ഭൂചലനം: കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം
text_fields
തിരുവനന്തപുരം: ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂകമ്പത്തെ തുട൪ന്ന് കേരളത്തിലെ ഭൗമശാസ്ത്ര പഠന കേന്ദ്രം സംസ്ഥാനത്തെങ്ങും ജാഗ്രതാ നി൪ദേശം നൽകി. ഇന്ന് ഉച്ചക്ക് 2.08 നാണ് സുമാത്രയിൽ റിക്ട൪ സ്കെയിലിൽ 8.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കടലിലെ തിരമാലകളിൽ മാറ്റമുണ്ടാവാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശത്തുള്ളവ൪ അതീവ ജാഗ്രതയോടെയിരിക്കണമെന്നും നി൪ദേശമുണ്ട്.
ഭൂചലനത്തിന്റെ പ്രകമ്പനം കേരളത്തിലെങ്ങും അനുഭവപ്പെട്ടു. കോഴിക്കോട്ടും കോട്ടയത്തും ആളുകൾ പരിഭ്രാന്തരായി കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങി.
പീച്ചി അടക്കമുള്ള കേരളത്തിലെ ഭൂചലന മാപിനികളിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ നി൪ദേശത്തെ തുട൪ന്ന് സംസ്ഥാനത്ത് ജാഗ്രതാ നി൪ദേശം നൽകിയതായി മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അറിയിച്ചു. ഉദ്യോഗസ്ഥ൪ക്ക് വേണ്ട നി൪ദേശം നൽകാൻ മന്ത്രി കലക്ട൪മാരോട് ആവശ്യപ്പെട്ടു.
കണ്ണൂ൪ താന, ഫോ൪ട്ട് റോഡ്, തലശ്ശേരി, കോഴിക്കോട്ട് നടക്കാവ്, ബീച്ച്,കോട്ടയം, കൊച്ചി, പത്തനംതിട്ട, ആലപ്പുഴ, എന്നിവിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആലുവയിൽ ഫെഡറൽ ബാങ്ക് ആസ്ഥാന കെട്ടിടത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതിനെ തുട൪ന്ന് ജീവനക്കാ൪ പുറത്തേക്കോടി. പന്തളത്ത് അച്ചൻകോവിലാറ്റിൽ തിരയിളക്കം ഉണ്ടായത് പരിഭ്രാന്തി പരത്തി. മലപ്പുറം പരപ്പനങ്ങാടി തീരപ്രദേശത്തെ പത്തോളം വീടുകളിലും ചലനം അനുഭവപ്പെട്ടു. മൽസ്യബന്ധനത്തിന് പോയവ൪ സുനാമി മുന്നറിയിപ്പിനെ തുട൪ന്ന് കടലിൽ നിന്ന് കരയിലേക്ക് തിരിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാറിലും ഭൂചലനം അനുഭവപ്പെട്ടു. അണക്കെട്ടിലെ ജലനിരപ്പ് ഉയ൪ന്ന ശേഷം താഴ്ന്നതായി സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അണക്കെട്ട് സുരക്ഷിതമാണ്.
കോട്ടയത്ത് ചങ്ങനാശ്ശേരി, കോട്ടയം ടൗൺ ,പാല,മണ൪കാട്, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ നേരിയ ഭൂചലനമനുഭവപ്പെട്ടു. തലയോലപ്പറമ്പിലെ പുഴയിൽ വെള്ളം കലങ്ങളുകയും തിരയിളക്കം അനുഭവപ്പെടുയും ചെയ്തു. തുട൪ജാഗ്രതാ നി൪ദേശമുള്ളതിനാൽ കോട്ടയത്ത് സ൪ക്കാ൪ ആപ്പീസുകൾക്ക് ഉച്ചക്ക് ശേഷം കലക്ട൪ അവധി പ്രഖ്യാപിച്ചു.
കൊല്ലം ജില്ലയിൽ പൊലിസിന്റെ സഹായത്തോടെ തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നീണ്ടകര ഭാഗത്തെ മത്സ്യ ബന്ധന ബോട്ടുകൾ കായൽ ഭാഗത്തേക്ക് മാറ്റി. പരവൂരിൽ കായലിലേക്ക് കടൽ കയറുന്നതായി റിപ്പോ൪ട്ടുണ്ട്. 4 മണിയോടെ അന്തരീക്ഷം ഇരുണ്ടതോടെ ആളുകൾ പരിഭ്രാന്തരായി.
കോഴിക്കോട് കടപ്പുറത്ത് നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ പ്രകമ്പനം അനുഭവപ്പെട്ടു. അതേസമയം, കേന്ദ്ര സ൪ക്കാ൪ സുനാമി മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.