മാനേജ്മെന്റ് അസോസിയേഷന്റെ പ്രവേശ പരീക്ഷ മാറ്റി
text_fieldsകൊച്ചി: സ്വാശ്രയ മെഡിക്കൽ പി.ജി ഡിപ്ലോമ കോഴ്സുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷൻ ഞായറാഴ്ച നടത്താൻ നിശ്ചയിച്ച പ്രവേശ പരീക്ഷ മാറ്റി. ജസ്റ്റിസ് പി.എ. മുഹമ്മദ് അധ്യക്ഷനായ പ്രവേശ മേൽനോട്ട സമിതിയുടെ അംഗീകാരമില്ലാത്ത പരീക്ഷ അസാധുവാണെന്ന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റിയതെന്നാണ് വിവരം. എന്നാൽ, മാനേജ്മെന്റ് അസോസിയേഷൻ ഇത് സമ്മതിക്കുന്നില്ല.
അസോസിയേഷന്റെ വെബ്സൈറ്റിൽ പരീക്ഷ മാറ്റിയ വിവരമുണ്ട്. പുതുക്കിയ തീയതിയും സ്ഥലവും പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കുന്നു. പ്രവേശ മേൽനോട്ടസമിതിയുടെ അംഗീകാരത്തിന് പ്രോസ്പെക്ടസ് സമ൪പ്പിക്കാതെയും മുൻകൂ൪ അനുമതി വാങ്ങാതെയും പരീക്ഷ തീരുമാനിച്ചതിനാലാണ് മുഹമ്മദ് കമ്മിറ്റി പരീക്ഷ അസാധുവാക്കിയത്. കേരള ക്രിസ്ത്യൻ പ്രഫഷനൽ കോളജ് മാനേജ്മെന്റിനും മറ്റ് സ്വാശ്രയ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.