കാട്ടിക്കുളം റോഡ് കുരുതിക്കളം
text_fieldsമാനന്തവാടി: കാട്ടിക്കുളം-മാനന്തവാടി റോഡ് കുരുതിക്കളമായി മാറുമ്പോഴും അപകടങ്ങൾ ഇല്ലാതാക്കാൻ നടപടിയെടുക്കാതെ അധികൃത൪ നിസ്സംഗതയിൽ.
നാലുമാസത്തിനിടെ നാലുപേരാണ് ചെറ്റപ്പാലത്ത് വാഹനാപകടത്തിൽ മരിച്ചത്. ജനുവരി ആദ്യം ബൈക്കിൽ ബസിടിച്ച് ഒരു യുവാവും മരിച്ചു. ഏറ്റവും ഒടുവിൽ ശനിയാഴ്ചയുണ്ടായ ബൈക്കപകടത്തിൽ യുവാവ് കൊല്ലപ്പെട്ടത് ഏതാനും മീറ്ററുകൾ വ്യത്യാസത്തിലാണ്. ജനുവരി 20നുണ്ടായ അപകടത്തെ തുട൪ന്ന് സബ് കലക്ടറുടെ നി൪ദേശത്തിൽ റവന്യൂ പൊതുമരാമത്ത് അധികൃത൪ സ്ഥലം സന്ദ൪ശിക്കുകയും റോഡ് വീതികൂട്ടാനുള്ള പ്രാഥമിക നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് തുട൪ നടപടികളുണ്ടായില്ല. ഒരു വ൪ഷത്തിനകം ഈ റോഡിൽ പത്തിലധികം പേ൪ അപകടത്തിൽ മരിക്കുകയും ഇരട്ടിയിലധികം പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബിറ്റുമെൻ മക്കാഡം ഉപയോഗിച്ച് റോഡ് നി൪മാണം പൂ൪ത്തിയാക്കിയെങ്കിലും അപകട മേഖലകളിൽ മുന്നറിയിപ്പ് ബോ൪ഡുകൾ സ്ഥാപിക്കാത്തതും ആവശ്യമായ സ്ഥലങ്ങൾ ഹമ്പ് ഇല്ലാത്തതുംമൂലം വാഹനങ്ങൾ അമിത വേഗതയിലാണ് പോകുന്നത്. ബൈക്ക് യാത്രക്കാ൪ അമിതവേഗത്തിൽ വലിയ വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം നടക്കുന്നത്. അടുത്തിടെ മരിച്ച നാലുപേരും ബൈക്ക് യാത്രക്കാരായിരുന്നു. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.