കോട്ടയത്ത് വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു
text_fieldsകോട്ടയം: നഗരത്തിലെ പ്രധാനപാതയോരത്തെ അനധികൃത കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചു. കോടിമത പച്ചക്കറി മാ൪ക്കറ്റിലേക്കുള്ള സ്വകാര്യബസുകൾക്ക് തടസ്സമായി നിൽക്കുന്ന എം.എൽ റോഡിലെ വഴിയോര കച്ചവടക്കാരെയാണ് ഒഴിവാക്കിയത്.
പൊലീസ് സംരക്ഷണത്തോടെയുള്ള ഒഴിപ്പിക്കലിനെതിരെ കച്ചവടക്കാ൪ പ്രതിഷേധിച്ചത് നേരിയ സംഘ൪ഷത്തിന് കാരണമായി. സി.എം.എസ് കോളജിന് സമീപം പഴക്കട കത്തിച്ച സംഭവത്തിന് പിന്നിൽ ഫുട്പാത്ത് കേന്ദ്രീകരിച്ചുള്ള ലോബിയാണെന്ന് കണ്ടെത്തിയതോടെയാണ് അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചത്.
നഗരസഭാ ആരോഗ്യവിഭാഗം സൂപ്പ൪വൈസ൪ എം.എം മത്തായിയുടെയും വെസ്റ്റ് സി.ഐ എ.ജെ.തോമസിൻെറയും നേതൃത്വത്തിൽ വൻപൊലീസ് സന്നാഹവും ഉണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ 7.30 മുതൽ ഉച്ചവരെയായിരുന്നു ഒഴിപ്പിക്കൽ നടപടികൾ. ശാസ്ത്രി റോഡിൽ വൈ.എം. സി.എ ജങ്ഷൻ മുതൽ കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻഡ്വരെയും പോസ്റ്റ് ഓഫിസിന് പിന്നിലെ റോഡിലെ യും അനധികൃത കച്ചവടക്കാരെയും നീക്കി.
വിഷുവിൻെറ കച്ചവടം തകൃതിയായി നടക്കുന്നതിനിടെ മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കാനെത്തിയ നഗരസഭയുടെ നടപടിക്കെതിരെയാണ് കച്ചവടക്കാ൪ പ്രതിഷേധമുയ൪ത്തിയത്. സ൪ക്കാ൪ ഭൂമി കൈയേറിയും മറിച്ചുവിറ്റും വാഹനങ്ങൾക്ക് മാ൪ഗതടസ്സം സൃഷ്ടിക്കുന്ന അനധികൃത വ്യാപാരം അനുവദിക്കില്ലെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ വി.കെ. അനിൽകുമാ൪ പറഞ്ഞു. നഗരസഭാ ആരോഗ്യവിഭാഗം ജൂനിയ൪ ഇൻസ്പെക്ട൪മാരായ ജേക്കബ്സൺ, തങ്കം, അഞ്ജു കെ. തമ്പി, അജിത്ത്, രാജേഷ് എന്നിവ൪ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.