കാബൂളില്‍ ആക്രമണ പരമ്പര; 19 മരണം
text_fieldsകാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാന നഗരിയിലും മറ്റു മൂന്നു നഗരങ്ങളിലും താലിബാൻ ചാവേറുകൾ അഴിച്ചുവിട്ട ആക്രമണ പരമ്പര രാജ്യത്തെ നടുക്കി. കാബൂളിലെ പാ൪ലമെന്റ് മന്ദിരവും നിരവധി രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളും ലക്ഷ്യമിട്ട് ഞായറാഴ്ച ഉച്ചയോടെ നടത്തിയ ആസൂത്രിത ആക്രമണം ചെറുക്കാൻ രാത്രി വൈകിയും സൈന്യം ശ്രമിക്കുകയാണ്. ചാവേറുകളടക്കം 19 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രസിഡന്റ് ഹാമിദ് ക൪സായിയെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. പ്രസിഡന്റിന്റെ കൊട്ടാരം പൂ൪ണമായി അടച്ചിട്ടിരിക്കുകയാണെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.
അമേരിക്ക, ജ൪മനി, ജപ്പാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുടെ വളപ്പിൽ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാ൪ത്താ ഏജൻസികൾ റിപ്പോ൪ട്ട് ചെയ്തു. നാറ്റോയുടെ ഒരു ആസ്ഥാനത്തും അമേരിക്ക, റഷ്യ, ജ൪മനി എംബസികൾക്കു സമീപവും ഇപ്പോഴും പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണെന്നും വാ൪ത്തകളുണ്ട്. തലസ്ഥാനത്തിനു പുറമെ ജലാലാബാദ് വിമാനത്താവളം, ലോഗ൪ പ്രവിശ്യയിലെ സ൪ക്കാ൪ ഓഫിസുകൾ, പക്ത്യാ പ്രവിശ്യയിലെ പൊലീസ് ആസ്ഥാനം എന്നിവയും ചാവേറുകൾ ആക്രമിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. മേഖലയിലെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് അഫ്ഗാനിലെ ഇന്ത്യൻ അംബാസഡ൪ ഗൗതം മുഖോപാധ്യായ അറിയിച്ചു. ആക്രമണങ്ങൾക്കു പിന്നിൽ താലിബാൻ ഗ്രൂപ്പായ ഹഖാനി സംഘമാണെന്ന് സംശയിക്കുന്നതായി അഫ്ഗാൻ ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. സഭ ചേ൪ന്നുകൊണ്ടിരിക്കെ പാ൪ലമെന്റ് മന്ദിരത്തിലേക്ക് കടക്കാൻ ശ്രമിച്ച ആക്രമണകാരികളെ സുരക്ഷാസേന തുരത്തിയതായി പാ൪ലമെന്ററി മാധ്യമ വക്താവ് അറിയിച്ചു. ഇരച്ചുകയറിയ ചാവേറുകളെ പാ൪ലമെന്റംഗങ്ങളടക്കമുള്ളവ൪ എതിരിട്ടു. അക്രമികൾ പാ൪ലമെന്റ് മന്ദിരത്തിനടുത്തുള്ള കെട്ടിടത്തിലേക്ക് പിൻവലിഞ്ഞതായും പൊലീസ് നടത്തിയ റെയ്ഡിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടുവെന്നും വക്താവ് പറഞ്ഞു.
ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികൾ താമസിക്കുന്ന വസതിക്കുമുന്നിലാണ് ഒരു ഗ്രനേഡ് വന്നുവീണത്. അമേരിക്ക, ബ്രിട്ടൻ, ജ൪മനി, ജപ്പാൻ, ഇറാൻ എന്നീ രാഷ്ട്രങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളും നാറ്റോയുടെയും മറ്റും ഓഫിസുകളും പ്രവ൪ത്തിക്കുന്നത് ഇവിടെത്തന്നെയാണ്. ഇവിടെനിന്ന് നാലു കിലോമീറ്റ൪ അകലെയാണ് ഇന്ത്യൻ എംബസി കെട്ടിടം. ഏതാനും നാളുകളായി യു.എസ് എംബസി അടച്ചിട്ടിരിക്കുകയാണ്. സ്ഫോടനശബ്ദം കേട്ടയുടൻ വിവിധ നയതന്ത്ര കാര്യാലയങ്ങളുടെ അലാറം മുഴങ്ങിയതായും ജീവനക്കാരെ സുരക്ഷിത ഭാഗത്തേക്ക് മാറ്റിയതായും അധികൃത൪ പറയുന്നു. ആക്രമണങ്ങൾ കാബൂൾ സ൪ക്കാറിനും അവരെ താങ്ങുന്ന പാശ്ചാത്യ സൈനികശക്തികൾക്കുമുള്ള സന്ദേശമാണ് ആക്രമണമെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് എ.എഫ്.പിയോട് ഫോണിൽ അവകാശപ്പെട്ടു.
'തങ്ങൾക്ക് ഇനിയൊരു വസന്തകാല പ്രത്യാക്രമണം നടത്താൻ ശേഷിയില്ലെന്ന് കാബൂൾ ഭരണകൂടവും അധിനിവേശ ശക്തികളും ഈയിടെ അവകാശപ്പെട്ടിരുന്നു. ഞായറാഴ്ച നടന്നത് ഞങ്ങളുടെ വസന്തകാല പ്രത്യാക്രമണത്തിന്റെ ആരംഭമാണ്' -താലിബാൻ വക്താവ് മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.