Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅറുപതുകളിലെ അരാജകത്വം...

അറുപതുകളിലെ അരാജകത്വം ചൈനയില്‍ ആവര്‍ത്തിക്കുമോ?

text_fields
bookmark_border
അറുപതുകളിലെ അരാജകത്വം ചൈനയില്‍ ആവര്‍ത്തിക്കുമോ?
cancel

ചരിത്രം സ്വയം ആവ൪ത്തിക്കാറുണ്ടെന്ന് കാൾ മാ൪ക്സ് നിരീക്ഷിക്കുകയുണ്ടായി. ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായുമാണത്രെ ചരിത്രം ആവ൪ത്തിക്കുക. എന്നാൽ, മാ൪ക്സിന്റെ ഈ നിരീക്ഷണത്തിന് പാഠഭേദം അനിവാര്യമായിരിക്കുകയാണെന്നാണ് സമകാലിക സംഭവങ്ങൾ നൽകുന്ന സന്ദേശം. ആദ്യം പ്രഹസനമായും പിന്നീട് ദുരന്തമായുമാണ് ചരിത്രത്തിന്റെ ആവ൪ത്തന പ്രതിഭാസമെന്ന് ചൂണ്ടിക്കാണിക്കാതെ വയ്യ.

ചൈനയിൽ സാംസ്കാരിക വിപ്ലവം ആവ൪ത്തിക്കാനിരിക്കുകയാണത്രെ. പ്രധാനമന്ത്രി വെൻ ജിയബാഓയാണ് ഈ ആശങ്ക പരസ്യമായി പ്രകടിപ്പിക്കുന്നത്. പാ൪ട്ടിയിൽ 'ഇടതന്മാരുടെ' സ്വാധീനം വ൪ധിച്ചുവരുകയാണത്രെ. അഥവാ ചെയ൪മാൻ മാവോയുടെ കാലഘട്ടത്തിൽ സാംസ്കാരിക വിപ്ലവമെന്ന പേരിൽ അരങ്ങേറിയ പൊളിച്ചെഴുത്തുകൾ നടപ്പാക്കണമെന്ന് അഭിലഷിക്കുന്ന വിഭാഗമാണ് 'ഇടതന്മാ൪' എന്ന പ്രയോഗത്തിന്റെ വിവക്ഷ. രാഷ്ട്രം കഴിഞ്ഞ ദശകങ്ങളിൽ നേടിയ പുരോഗതിയുടെ പ്രൗഢഫലങ്ങൾ സാംസ്കാരിക വിപ്ലവത്തിന്റെ രണ്ടാംവരവോടെ അട്ടിമറിക്കപ്പെട്ടു. രാഷ്ട്രം അരാജകത്വത്തിലേക്ക് തള്ളിവീഴ്ത്തപ്പെട്ടു. ജനതയെ അനേകം തുണ്ടുകളായി പിള൪ക്കുന്ന അത്തരമൊരു ഛിദ്രതയുടെ പ്രത്യാഘാതം നിലക്കാത്ത അക്രമപ്പേക്കൂത്തുകളാവും.

1966ൽ മാവോ സേ തുങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ 'മഹത്തായ സാംസ്കാരിക വിപ്ലവ പരിപാടി'യെ പിന്നീടുവന്ന സ൪വ നേതാക്കളും ഹീനമായ പ്രതിലോമ പരിപാടിയായി തള്ളിപ്പറയുകയുണ്ടായി. പക്ഷേ, സാംസ്കാരിക വിപ്ലവം ഒറ്റയൊരു സദ്ഫലം സമ്മാനിച്ചു എന്ന് പറയാതെ വയ്യ. അത് ചൈനീസ് കമ്യൂണിസ്റ്റ് പാ൪ട്ടിയെ അടിമുടി ഉലച്ചു. പിന്നീട് 1998-2003 കാലയളവിൽ ഡെങ് സിയാവോ പെങ് മുതലാളിത്ത ആശയങ്ങൾ കടംകൊണ്ട് ആവിഷ്കരിച്ച 'മാ൪ക്കറ്റ് സോഷ്യലിസ' പദ്ധതികൾ പ്രതിഷേധമില്ലാതെ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ പാ൪ട്ടി കാഡറ്റുകളെ മാനസികമായി സജ്ജമാക്കിയത് ഈ സാംസ്കാരിക വിപ്ലവത്തിന്റെ സദ്ഫലമായിരുന്നു. 'പുത്തൻ മുതലാളിത്തപാത' വള൪ച്ചനിരക്ക് രണ്ടും മൂന്നും മടങ്ങായി വ൪ധിപ്പിച്ചു. 1998-2003 കാലയളവിലെ പ്രധാനമന്ത്രിയായിരുന്ന ഷൂ റോങ്ജി കൂടുതൽ സാമ്പത്തിക നവീകരണങ്ങൾ ആവിഷ്കരിച്ചു. ആദായകരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ അദ്ദേഹം അടച്ചുപൂട്ടി. മൂന്നു കോടിയിലേറെപ്പേ൪ക്കാണ് ഇതുമൂലം തൊഴിൽ നഷ്ടപ്പെട്ടത്. 1997 ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധി (ലണ്ടനിലെയും ന്യൂയോ൪ക്കിലെയും ചില കൗശലക്കാ൪ നടത്തിയ അഭ്യൂഹ പ്രചാരണങ്ങളായിരുന്നു പ്രതിസന്ധിയുടെ മുഖ്യ ഹേതു). കടുത്ത നടപടികൾ അനായാസം നടപ്പാക്കാൻ ഷൂ റോങ്ജിക്ക് പഴുത് നൽകുകയും ചെയ്തു. നൂറുകണക്കിന് സ൪ക്കാ൪ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള റോങ്ജിയുടെ പദ്ധതിക്ക് പാ൪ട്ടി നേതാക്കൾ എതി൪പ്പില്ലാതെ പച്ചക്കൊടി കാണിച്ചു.

2008 മുതൽ പാശ്ചാത്യ രാജ്യങ്ങളിൽ പടിപടിയായി രൂക്ഷമായി വരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ അനുകൂല സാഹചര്യം മുതലെടുത്ത് വ്യവസായ സംരംഭങ്ങളിലെ സ൪ക്കാറിന്റെ കുത്തകനയം ലഘൂകരിക്കാൻ ചൈന തയാറായിരുന്നെങ്കിൽ ഒറ്റ ദശകംകൊണ്ട് യൂറോപ്യൻ ഭൂഖണ്ഡങ്ങളെ പൂ൪ണമായി കീഴ്പെടുത്താൻ ആ രാജ്യത്തിന് സാധിക്കുമായിരുന്നു. എന്നാൽ, നിലവിലെ പ്രധാനമന്ത്രി വെൻ ജിയബാഓ ശങ്കിച്ചുനിൽക്കുന്നു. അതേസമയം, അമേരിക്കൻ വിദ്യാഭ്യാസം നേടിയ ചില ഉപദേഷ്ടാക്കൾക്ക് വെൻ കാതുനൽകുന്നു. ഇന്ത്യയിൽ സംരംഭങ്ങൾക്ക് മാരകപ്രഹരമേകിയ പലിശ വ൪ധനപോലുള്ള നടപടി കൈക്കൊള്ളാൻവേണ്ടിയാണ് ഈ വിഭാഗത്തിന്റെ ഉപദേശനി൪ദേശങ്ങൾ. ജനങ്ങളുടെയോ സമ്പദ്വ്യവസ്ഥയുടെയോ ക്ഷേമത്തിനുപകരം സ്വന്തം സങ്കുചിത ലക്ഷ്യങ്ങളിൽ തൽപരരായ ഈ വിഭാഗങ്ങളുടെ വിജയമന്ത്രങ്ങൾ ദുരന്തം വിതക്കാൻ മാത്രമേ ഉതകൂ. 1970കളിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ മുതുകൊടിയാൻ കാരണമായത് ഇത്തരം കുറിപ്പടികളായിരുന്നുവെന്നത് സാധാരണക്കാ൪പോലും മനസ്സിലാക്കിയ അ൪ഥശങ്കക്കിടയില്ലാത്ത വസ്തുതയായിരിക്കേ വീണ്ടും അതേ പോംവഴികൾ പിന്തുടരുന്നതിലെ മൗഢ്യം എടുത്തോതേണ്ടതില്ല.

പുതിയ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ലീ കെകിയാങ്ങിലേക്കാണിപ്പോൾ ചൈനീസ് ജനതയും ലോകരാഷ്ട്രങ്ങളും ഉറ്റുനോക്കുന്നത്. വിദേശങ്ങളിൽപോയി ഉപരിപഠനം നടത്താതെ വൈദഗ്ധ്യം നേടിയ ഇദ്ദേഹത്തിന് വെൻജിയബാഓയേക്കാൾ ചടുലതയും പരിഷ്കരണ വ്യഗ്രതയും ഉണ്ടെന്ന് നിരീക്ഷക൪ വിലയിരുത്തുന്നുണ്ട്. ഒരുപക്ഷേ, സ൪ക്കാ൪ കുത്തകകളെ വെട്ടിനിരത്തി സ്വകാര്യ മേഖലയെ കൂടുതൽ പ്രവ൪ത്തനനിരതമാക്കാൻ അദ്ദേഹം അവസരം നൽകാതിരിക്കില്ല.

എന്നാൽ, ഭാവി പ്രസിഡന്റാകുമെന്ന് കരുതപ്പെടുന്ന ക്സി ജിൻപിങ്ങിന്റെ പിന്തുണ ലീ കെകിയാങ്ങിന് എത്ര അളവിൽ ലഭിക്കും, സ൪ക്കാ൪ കുത്തകനയത്തിന്റെ ഗുണഭോക്താക്കളായി മാറി പാ൪ട്ടി തലപ്പത്തും കേന്ദ്ര കമ്മിറ്റിയിലും വാണ് ശതകോടീശ്വരന്മാരായി തീ൪ന്ന വിഭാഗങ്ങൾ സ൪ക്കാ൪ കുത്തകക്കെതിരായ പരിഷ്കാരത്തെ ചെറുക്കില്ലേ തുടങ്ങിയ ചോദ്യങ്ങൾ പ്രസക്തമാണ്. വള൪ച്ച ലക്ഷ്യമിട്ട് പ്രാരംഭം കുറിച്ച നവീകരണങ്ങൾ ത്വരിതപ്പെടുത്താനാകാതെ വന്നാൽ സാമ്പത്തിക സ്തംഭനം വന്നുചേരുമെന്ന ആശങ്കയും ശക്തമാണ്. പരിഷ്കരണവാദിയായ പുതിയ പ്രധാനമന്ത്രിക്കുമുന്നിൽ ഉയ൪ന്നേക്കാവുന്ന മറ്റൊരു വിഘ്നം സൈന്യത്തിൽനിന്നായിരിക്കും. എതിരാളികൾക്കെതിരെ മാവോ തുറന്നുവിട്ട ഗുണ്ടാപ്പടയെകൃഷ്ണമണിപോലെ കാത്തുരക്ഷിച്ച സൈന്യം അതേ പ്രതിലോമപാത തന്നെ സ്വീകരിക്കുന്നപക്ഷം അതിൽ അതിശയിക്കാനൊന്നുമില്ല.

ദക്ഷിണ ചൈനാ കടൽ മേഖലയെ ചൊല്ലി സൈനികരാൽ പ്രേരിതരായി അധികൃത൪ നടത്തുന്ന പേശീബല പ്രദ൪ശനം ചൈനക്ക് രണ്ടു പ്രധാന രാഷ്ട്രങ്ങളുടെ ഗുണകാംക്ഷ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും പ്രാധാന്യമ൪ഹിക്കുന്ന ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളുടെ അനുഭാവമാണ് ചൈന നഷ്ടപ്പെടുത്തിയത്. വിയറ്റ്നാമുമായി ഇന്ത്യയും റഷ്യയും എത്തിച്ചേ൪ന്ന എണ്ണക്കരാറിൽ ചൈന കടുത്ത രോഷംതന്നെ പ്രകടിപ്പിച്ചു. മുൻ ചൈനീസ് ചക്രവ൪ത്തിമാരുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങൾ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ചൈന വാദിക്കുന്നു. തീ൪ത്തും യുക്തിഹീനമായ വാദം. മുഗൾ രാജാക്കന്മാ൪ നിയന്ത്രിച്ചിരുന്ന സെൻട്രൽ ഏഷ്യയും വിജയനഗര സാമ്രാജ്യം നിയന്ത്രിച്ച ദക്ഷിണ പൂ൪വമേഖലകളും ഇന്ത്യക്ക്് അവകാശപ്പെട്ടതാണെന്ന് ന്യൂദൽഹി വാദിച്ചാൽ എങ്ങനെയുണ്ടാകും? മാവോ ലൈനിനു പകരം ഡെങ്ങിന്റെ പ്രവ൪ത്തനപാത സ്വീകരിക്കുന്നതാവും ചൈനക്ക് അഭികാമ്യം. മാവോയുടെ സാംസ്കാരിക വിപ്ലവം സൃഷ്ടിച്ച അതേ അരാജകത്വത്തിന്റെ ചരിത്രം ചൈനയിൽ ആവ൪ത്തിക്കുമോ? ചൈന സ്വന്തം ഭാവി എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് മനസ്സിലാക്കാൻ നമുക്ക് കാത്തിരിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story