്പെടുത്തിയ ലൈസൻസ് വ്യാജനാണെന്നറിയാതെ ഉടമകൾ പുതുക്കാൻ കൊണ്ടുവന്നതാണെന്ന സംശയത്തിലായിരുന്നു അധികൃത൪.
വ്യാജരേഖ ചമച്ച് ഡ്രൈവിങ് ലൈസൻസ് നേടിയത് ഗുരുതര ക്രിമിനൽ കുറ്റമായിട്ടും ബന്ധപ്പെട്ടവരെ രക്ഷിക്കാൻ പിന്നീട് ശ്രമം നടന്നതായി വിവരമുണ്ട്. വ്യാജ ലൈസൻസ് പിടികൂടിയ സംഭവം ഉയ൪ന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെ ഒരു പത്രത്തിന് ചോ൪ത്തിനൽകിയതിനെക്കുറിച്ച് അന്വേഷണം നടത്താൻ ഡെപ്യൂട്ടി ട്രാൻസ്പോ൪ട്ട് കമീഷണ൪ ഉത്തരവിട്ടെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല.
ബുക്കിൻെറ സീരിയൽ നമ്പ൪, ലൈസൻസ് നൽകിയ തീയതിയും ലൈസൻസ് നമ്പറും തമ്മിലുള്ള പൊരുത്തക്കേട്, ബുക്കിൻെറ നിറവ്യത്യാസം, അശോക സ്തംഭത്തിലെ മങ്ങൽ, അക്ഷരത്തെറ്റുകൾ എന്നിവ കണ്ടെത്തിയതോടെയാണ് ഇവ വ്യാജനെന്ന് ഉദ്യോഗസ്ഥ൪ സ്ഥിരീകരിച്ചത്. ചില ലൈസൻസിൽ ജനനതീയതിയിലും വ്യത്യാസം കണ്ടെത്തിയിരുന്നു.
ആധുനിക രീതിയിൽ ഹോളോഗ്രാം പതിച്ച ലൈസൻസിൽ വരെ വ്യാജന്മാരെ കണ്ടെത്തിയതോടെ, ഇവ ഉടൻ പൊലീസിൽ ഹാജരാക്കി പരാതിനൽകേണ്ടതാണെങ്കിലും ഉദ്യോഗസ്ഥ൪ ഇപ്പോൾ ഒഴിഞ്ഞുമാറുകയാണ്. അതേസമയം, അപേക്ഷകരിൽനിന്ന് സ്റ്റേറ്റ്മെൻറ് വാങ്ങാൻ നി൪ദേശം നൽകിയിട്ടുണ്ടെന്നാണ് ആ൪.ടി.ഒയുടെ വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.