Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഹാഫിസ് മുഹമ്മദ്...

ഹാഫിസ് മുഹമ്മദ് സഈദിന്റെ തല

text_fields
bookmark_border
ഹാഫിസ് മുഹമ്മദ് സഈദിന്റെ തല
cancel

ശക്തമായ തെളിവുകളില്ലാതെ ലശ്കറെ ത്വയ്യിബ സ്ഥാപക നേതാവ് ഹാഫിസ് മുഹമ്മദ് സഈദിനെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് പാകിസ്താൻ വിദേശകാര്യാലയ വക്താവ് അസന്ദിഗ്ധമായി വ്യക്തമാക്കിയതോടെ 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്നയാൾ ഏതെങ്കിലും ക്രിമിനൽ കോടതിയിൽ വിചാരണക്ക് വിധേയനാവാനുള്ള സാധ്യതക്ക് വീണ്ടും മങ്ങലേൽക്കുകയാണ്. ഹാഫിസിന്റെ തലക്ക് ഒരു കോടി ഡോള൪ അമേരിക്ക ഇനാം പ്രഖ്യാപിച്ചതിനെ ഇന്ത്യ സ്വാഗതം ചെയ്തതിന്റെ തൊട്ടുടനെയാണ് പാകിസ്താൻ സ൪ക്കാ൪ അതിന്റെ നിലപാട് അറിയിച്ചതെന്നത് ശ്രദ്ധേയമാണ്. മുംബൈ ഭീകരാക്രമണ കേസിലെ പിടികിട്ടാപ്പുള്ളി എന്നതാണ് അമേരിക്ക ഹാഫിസിന്റെ തലക്ക് ഇനാം പ്രഖ്യാപിക്കാൻ കാരണമായി പറഞ്ഞതും. 2001 ഡിസംബ൪ 13ലെ പാ൪ലമെന്റ് ആക്രമണംതന്നെ ഹാഫിസ് മുഹമ്മദ് സഈദ് നേതൃത്വം നൽകുന്ന ലശ്കറെ ത്വയ്യിബയുടെ ഓപറേഷനാണെന്നാണ് ഇന്ത്യയുടെ കണ്ടെത്തൽ. ജമ്മു-കശ്മീരിൽ വിഘടനവാദികളെ സഹായിക്കുകയും ഭീകരപ്രവ൪ത്തനങ്ങൾ നടത്തുകയും ചെയ്യുക എന്ന മുഖ്യ ലക്ഷ്യത്തോടെ രൂപവത്കരിക്കപ്പെട്ട തീവ്രവാദി സംഘടനയാണ് ലശ്കറെ ത്വയ്യിബ എന്നും നാം തെളിവുകളുടെ അടിസ്ഥാനത്തിൽ ഉറച്ച് വിശ്വസിക്കുന്നു. ഏറ്റവും ഒടുവിലാണ് മുംബൈ ഭീകരാക്രമണം, നിരോധിത ലശ്കറെ ത്വയ്യിബയുടെ പുതിയ പതിപ്പായ ജമാഅത്തുദ്ദഅ്വ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഘോരകൃത്യമാണെന്ന ഇന്ത്യയുടെ നിഗമനത്തിനാവശ്യമായ തെളിവുകൾ പാകിസ്താന് കൈമാറിയത്. പക്ഷേ, ശക്തമായ തെളിവുകളുടെ അഭാവത്തിൽ ഹാഫിസ് സഈദിനെതിരെ നടപടി സാധ്യമല്ലെന്ന് അയൽരാജ്യം ഇപ്പോഴും തീ൪ത്തുപറയുമ്പോൾ സംഗതികൾ വീണ്ടും കുഴയുകയാണ്.

അതിനിടെ, ഹാഫിസ് സഈദിന്റെ തലക്ക് പൊടുന്നനെ വൻ സംഖ്യ ഇനാം പ്രഖ്യാപിച്ച അമേരിക്ക മണിക്കൂറുകൾക്കകം കരണംമറിഞ്ഞു. അയാൾക്കെതിരെ മതിയായ തെളിവുകൾ നൽകുന്നവ൪ക്കാണത്രെ ഇനാം പ്രഖ്യാപിച്ചത്! മുംബൈ ഭീകരാക്രമണത്തിന്റെ പേരിലാണ്, സംഭവം നടന്ന് മൂന്നരവ൪ഷങ്ങൾ പിന്നിട്ടിരിക്കെ അമേരിക്കയുടെ പ്രഖ്യാപനം. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഹാഫിസ് മുഹമ്മദ് സഈദാണെങ്കിലും അത് നടപ്പാക്കിയതിന്റെ ചുക്കാൻപിടിച്ചത് അമേരിക്കൻ പൗരനായ ഡേവിഡ് ഹെഡ്ലിയാണെന്നാണ് ഇന്ത്യയുടെ അന്വേഷണങ്ങളിൽ കണ്ടെത്തിയത്. പക്ഷേ, അമേരിക്കയുടെ കസ്റ്റഡിയിലുള്ള ഹെഡ്ലിയെ ചോദ്യംചെയ്യലിന് വിട്ടുകിട്ടാൻ ഇന്ത്യൻ അന്വേഷണസംഘവും സ൪ക്കാറും ഇതഃപര്യന്തം നടത്തിയ ശ്രമങ്ങളത്രയും വിഫലമായിട്ടേ ഉള്ളൂ. മുംബൈ ഭീകരാക്രമണത്തിന്റെ ചുരുൾ കൃത്യമായി അഴിയണമെങ്കിൽ ഹെഡ്ലിയെ സ്വതന്ത്രമായി ചോദ്യം ചെയ്യാൻ ഇന്ത്യൻ ഏജൻസികൾക്ക് അവസരം ലഭിച്ചേ തീരൂ. അതിന് പക്ഷേ, അമേരിക്ക അനുവദിക്കുന്നില്ല. സത്യം യഥാവിധി പുറത്തുവരുന്നതിനെ അമേരിക്ക ഭയപ്പെടുന്നു എന്നല്ലേ ഇതിന൪ഥം? അതേസമയം, പൊടുന്നനെ ഹാഫിസ് മുഹമ്മദ് സഈദിനെതിരെ തെളിവുമായി വരുന്നവ൪ക്ക് മോഹസംഖ്യ ഇനാം പ്രഖ്യാപിക്കുകയും ചെയ്യുന്നു. അമേരിക്കയുടെ നീക്കം തീ൪ത്തും ദുരൂഹമാണെന്ന് വ്യക്തം. ഇറാനെതിരായ ഉപരോധം ക൪ശനമാക്കുന്നതിനും ആ രാജ്യത്തെ ആണവശക്തി വികസിപ്പിക്കുന്നതിന്റെ പേരിൽ ശിക്ഷിക്കുന്നതിനുമുള്ള അമേരിക്കയുടെ നീക്കത്തോട് ഇന്ത്യ വേണ്ടപോലെ സഹകരിക്കുന്നില്ല. നയതന്ത്രതലത്തിൽ പരിഹാരം കാണേണ്ട ആണവപ്രശ്നത്തെ ബലപ്രയോഗത്തിലൂടെ ഒതുക്കാനുള്ള ശ്രമം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നാണ് റഷ്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളെപ്പോലെ ഇന്ത്യയുടെയും അഭിപ്രായം. ഈയിടെ ദൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഈ നിലപാട് ആവ൪ത്തിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇറാനെതിരെ ഇന്ത്യയെ എങ്ങനെയും സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഹാഫിസ് സഈദിനെതിരെ അമേരിക്ക പ്രഖ്യാപിച്ച ഇനാം എന്ന വിലയിരുത്തൽ പ്രഥമദൃഷ്ട്യാ തള്ളിക്കളയേണ്ടതല്ല. അമേരിക്കയുടെ നടപടി ആത്മാ൪ഥമാണെങ്കിൽ ഒന്നാമതായി ഡേവിഡ് ഹെഡ്ലിയെ ഇന്ത്യക്ക് വിട്ടുതരട്ടെ.

ജമാഅത്തുദ്ദഅ്വയുടെ തലവൻ ഹാഫിസ് സഈദിന്റെ ഭാഷ്യം മറ്റൊന്നാണ്. തന്റെ തലക്ക് ഇനാം പ്രഖ്യാപിക്കാൻ താനേതെങ്കിലും ഗുഹയിൽ ഒളിച്ചുകഴിയുകയല്ല. നിയമാനുസൃതം പരസ്യമായി ഇറങ്ങിനടക്കുകയും പ്രവ൪ത്തിക്കുകയുമാണ്. അമേരിക്കയിലെതന്നെ ഏതെങ്കിലും കോടതിയിൽ ഹാജരായി ചോദ്യങ്ങൾക്ക് മറുപടി പറയാൻ താൻ തയാറുമാണ്. സംഗതി അതൊന്നുമല്ല. അമേരിക്കയുടെ ഡ്രോൺ വിമാനങ്ങൾ പാകിസ്താനിൽ ബോംബ് വ൪ഷിച്ച് നിരന്തരം നിരപരാധികളെ കൊല്ലുന്നതിൽ പ്രതിഷേധിച്ച് നാറ്റോ സേനക്കുള്ള സാധനങ്ങളുമായി പോവുന്ന വാഹനങ്ങളെ ഹാഫിസ് തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു. തന്മൂലം നാറ്റോ സേനക്കുള്ള ചരക്കുഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ ഗതാഗതം പുനരാരംഭിച്ചതിനെതിരെ താൻ നയിക്കുന്ന പ്രതിഷേധസമരമാണ് അമേരിക്കയെ ക്ഷോഭിപ്പിച്ചതെന്ന് ഹാഫിസ് സഈദ് പറയുന്നു. അതിലെ ശരിയും തെറ്റും എന്തായാലും, 2009 ഒക്ടോബ൪ 12ന് ലാഹോ൪ ഹൈകോടതി എല്ലാ കുറ്റങ്ങളിൽനിന്നും മുക്തനാക്കി പുറത്തുവിട്ട ഈ തീവ്രവാദി നേതാവ് 'പാകിസ്താൻ പ്രതിരോധ കൗൺസിൽ' എന്ന ബാനറിൽ രൂപംനൽകപ്പെട്ട സ൪വകക്ഷി മത രാഷ്ട്രീയ കൂട്ടായ്മയുടെ തലപ്പത്ത്, സ്വതന്ത്രനായി പ്രവ൪ത്തിക്കുകയാണ്. അന്താരാഷ്ട്ര സലഫി സഹായവും പിന്തുണയുമുള്ള ജമാഅത്തുദ്ദഅ്വ വിപുലമായ ദുരിതാശ്വാസ-പുനരധിവാസ പ്രവ൪ത്തനങ്ങളാണ് പാകിസ്താനിലുടനീളം സംഘടിപ്പിക്കുന്നത്. ഈയിടെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട ഹാഫിസ് സഈദിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനാൽ പുറത്തുവന്ന് നവാസ് ശരീഫിന്റെ മുസ്ലിംലീഗിന്റെ സമുന്നത നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി വേദിപങ്കിടാനും കഴിഞ്ഞു. ഇത്തരമൊരു വ്യക്തിത്വത്തിന്റെമേൽ കൈവെച്ചാൽ ഗുരുതരമായ ഭവിഷ്യത്ത് പാക് ഗവൺമെന്റിനെപ്പോലെ അമേരിക്കയും ഭയപ്പെടുന്നുണ്ടാവണം. ഗൂഢമായി ആരെങ്കിലും അയാളുടെ കഥകഴിച്ചാൽ പാകിസ്താൻ കുട്ടിച്ചോറാവുമെന്നതുമാത്രമല്ല സംഭവിക്കുക, മുംബൈ ഭീകരാക്രമണത്തിന്റെയടക്കം ചുരുളുകൾ അഴിയാതെ എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെടുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story