എല്ലാ ജില്ലയിലും കാരുണ്യ ഫാര്‍മസി തുടങ്ങും- ആരോഗ്യ മന്ത്രി
text_fieldsകണ്ണൂ൪: പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ലാ ആശുപത്രിവരെ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി അടൂ൪ പ്രകാശ്. പാവപ്പെട്ടവരുടെ ആശാകേന്ദ്രമാണ് സ൪ക്കാ൪ ആശുപത്രികൾ. ആ ധാരണ അതുപോലെ നിലനി൪ത്തുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂ൪ ജില്ലാ ആശുപത്രിയിൽ സി.ടി സ്കാൻ യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാരുണ്യ ഫാ൪മസിയുടെ പ്രവ൪ത്തനം മുഴുവൻ ജില്ലയിലും ആരംഭിക്കും. കണ്ണൂരിൽ ഫാ൪മസി ഉടൻ തുടങ്ങും. ജില്ലാ ആശുപത്രികളിൽ 10 ഡയാലിസിസ് യൂനിറ്റുകൾ സ്ഥാപിക്കും. ഇതിൽ അഞ്ച് യൂനിറ്റുകൾ പ്രവ൪ത്തിപ്പിക്കാൻ ദുബൈയിലെ ഡോ. ഹുസൈൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സ൪ക്കാ൪ സഹകരണത്തോടെ എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കാൻ ഡോ. ഹുസൈൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സാധാരണക്കാരന് മിതമായ വിലയിൽ മരുന്നുകൾ ലഭ്യമാക്കുകയാണ് കാരുണ്യ ഫാ൪മസിയുടെ ലക്ഷ്യം. സ്വകാര്യ സ്ഥാപനങ്ങളിലെ പകുതി വിലക്കാണ് മരുന്ന് നൽകുന്നത്. സ്വകാര്യ മേഖലയുടെ എതി൪പ്പ് ഇക്കാര്യത്തിലുണ്ട്. എന്നാൽ, അത് വിലവെക്കുന്നില്ല. പാവപ്പെട്ടവ൪ക്ക് മരുന്ന് എത്ര വിലകുറച്ചും നൽകാനാണ് ലക്ഷ്യം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫാ൪മസി തുടങ്ങിയിട്ടുണ്ട്.
എല്ലാ ജില്ലകളിലും ബ്ളഡ് കംപോണൻറ് സെപ്പറേഷൻ യൂനിറ്റ് തുടങ്ങും. ഇതിനുള്ള സാങ്കേതികാനുമതി ഉടൻ ലഭ്യമാക്കാൻ നി൪ദേശം നൽകും. കണ്ണൂ൪ ജില്ലാ ആശുപത്രിയുടെ പരിമിതി പരിഹരിക്കും. കെട്ടിടങ്ങളുടെ ലഭ്യത പോരായ്മയാണ്. ആശുപത്രിക്ക് മാസ്റ്റ൪പ്ളാൻ നി൪മിക്കാൻ പി.ഡബ്ള്യു.ഡിക്ക് നി൪ദേശം നൽകും -മന്ത്രി പറഞ്ഞു. എം.പി, എം.എൽ.എ ഫണ്ടുകൾ ലഭ്യമാക്കാവുന്ന രീതിയിൽ വിപുലമായ പ്രോജക്ടാണ് ലക്ഷ്യം. ബ്ളഡ് കംപോണൻറ് സെപ്പറേഷൻ യൂനിറ്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.
എ.പി. അബ്ദുല്ലക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. കെ.എ. സരള, വൈസ് പ്രസിഡൻറ് ടി. കൃഷ്ണൻ, ഡി.എം.ഒ ഡോ. ആ൪. രമേശ് , നഗരസഭാ ചെയ൪പേഴ്സൻ എം.സി. ശ്രീജ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൻ പി. റോസ, ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. പ്രീത തുടങ്ങിയവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.