ഷൂട്ടിങ്ങിനിടെ വിഷവാതകം ശ്വസിച്ച് പത്തുപേര്‍ ചികിത്സയില്‍
text_fieldsകളമശ്ശേരി: ഷൂട്ടിങ്ങിനിടെ ബസിൽനിന്ന് വിഷവാതകം ശ്വസിച്ച് പിഞ്ചുകുഞ്ഞടക്കം പത്തുപേ൪ ചികിത്സയിൽ. എറണാകുളം സ്വദേശികളായ വിനീത് ചോറ്റാനിക്കര, സാം മുളന്തുരുത്തി (28), ഷെ൪ളി തലയോലപ്പറമ്പ് (48), റിസ്വാൻ (റച്ചു-20) പള്ളുരുത്തി, അമ്മു ചോറ്റാനിക്കര (13), പാലാരിവട്ടം സ്വദേശികളായ സനൽ (39), വിനു (26), ദിലീപ് കലൂ൪ (28), മേരിക്കുട്ടി ഇടപ്പള്ളി (48), ഒമ്പതുമാസം പ്രായമായ പ്രാ൪ഥന എന്നിവരാണ് ശ്വാസതടസ്സം നേരിട്ടതിനാൽ കൊച്ചി സഹകരണ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ഇവരിൽ ആറുപേ൪ തീവ്രപരിചരണ വിഭാഗത്തിലാണ്.
ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. ടെക്സ്റ്റൈൽ സ്ഥാപനത്തിൻെറ പരസ്യ ചിത്രീകരണത്തിനായി കെ.എസ്.ആ൪.ടി. സിയിൽ നിന്ന് വാടകക്കെടുത്ത വോൾവോ ബസിലാണ് വിഷവാതകം ചോ൪ന്നത്. കാക്കനാട് എൻ. ജി.ഒ ക്വാ൪ട്ടേഴ്സിൽ നിന്ന് ഷൂട്ടിങ്ങിനായി പുറപ്പെട്ട് സീപോ൪ട്ട് -എയ൪പോ൪ട്ട് റോഡിലൂടെ ബസ് പോകുന്നവഴി അതിലുള്ളവ൪ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. എന്നാൽ, സംഭവം ഗൗരവമായെടുക്കാതെ ബസ് എച്ച്.എം.ടി റോഡിലൂടെ മുന്നോട്ടുപോകുന്നതിനിടെ ചില൪ കുഴഞ്ഞുവീഴാൻ തുടങ്ങി. ഉടൻ ബസ് നി൪ത്തി കുഴഞ്ഞുവീണവരെ കൊച്ചി സഹകരണ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിലെത്തുമ്പോൾ പിഞ്ചുകുഞ്ഞടക്കമുള്ള നാലുപേരുടെ നില ഗുരുതരമായിരുന്നതായി ആശുപത്രി അധികൃത൪ പറഞ്ഞു. രണ്ടുമണിക്കൂറിന് ശേഷമാണ് അപകടനില തരണം ചെയ്തത്. ഷൂട്ടിങ്ങിനായി ബസിൽ ഘടിപ്പിച്ച ജനറേറ്ററിൽനിന്ന് വാതകം ചോ൪ന്നതാണ് അപകടകാരണമെന്ന് ആശുപത്രി അധികൃത൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.